ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന രാജാവ്

Tuesday 13 June 2017 8:02 am IST

ഉത്ക്രമണത്തില്‍ കൂടി ഉയര്‍ന്നുവന്ന രാജപദവിയെക്കുറിച്ചുള്ള വേദസങ്കല്‍പം നിരീക്ഷിക്കാം. രാഷ്ട്രസംരക്ഷണം കാര്യക്ഷമമായി ചെയ്യേണ്ട ഉത്തമഭരണാധികാരിയുടെ ഗുണങ്ങളേവ? 'ഇന്ദ്രഃ സുത്രാമാ സ്വവാം അവോഭിഃ സുമൃഡീകോ ഭവതു വിശ്വവേദാഃ ബാധതാം ദ്വേഷോ അഭയം നഃ കൃണോതു സുവീര്യസ്യ പതയഃ സ്യാമ.' (അഥ.7-91-1) (രാജാവ് (സു-ത്രാമാ) ജനങ്ങളെ നല്ലപോലെ സംരക്ഷിക്കുന്നവാനായിരിക്കട്ടെ. (സ്വ-വാം)- സ്വന്തം ശക്തിയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നവനായിരിക്കട്ടെ. (അവോഭിഃ) ശക്തിയുക്തനായിരിക്കട്ടെ. (സുമൃഡികഃ) ജനങ്ങള്‍ക്ക് സഹജമായി സുഖം കൊടുക്കുന്നവനായിരിക്കട്ടെ. (വിശ്വവേദാഃ) സര്‍വവിധജ്ഞാനവും ധനവും ഉള്ളനായിരിക്കട്ടെ. അദ്ദേഹം നമ്മുടെ ശത്രുക്കളെ അകറ്റും. നമ്മെ നിര്‍ഭയരാക്കും, സ്വന്തം പരാക്രമത്തില്‍ക്കൂടി നമ്മെ സമ്പല്‍സമൃദ്ധരാക്കും. പദവിക്ക് ഇളക്കം തട്ടാത്ത ഉറപ്പോടുകൂടി തുടരാന്‍ രാജാവ് എന്തെല്ലാം ശ്രദ്ധിക്കണം? 'ധ്രുവോളച്യുതഃ പ്ര മൃണീഹി ശത്രുന്‍ ശത്രുയതോളധരാന്‍ പാദയസ്വ സര്‍വാ ദിശഃ സംമനസഃ സധ്രീചീഃ ധ്രുവായ തേ സമിതിഃ കല്‍പതാമിഹ.' (അഥ. 6-88-3) (രാജാവ് സ്വന്തം കര്‍ത്തവ്യം നിര്‍വഹിച്ച് സ്ഥിരത നേടണം. കര്‍ത്തവ്യഭ്രഷ്ടനാകരുത്. ശത്രുക്കളെ നശിപ്പിക്കണം, ശത്രുത്വം പുലര്‍ത്തുന്നവരെ ഒഴിപ്പിക്കണം, സകല ജനങ്ങളും സമാനമായ സദ്വിചാരമുള്ളവരായിരിക്കണം. രാജ്യത്തിന്റെ സ്ഥിരതയ്ക്കുവേണ്ടി രാജാവ് രാഷ്ട്രസമിതി ഉണ്ടാക്കണം.) രാജാവിന്റെ സ്ഥിരതയ്ക്ക് രാഷ്ട്രസമിതിയാണ് മുഖ്യഘടകം എന്ന് ഇവിടെ സ്പഷ്ടമാക്കിയിരിക്കുന്നു. രാജാവിന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞതെല്ലാം ശരിതന്നെ. എന്നാല്‍ മുഖ്യപ്രശ്‌നം അവശേഷിക്കുന്നു, ആരാണ് രാജാവിന്റെ അസ്തിത്വഹേതു? അതിന് ഉത്തരമാണ് ജനം അഥവാ പ്രജ. ജനമാണ് രാജാവിന്റെ കര്‍ത്താവ്. ഗ്രാമത്തിലെ ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. രാഷ്ട്രത്തിലെ ആളുകള്‍ രാഷ്ട്രസമിതിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. ഈ സഭാംഗങ്ങള്‍ തങ്ങള്‍ക്കിടയില്‍നിന്ന് മന്ത്രിമണ്ഡലത്തെ തെരഞ്ഞെടുക്കുന്നു. ഈ മന്ത്രിമണ്ഡലത്തില്‍നിന്ന് അവര്‍ ശൂരനായ ഒരു വീരനെ യോഗ്യനായി കണ്ടെത്തി അദ്ദേഹത്തെ രാജപീഠത്തില്‍ അവരോധിക്കുന്നു. 'യേ രാജാനോ രാജകൃതഃ സുതാഃ ഗ്രാമണ്യശ്ച യേ ഉപസ്തീന്‍ പര്‍ണ മഹ്യം ത്വം സര്‍വാന്‍ കൃണു അഭിതോ ജനാന്‍.' (അഥ. 3-5-7) ഭരിക്കുന്നവരാണ് രാജകൃതന്മാര്‍-രാജാവിനെ നിര്‍മ്മിക്കുന്നവര്‍. അവര്‍ സൂതന്മാരും ഗ്രാമനേതാക്കളുമാണ്. അവരെയെല്ലാം രാജാവ് അനുകൂലമാക്കി നിര്‍ത്തണം). ജനങ്ങള്‍ രാജാവിന് അനുകൂലമായിരിക്കുമ്പോള്‍ ആ രാജാവിന്റെ സ്ഥാനം സുഭദ്രവും സ്ഥിരവുമായിരിക്കും. അതിനെക്കുറിച്ചു പിന്നേയും പറയുന്നു. 'ത്വാം വിശോ വൃണതാം രാജ്യായ ത്വാം ഇമാഃ പ്രദിശഃ പഞ്ച ദേവീഃ വര്‍ഷ്മന്‍ രാഷ്ട്രസ്യ കകുദി ശ്രയസ്വ തതോ ന ഉഗ്രോ വി ഭജാ വസൂനി.' (അഥ. 2-4-2) അല്ലയോ രാജാവേ, നാലുപാടും താമസിക്കുന്ന അഞ്ചുകൂട്ടം ജനങ്ങള്‍ രാജ്യത്തിന്റെ അധികാരപദവിയിലിരുത്താന്‍ താങ്കളെ തെരഞ്ഞെടുത്തിരിക്കുന്നു. സാമര്‍ത്ഥ്യശാലിയായി താങ്കള്‍ രാജ്യത്തിന്റെ ഉച്ചസ്ഥാനത്തില്‍ വിരാജിക്കുക. തുടര്‍ന്ന് ഞങ്ങളെ ധനധാന്യസമ്പന്നരാക്കുക. ഭരണം നടത്തിക്കൊണ്ടുപോകാന്‍ പണച്ചെലവുണ്ട്. രാജാവ് അതെങ്ങനെ കണ്ടെത്തും? അതിനാണ് കരം. അതിനെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശമുണ്ട്. യദ് രാജാനോ വിഭജന്ത ഇഷ്ടാപൂര്‍തസ്യ ഷോഡശം യമസ്യാമീ സഭാസദഃ അവിഃ തസ്മാത് പ്ര മുഞ്ചതി ദത്തഃ ശിതിപാത് സ്വധാ. (അഥ.3-29-1) രാജാവ് പ്രജകളില്‍നിന്ന് ഉല്‍പ്പന്നത്തിന്റെ പതിന്നാറിലൊന്ന് വസൂലാക്കണം. രാജാവിനെ ഉപദേഷ്ടാക്കളായ രാഷ്ട്രസഭാംഗങ്ങള്‍ അതിന് പിന്തുണയ്ക്കണം. ഇതാണ് സംരക്ഷണകരം (അവിഃ) അതുപയോഗിച്ച് പ്രജകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നു. ഇവിടെ ഉല്‍പ്പന്നത്തിന്റെ പതിന്നാറിലൊരംശം പിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. പില്‍ക്കാലത്തെ സ്മൃതിഗ്രന്ഥങ്ങളില്‍ അത് ആറിലൊരംശമായി പറഞ്ഞിരിക്കുന്നു. അതായത്, കാരണങ്ങള്‍ എന്തൊക്കെയാണെങ്കിലും വേദകാലത്തേക്കാള്‍ സ്മൃതികാലത്തില്‍ ഭരണച്ചെലവ് കൂടി എന്നു മനസ്സിലാകുന്നു. ഉദാഹണം സങ്കല്‍പ്പിച്ചുപറഞ്ഞാല്‍ വേദകാലത്ത് 100 രൂപ വരുമാനമുള്ളയാള്‍ രാജഭണ്ഡാരത്തിലേക്ക് 6 രൂപ കൊടുക്കേണ്ടിയിരുന്നപ്പോള്‍ സ്മൃതി കാലത്തില്‍ അത് 16 രൂപ ആയി. പ്രജകളെ ക്ഷാമത്തിലും ആപത്തിലും ആക്രമണത്തിലും നിന്ന് രക്ഷിക്കുക മാത്രമായിരുന്നില്ല രാജാവിന്റെ കര്‍ത്തവ്യം. സംസ്‌കാരവല്‍ക്കരണത്തില്‍ക്കൂടി പ്രജയെ സുപ്രജയാക്കുക എന്നതും രാജാവില്‍ നിക്ഷിപ്തമായ കര്‍ത്തവ്യമായിരുന്നു. അതിനുവേണ്ട വിധി നിഷേധങ്ങള്‍ കണിശമായി നടപ്പാക്കേണ്ട ഭാരം രാജാവിന്റേതായിരുന്നു. 'ബ്രഹ്മദ്വിഷേ ക്രവ്യാദേ ഘോരചക്ഷസേ ദ്വേഷോ ധത്തമനവായം കിമീദിനേ.' (അഥ.8-4-2) (ഉല്‍കൃഷ്ടമായ അറിവിനെ വെറുക്കുന്നവരും പച്ചമാംസം കഴിക്കുന്നവരും കണ്ടതെല്ലാം വാരിക്കോരി അകത്താക്കുന്നവരും കൊതി വിട്ടുമാറാത്തവരും കണ്ണില്‍ ക്രൂരത നിറഞ്ഞവരുമായ ഒട്ടേറെ പേര്‍ സമൂഹത്തിലുണ്ടാകും.) ഇതിനും പുറമെ 'ഉലുകയാതും ശുശുലുകയാതും ജഹി ശ്വയാതുമുത കോകയാതും, സുപര്‍ണയാതുമുതഗൃധ്രയാതും ദൃഷദേവ പ്ര മൃണ രക്ഷ ഇന്ദ്ര.' (അഥ- 8-4-22) (മൂങ്ങയെപ്പോലെ അജ്ഞാനി, ചെന്നായയെപ്പോലെ ക്രോധി, നായയെപ്പോലെ കടിപിടികൂടുന്നവന്‍, പ്രാവിനെപ്പോലെ അതികാമി, പരുന്തിനെപ്പോലെ പൊങ്ങച്ചം ചമയുന്നവന്‍, കഴുകനെപ്പോലെ ലോഭി-ഇവരില്‍നിന്നെല്ലാം ഹേ ഇന്ദ്ര രക്ഷിക്കുക). സമൂഹത്തിന്റെ ധാര്‍മികനിലവാരം ഇടിച്ചുതാഴ്ത്തുന്നവരാണിവര്‍, ആത്യന്തികമായി സമൂഹഘാതകന്മാര്‍. അവരെയൊക്കെ ഇല്ലാതാക്കി സമൂഹത്തിന്റെ നിലവാരം ഉയര്‍ത്തുകയാണ് രാജാവിന്റെ കടമ. (വേദമൂര്‍ത്തി പണ്ഡിത സാത്‌വലേക്കറുടെ 'മാതൃഭൂമി ആണി സ്വരാജ്യശാസ്യന്‍' എന്ന മറാഠി ഗ്രന്ഥത്തിന് എഴുതിയ മുഖവുരയുടെ സംഗ്രഹത്തില്‍നിന്ന്. കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച രാഷ്ട്രചിന്തനം വേദങ്ങളില്‍ എന്ന പുസ്തകത്തില്‍നിന്ന്. പരിഭാഷ: ആര്‍. ഹരി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.