കോണ്‍ഗ്രസ് ഭരണത്തിലെ ഗുജറാത്ത് കലാപങ്ങള്‍

Tuesday 13 June 2017 1:00 am IST

  2002 ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ ലഹളയുടെ പ്രധാന കാരണം സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്റെ എസ്-6 ബോഗിക്ക് തീയിടുകയും അതിലെ 59 ഹിന്ദുക്കളെ ചുട്ടെരിക്കുകയും അതിലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ്. പക്ഷേ ഈ നഗ്നസത്യം വളരെ ലഘൂകരിച്ചാണ് ഇംഗ്ലീഷ് ദിനപത്രങ്ങളും ചാനലുകളും മലയാള പത്രങ്ങളും പ്രസിദ്ധീകരിച്ചതും പ്രചരിപ്പിച്ചതും. നാല് മണിക്കൂര്‍ വൈകിയാണ് സബര്‍മതി എക്‌സ്പ്രസ് ഗോധ്രയില്‍ എത്തുന്നത്. സമയം രാവിലെ 7.10. ആ സമയത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 2000 ല്‍ അധികം മുസ്ലിങ്ങള്‍ സംഘടിച്ചിരുന്നു. അവര്‍ പെട്ടെന്ന് അവിടെ തടിച്ചുകൂടിയതാകില്ലല്ലോ? രാത്രി മുഴുവനും ഉറക്കമിളച്ച് എന്തിനോവേണ്ടി തയ്യാറായിട്ടല്ലേ അവര്‍ അവിടെ തടിച്ചുകൂടിയത്? ഈ സത്യം പല ലേഖകന്മാരും അറിഞ്ഞതായി നടിക്കുന്നില്ല! സോണിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘവും ഗോധ്രയില്‍ വന്ന് കത്തിനശിച്ചുകിടക്കുന്ന ബോഗി കണ്ടു മടങ്ങിയതല്ലാതെ യാതൊരുവിധത്തിലുമുള്ള പ്രതികരണവും നടത്തിയില്ല. 2002 ലെ വര്‍ഗീയ കലാപത്തെ ബിജെപിക്കും നരേന്ദ്രമോദിക്കും എതിരായ ആയുധമാക്കുന്നവര്‍ അതിന് മുന്‍പ് കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കുനേരെ ബോധപൂര്‍വം കണ്ണടയ്ക്കുകയാണ്. സ്വാതന്ത്ര്യത്തിന് മുന്‍പും (1941) ഗുജറാത്തില്‍ വര്‍ഗീയ ലഹള നടന്നു. ഏപ്രില്‍ മാസത്തില്‍ ലഹള തുടങ്ങിയതുകാരണം കോണ്‍ഗ്രസിന്റെ നിസ്സഹകരണ പ്രസ്ഥാനം സെപ്തംബര്‍വരെ നിര്‍ത്തിവച്ചു. 1965 ല്‍ രണ്ട് സിഖ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ മുസ്ലിങ്ങള്‍ കൊന്നുകളഞ്ഞതു കാരണം അഹമ്മദാബാദില്‍ സിഖ്-മുസ്ലിം ലഹള പടര്‍ന്നുപിടിച്ചു. 69 പേര്‍ മരിച്ചിരുന്നു. 1969 ല്‍ ഗുജറാത്തില്‍ നടന്ന ഏറ്റവും ഭീകരമായ വര്‍ഗീയലഹള കോണ്‍ഗ്രസിന്റെ ഹിതേന്ദ്ര ദേശായ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. രണ്ട് മാസത്തോളം ഈ ലഹള നീണ്ടുനിന്നു. 5000 അധികം പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. ലഹളയുടെ മൂര്‍ദ്ധന്യത്തില്‍ അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഖന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ ഗുജറാത്തില്‍ വരുകയും ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അതിനുശേഷം സ്ഥിതിഗതികളുടെ രൂക്ഷത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരയെ ധരിപ്പിക്കുകയും അവര്‍ ദ്വേഷ്യത്തോടുകൂടി ഗുജറാത്തില്‍ വരുകയും ചെയ്തു. ലഹള ഒതുക്കുവാനുള്ള സത്വരനടപടികള്‍ സ്വീകരിച്ചു. ഇതിനുശേഷമാണ് ലഹള അടങ്ങിയത്. ഈ ലഹളയെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് ജഗ്‌മോഹന്‍ റെഡ്ഡി കമ്മീഷന്‍ തന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു. ''1960 മുതല്‍ 1969 വരെ 2938 ലഹള നടന്നു. ശരാശരി നാല് ദിവസം കൂടുമ്പോള്‍ മൂന്ന് ലഹള എന്നനിരക്കില്‍.'' 