ഭക്ഷണശാലാ റെയ്ഡുകള്‍ പ്രഹസനമാകുന്നു

Thursday 16 March 2017 10:32 pm IST

ഏറ്റുമാനൂര്‍: കൊട്ടിഘോഷിച്ച് നഗരസഭ നടത്തിയ ഹോട്ടലുകളില്‍ റെയ്ഡുകള്‍ പ്രഹസനമെന്ന് തെളിയിക്കുന്ന വിവരാവകാശരേഖകള്‍. ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ തട്ടുകട വരെ ഇരുപതില്‍ പരം കടകളില്‍ റെയ്ഡ് നടത്തി ഒട്ടേറെ ഭക്ഷണ സാധനങ്ങള്‍ പിടിച്ചിട്ടും കാര്യമായ നടപടികള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. സാമൂഹിക പ്രവര്‍ത്തകനായ മോന്‍സി.പി. തോമസ് വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് നഗരസഭയുടെ റെയ്ഡ് പ്രഹസനമായിരുന്നുവെന്ന് വെളിവാക്കുന്ന രൂപത്തിലുള്ള മറുപടി ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി 3നാണ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ മിന്നല്‍പരിശോധന നടന്നത്. ഹോട്ടലുകള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ പരിശോധന എന്നും അതിനാല്‍ ഹോട്ടലുകളുടെ പേരുവിവരം വെളിപ്പെടുത്തുന്നില്ല എന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാല്‍ തുടര്‍ പരിശോധനകള്‍ ഉണ്ടായില്ല. ഇതേതുടര്‍ന്ന് മോന്‍സി.പി.തോമസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് 21 ഹോട്ടലുകളില്‍ പരിശോധന നടത്തിയ സംഘം 16 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു എന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ പിടിച്ചെടുത്ത ഭക്ഷണം കൂടുതല്‍ പരിശോധനയ്ക്ക് അയച്ചില്ല. റെയ്ഡില്‍ ഏറ്റവും കൂടുതല്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തത് തെള്ളകത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നാണ്. പഴകിയ ഭക്ഷണസാധങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് നഗരസഭ നല്‍കിയത് ന്യൂനതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ്. അതേസമയം ഹോട്ടലുകളില്‍ നിന്ന് പിഴ ചുമത്തിയെന്ന് പറയുന്നുവെങ്കിലും വിവരാവകാശനിയമപ്രകാരം എത്രയാണ് പിഴ ചുമത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അധികൃതര്‍ നല്‍കിയിട്ടില്ല. പത്രങ്ങളില്‍ വാര്‍ത്ത വരുവാനായി പിടിച്ചെടുത്ത ഭക്ഷണത്തോടൊപ്പം നഗരസഭയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിരന്ന് നിന്ന് ചിത്രമെടുത്തതല്ലാതെ കാര്യമായ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം. ഏറ്റുമാനൂരിലെ റെയ്ഡിന് ശേഷം വൈക്കം നഗരസഭ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളുടെ പേരെഴുതി മാതൃകാപരമായി പൊതുജനമദ്ധ്യത്തില്‍ പ്രദര്‍ശിപ്പിച്ചത് ഇതിനിടെ വാര്‍ത്തയായിരുന്നു. പഴകിയ ഭക്ഷണം വിതരണം ചെയ്താലും സ്വാധിനമുണ്ടെങ്കില്‍ ഭയപ്പെടാനൊന്നുമില്ല എന്ന ഹോട്ടലുകാരുടെ ധാരണയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു നഗരസഭയുടെ പരിശോധനയും തുടര്‍ നടപടികളും. ഹോട്ടല്‍ എക്‌സ്‌കാലിബര്‍, തെള്ളകം, ഐശ്വര്യാ ഹോട്ടല്‍, കാരിത്താസ്, ആര്‍ക്കാഡിയാ ഹോട്ടല്‍, തെള്ളകം, മായാ റസ്റ്റോറന്റ്, ഏറ്റുമാനൂര്‍, അമലാ ഹോട്ടല്‍, ഏറ്റുമാനൂര്‍, ആര്യാസ് ഹോട്ടല്‍, ഏറ്റുമാനൂര്‍, മരിയാ ഹോട്ടല്‍, ഏറ്റുമാനൂര്‍ , ബാര്‍ ബി ക്യൂ ഇന്‍, ഏറ്റുമാനൂര്‍, പാലക്കുന്നേല്‍, ഏറ്റുമാനൂര്‍, ജെ.ജെ.തോമസ് ടീ സ്റ്റാള്‍, ഏറ്റുമാനൂര്‍, ജനതാ ഹോട്ടല്‍, ഏറ്റുമാനൂര്‍, തീര്‍ത്ഥം ഹോട്ടല്‍, ഏറ്റുമാനൂര്‍, ഹോട്ടല്‍ ആര്‍.ആര്‍., ഏറ്റുമാനൂര്‍ , ഹോട്ടല്‍ കലവറ, ഏറ്റുമാനൂര്‍, സംസം ഹോട്ടല്‍ ഏറ്റുമാനൂര്‍, വീട്ടില്‍ ഊണ്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റുമാനൂരില്‍ നടന്ന റെയ്ഡില്‍ പഴകിയ ആഹാരം പിടിച്ചെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.