കടക്കെണിയിലായ നെല്‍കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

Tuesday 13 June 2017 12:14 am IST

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി നെല്ലുവില നല്‍കാത്തതിനെത്തുടര്‍ന്ന് കടക്കെണിയിലായ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. നെല്‍കൃഷി ഏക ഉപജീവനമാര്‍ഗ്ഗമായി കണ്ട് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കൃഷി നടത്തുന്ന പാട്ടക്കര്‍ഷകരാണ് നെല്ലുവില യഥാസമയം ലഭിക്കാത്തതിനാല്‍ ജപ്തി ഭീഷണി നേരിടുന്നത്. കഴിഞ്ഞ രണ്ടാം കൃഷിക്ക് സംഭരിച്ച നെല്ലുവിലയില്‍ കുട്ടനാട്ടില്‍ മാത്രം ഇനിയും 26 കോടി രൂപ കര്‍ഷകര്‍ക്കു നല്‍കാനുണ്ട്. പുഞ്ചകൃഷിവിളവെടുപ്പ് ആരംഭിച്ചിട്ടും രണ്ടാം കൃഷിയുടെ നെല്ലുവില കൊടുത്തു തീര്‍ക്കാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥമൂലമെന്നാണ് കര്‍ഷകരുടെ പരാതി. കേന്ദ്രവിഹിതം യഥാസമയം കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. കടക്കെണിയിലായ കര്‍ഷകരെ സംരക്ഷിക്കണമെന്നും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ 18ന് രാവിലെ മങ്കൊമ്പില്‍ കര്‍ഷകരുടെ സത്യഗ്രഹ സമരം നടത്തും. ചങ്ങനാശേരി അതിരൂപത വികാരി ജനറല്‍ ഡോ. മാണി പുതിയിടം ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി, തോമസ് ചാണ്ടി എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.