1985 ല്‍ സംവരണത്തിന് എതിരായ സമരം വര്‍ഗീയമാക്കിമാറ്റാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മാധവ്‌സിംഗ് സോളങ്കിയും കൂട്ടരും ശ്രമിച്ചിരുന്നു. ആറ് മാസത്തോളം ഈ ലഹള നീണ്ടുനിന്നു. ഇത് അന്വേഷിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന വി.എസ്. ദവേ, തന്റെ റിപ്പോര്‍ട്ടില്‍ ഗുജറാത്തില്‍ 1714 മുതലുള്ള ഹിന്ദു-മുസ്ലിം ലഹളകളെ പരാമര്‍ശിക്കുമ്പോള്‍ മുഗളഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും ഗുജറാത്തില്‍ വര്‍ഗീയലഹളയുണ്ടായിരുന്ന കാര്യം പ്രത്യേകം പറയുകയുണ്ടായി. ലഹളയില്‍പ്പെട്ട് 200 പേര്‍ അന്ന് മരിച്ചിരുന്നു. 1986 ല്‍ അമര്‍സിങ് ചൗധരിയെന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുമ്പോഴും വര്‍ഗീയലഹളയുണ്ടായി. അന്ന് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പിന്നീട് സോണിയയുടെ ഉപദേഷ്ടാവായി മാറിയ അഹമ്മദ് പട്ടേലും, കേന്ദ്രത്തില്‍ ആഭ്യന്തരമന്ത്രി ചിദംബരവുമായിരുന്നു. ഈ ലഹളയില്‍ ഏകദേശം 70 പേര്‍ മരിച്ചതായി പറയപ്പെടുന്നു. ലഹള ഒതുക്കാന്‍ പട്ടാളത്തെ നിയോഗിക്കുകയുണ്ടായി. ദിവസങ്ങളോളം നിശാനിയമം ഉണ്ടായിരുന്നു. ഇതുകാരണം ജനങ്ങള്‍ക്കും ഭക്ഷണം, പാല്‍ തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ ലഭിക്കാതെ പട്ടിണികിടക്കേണ്ടിവന്നിട്ടുണ്ട്. 1986 നുശേഷം 1990-91, 1992 കാലഘട്ടത്തിലും വര്‍ഗീയലഹളകള്‍ ഉണ്ടായിരുന്നു. (1986 ന് മുന്‍പ് 1980 ലും 1982 ലും കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു). അന്നൊക്കെ അവിടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ മാധവ് സിങ് സോളങ്കി, ചിമന്‍ഭായ് പട്ടേല്‍ തുടങ്ങിയവരൊക്കെ ആയിരുന്നു. 2002 ലെ ലഹളയെപ്പറ്റി അന്വേഷിച്ച നാനാവതി കമ്മിഷന്‍ 2014 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ ഗോധ്ര സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്നും, ആര്‍പിഎഫില്‍നിന്നും പിരിച്ചുവിട്ട ഓഫീസറായ നാനുമിയ എന്നയാളും ഗോധ്ര പള്ളിയിലെ മൗലവി ഹുസൈന്‍ ഹാജി ഇബ്രാഹിം ഉമര്‍ജി എന്നയാളും ചേര്‍ന്നുണ്ടാക്കിയ പദ്ധതിയാണ് ട്രെയിന്‍ കത്തിക്കലെന്നും, അതുവഴി ജനങ്ങളില്‍ ഭീതിപരത്താനും സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും വേണ്ടിയാണെന്നും കമ്മീഷന്‍ വ്യക്തമായി പറയുന്നു. ലഹളയില്‍ മുഖ്യമന്ത്രി നരേന്ദ്രമോദിക്കോ മറ്റുമന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പങ്കുമില്ലെന്നും, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ നടപടികളും ലഹള ഒതുക്കുവാനും ലഹള ബാധിതരെ പുനരധിവസിക്കാനും കൈക്കൊണ്ടതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.