മൂന്നാറില്‍ നിയമം നോക്കുകുത്തിയോ?

Monday 12 June 2017 11:28 pm IST

മൂന്നാറിലെ കയ്യേറ്റങ്ങള്‍ വീണ്ടും വാര്‍ത്തയാവുകയാണ്. മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ നിയമസഭാസമിതിയുടെ റിപ്പോര്‍ട്ടാണ് ഒടുവില്‍ വിഷയം സജീവമാക്കിയത്. സര്‍വ നിയമങ്ങളും ലംഘിച്ച് ഭൂമി കയ്യേറ്റങ്ങളും അനധികൃത കെട്ടിടങ്ങളും പെരുകയാണെന്നാണ് നിയമസഭാ പരിസ്ഥിതി സമിതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിയമലംഘനം നടത്തി നിര്‍മ്മിച്ച 130 കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നുണ്ട്. നിയമസഭാ സമിതികള്‍ ഇമ്മാതിരി നിരവധി റിപ്പോര്‍ട്ടുകള്‍ നിയമസഭയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. അവ തുറന്നുനോക്കാനോ നടപടികളിലേക്ക് നീങ്ങാനോ ഒരു സര്‍ക്കാരും താല്‍പര്യം കാട്ടാറില്ല. ഭൂമി കയ്യേറ്റത്തെകുറിച്ചും മൂന്നാറിലെ അനധികൃത കെട്ടിടനിര്‍മ്മാണങ്ങളെക്കുറിച്ചും നിയമസഭയിലും പരാതികളും പരിഭവങ്ങളും ഉയരാറുണ്ട്. അവയൊക്കെ വനരോദനമായി മാറുന്നതാണ് കണ്ടുവരുന്നത്. വി.എസ്. അച്യുതാനന്ദന്‍ 2006ല്‍ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തശേഷം കയ്യേറ്റ ഭൂമികള്‍ ഏറ്റെടുക്കാനും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനും ശക്തമായ തീരുമാനമെടുത്തിരുന്നു. പക്ഷേ അത് പാതിവഴിക്ക് ഉപേക്ഷിച്ചുപോകുന്നതാണ് കണ്ടത്. ഭരണ-പ്രതിപക്ഷ നേതാക്കളെല്ലാം കയ്യേറ്റക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് അന്നുണ്ടായത്. ഇന്നും സ്ഥിതി മറിച്ചല്ല. രാഷ്ട്രീയപാര്‍ട്ടി ഓഫീസുകളും കെട്ടിടങ്ങളും കള്ളപട്ടയങ്ങളുടെ ബലത്തില്‍ കെട്ടിപൊക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രവീന്ദ്രന്‍ പട്ടയമെന്നപേരില്‍ അറിയപ്പെടുന്ന വ്യാജ പട്ടയം ഉപയോഗിച്ച് പതിനായിരക്കണക്കിനേക്കര്‍ ഭൂമിയാണ് പലരും വെട്ടിപ്പിടിച്ചതെന്ന് ബോദ്ധ്യമായതാണ്. മൂന്നാര്‍ മേഖലയില്‍ ഭൂമികയ്യേറ്റം വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 2007 മേയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഒരു പ്രത്യേക ദൗത്യസംഘത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി നിയോഗിച്ചിരുന്നു. കെ. സുരേഷ്‌കുമാര്‍ ഐഎഎസ്, ഋഷിരാജ് സിങ് ഐപിഎസ്., രാജു നാരായണസ്വാമി ഐഎഎസ് എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ സുരേഷ്‌കുമാറാണ് രവീന്ദ്രന് പട്ടയം നല്‍കാന്‍ അധികാരമില്ലെന്നും അദ്ദേഹം നല്‍കിയ പട്ടയങ്ങള്‍ വ്യാജമെന്ന ഗണത്തില്‍െപ്പടുത്തണമെന്നും വാദിച്ചത്. തുടര്‍ന്ന് രവീന്ദ്രന്‍ പട്ടയം എന്ന പദത്തിനു വ്യാപകപ്രസിദ്ധി ലഭിക്കുകയുണ്ടായി. എന്നാല്‍ അക്കാലത്തെ ഭരണ മുന്നണിയായ എല്‍ഡിഎഫിലെ പ്രധാന കക്ഷികളായിരുന്ന സിപിഎം- സിപിഐ കക്ഷികളുടേതുള്‍പ്പെടെയുള്ളവരുടെ ഓഫീസുകളടക്കമുള്ള സ്ഥലങ്ങളുടെ പട്ടയങ്ങള്‍ രവീന്ദ്രന്‍ ഒപ്പിട്ടതായതിനാല്‍ അവയ്ക്ക് ഭാഗികമായി സാധൂകരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വി.