ആറളം ഫാം ജനവാസകേന്ദ്രത്തില്‍ വീണ്ടും കാട്ടാന സാന്നിധ്യം

Thursday 16 March 2017 10:12 pm IST

ഇരിട്ടി: കാട്ടിലേക്ക് തിരിച്ചുവിട്ട കാട്ടാനകള്‍ വീണ്ടും ജനവാസകേന്ദ്രത്തിലേക്ക് തിരിച്ചെത്തി. ആറളം ഫാം ജനവാസ കേന്ദ്രത്തില്‍ താവളമടിക്കുന്ന കാട്ടാനകളെ 48 മണിക്കൂറിനുള്ളില്‍ തുരത്തി കാട്ടിലേക്ക് വിടണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് വനം വകുപ്പും പോലീസും ചേര്‍ന്ന് കാട്ടിലേക്ക് കയറ്റിവിട്ട കാട്ടനകളില്‍ രണ്ടെണ്ണമാണ് തിരികെയെത്തിയത്. കഴിഞ്ഞ ആഴ്ച കാട്ടാനയുടെ അക്രമത്തില്‍ ആദിവാസി വീട്ടമ്മ മരിക്കാനിടയായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമുയരുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പരിഹാരമെന്ന നിലയില്‍ എത്രയും പെട്ടെന്ന് ആനകളെ ജനവാസ കേന്ദ്രത്തില്‍ നിന്നും തുരത്തി കാട്ടിലേക്ക് വിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് കണ്ണവം, കൊട്ടിയൂര്‍, ആറളം വൈല്‍ഡ് ലൈഫ്, വനം വകുപ്പിന്റെ ഫ്‌ളയിങ് സ്‌ക്വാഡ്, റാപ്പിഡ് റസ്‌പോന്‍സ് ടീം എന്നിവയുടെ നേതൃത്വത്തില്‍ അന്‍പതോളം ജീവനക്കാര്‍ ചേര്‍ന്നാണ് മൂന്നാനകളെ ആനമതില്‍ പൊളിച്ച് വനത്തിലേക്ക് ഓടിച്ചത്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ കഴിയുന്ന ആക്രമകാരിയായ ചുള്ളിക്കൊമ്പനെ തിരികെ അയക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം കാട്ടിലേക്ക് കയറ്റിവിട്ട കാട്ടാനകള്‍ തിരിച്ചെത്തിയതായി വനം വകുപ്പ് അധികൃതര്‍ കണ്ടെത്തുന്നത്. ആനകള്‍ വീണ്ടും ജനവാസ മേഖലയിലേക്ക് കടന്നത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയിരിക്കയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.