ഹോട്ടലുകളില്‍ പരിശോധന പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു

Tuesday 13 June 2017 1:32 am IST

കോഴിക്കോട്: കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കുവച്ച പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ ആറ് ഹോട്ടലുകളില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് കേടായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. ഹോട്ടലുകള്‍ക്ക് 18,500 രൂപ പിഴയും ചുമത്തുകയും കുറ്റകരമായ അനാസ്ഥ കാണിച്ച ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. തിങ്കളാഴ്ച തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷനിലെ കെഎല്‍ 11 അടുക്കള എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെതുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. കെഎല്‍ 11 അടുക്കള ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഹോട്ടലിന് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവിടെ മാലിന്യം നിറഞ്ഞ സാഹചര്യമാണുള്ളത്. ബൈപ്പാസിലെ സോപാനം ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ അഞ്ച് ലിറ്റര്‍ എണ്ണയും ഫ്രിഡ്ഷില്‍ സൂക്ഷിച്ചിരുന്ന മസാലക്കറിയും പിടിച്ചെടുത്തു. ഈ ഹോട്ടലിലെ പാചക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്നും വ്യക്തമായി. മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഹോട്ടലില്‍ സൗകര്യവുമില്ല. സോപാനം ഹോട്ടലിന് 2500 രൂപ പിഴ ചുമത്തി. മജ്‌ലിസ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയും ചോറും ചപ്പാത്തിയും പിടിച്ചെടുത്തു. അഞ്ച് കിലോഗ്രാം ഗ്രില്‍ഡ് ചിക്കന്‍, അഞ്ച് കിലോഗ്രാം ചോറ്, ഒരു കിലോഗ്രാം മീന്‍ വറുത്തത്, രണ്ട് കിലോഗ്രാം ഇറച്ചിക്കറി എന്നിവയാണ് പിടിച്ചെടുത്തത്. ഇവിടെ മുമ്പും പരിശോധന നടത്തിയിരുന്നതിനാല്‍ അഞ്ചാം നിലയില്‍ ഐസ്‌ക്രീം സൂക്ഷിക്കുന്ന ഫ്രീസറില്‍ രഹസ്യമായാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈ ഹോട്ടലിന് 10,000 രൂപ പിഴചുമത്തി. അല്‍ ഖയര്‍ ഹോട്ടലില്‍ നിന്ന് 10 കിലോഗ്രം തന്തൂരി, ഗ്രില്‍ഡ് ചിക്കന്‍ പിടിച്ചെടുത്തു. രണ്ട് ലിറ്റര്‍ പഴകിയ മീന്‍കറി, നാല് ലിറ്റര്‍ പഴകിയ എണ്ണ, അഞ്ച് കിലോഗ്രാം ചോറ് എന്നിവ കണ്ടെടുത്തു. പ്യുവര്‍ സൗത്ത് ഹോട്ടലില്‍ നിന്ന് പഴകിയ ചപ്പാത്തി പിടികൂടി. ഇവര്‍ക്ക് 5000 രൂപ പിഴയിട്ടു. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലാഇറ പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.