എസ്. അച്യുതാനന്ദന്‍, രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ ഭാഗികമായി അകൃത്രിമമാണെന്ന് അവകാശപ്പെട്ടതും എതിര്‍പ്പിനു കാരണമായിരുന്നു. ഇത് കോടതിയുടെ വരെ പ്രതികൂലപരാമര്‍ശത്തിനു വഴിതെളിക്കുകയും ചെയ്തു. പട്ടയങ്ങളാണു താന്‍ നല്‍കിയതെന്നും ഇവയെല്ലാം നിയമാനുസരണമാണു കൊടുത്തതെന്നും രവീന്ദ്രന്‍ വിശദീകരിക്കുകയുണ്ടായി. 4251 ഹെക്ടര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിതരണം ചെയ്യപ്പെട്ടത്. ദേവികുളം താലൂക്കില്‍ കെഡിഎച്ച് വില്ലേജില്‍ 127 പട്ടയങ്ങളാണ് എം.ഐ.രവീന്ദ്രന്‍ ഒപ്പിട്ടു നല്‍കിയത്. തനിക്ക് പട്ടയം നല്‍കാന്‍ അന്നത്തെ കളക്ടറാണ് അധികാരം നല്‍കിയതെന്നു രവീന്ദ്രന്‍ പറയുകയുണ്ടായി. മൂന്നാര്‍ ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ രവീന്ദ്രന്‍ പട്ടയങ്ങളുടെ സാധുത ആദ്യമൊന്നും ചോദ്യം ചെയ്പ്പെട്ടിരുന്നില്ല. രവീന്ദ്രന്‍ പട്ടയമനുസരിച്ചുള്ള ഭൂമിയില്‍ പണിത ധന്യശ്രീ റിസോര്‍ട്ട് പൊളിക്കാനൊരുങ്ങിയപ്പോഴാണ് ഈ പ്രശ്‌നം ഗൗരവമായത്. രവീന്ദ്രന്‍ പട്ടയങ്ങള്‍ ഏറെയും നല്‍കിയിരിക്കുന്നത് അഞ്ചും പത്തും സെന്റിനാണെന്നിരിക്കെ ചെറുകിടക്കാരെ ഒഴിപ്പിക്കരുതെന്ന വാദവുമായി പിന്നീട് പലരും രംഗത്തെത്തി. പക്ഷേ വിസ്തീര്‍ണം അഞ്ചു സെന്റാണെങ്കിലും കോടികളുടെ ബഹുനില മന്ദിരം അവിടെ ഉയര്‍ത്തിയാല്‍ മുഖംതിരിച്ചു നില്‍ക്കാനാകില്ലെന്ന നിലപാട് ദൗത്യസംഘത്തലവന്‍ സുരേഷ്‌കുമാര്‍ കൈക്കൊണ്ടതോടെ ഈ ആവശ്യവും നിലനില്‍ക്കില്ലെന്നു വന്നു. രവീന്ദ്രന്‍ 530 പട്ടയങ്ങളാണ് കൊടുത്തിട്ടുള്ളതെങ്കിലും, ആയിരക്കണക്കിനു പട്ടയങ്ങള്‍ രവീന്ദ്രന്റെ കള്ളയൊപ്പിട്ട് ദേവികുളം താലൂക്കില്‍ വിതരണം ചെയ്തിരുന്നതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു. അടുത്തിടെ കൈയേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തെറിപ്പിക്കാന്‍ അണിയറിയില്‍ അവിശുദ്ധ തന്ത്രങ്ങള്‍ ഒരുക്കുന്നു. ക്വാറി-റിസോര്‍ട്ട്-ഭൂ മാഫിയകളുടെ സമ്മര്‍ദത്തിനു വഴങ്ങി സിപിഎം-സിപിഐ പാര്‍ട്ടികളുടെ ഇടുക്കി ജില്ലാ നേതൃത്വങ്ങളാണ് ഇതിനു പിന്നില്‍. സബ് കളക്ടറെ നീക്കുന്നതിനോട് റവന്യൂ മന്ത്രിക്കും സിപിഐയുടെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനും യോജിപ്പില്ല. മൂന്നാറിനെ രക്ഷിക്കാന്‍ അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് നിയമസഭാ സിമിതി നിര്‍ദേശിച്ചിരുന്നത്. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന്റെ കരുത്തിനു മുന്നില്‍ വഴങ്ങുമെന്നുറപ്പായി. മൂന്നാറും പശ്ചിമഘട്ടവുമെല്ലാം കയ്യേറ്റക്കാരാല്‍ നശിച്ചാല്‍ പിന്നെ കേരളമില്ല. അതുകൊണ്ട് താത്കാലിക രാഷ്ട്രീയ ലാഭം നോക്കാതെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും തടഞ്ഞേ പറ്റൂ. അതിനായി പരിശ്രമിക്കുമ്പോള്‍ നിയമം നോക്കുകുത്തിയാകരുത്. പരിസ്ഥിതിക്കനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാവുകതന്നെ വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.