ജസ്റ്റിസ് കര്‍ണന് അറസ്റ്റ് വാറണ്ട് കൈമാറി

Monday 12 June 2017 9:56 pm IST

കൊല്‍ക്കത്ത: നൂറു പോലീസുകാരുടെ സംരക്ഷണ വലയത്തില്‍ ജസ്റ്റിസ് സി.എസ് കര്‍ണന് സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട് കൈമാറി. കോടതിയലക്ഷ്യക്കേസില്‍ ഈ മാസം പത്തിനാണ് സുപ്രീംകോടതി കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് കര്‍ണന് ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ വാറണ്ടാണ് കൊല്‍ക്കത്ത ഡിജിപി സുര്‍ജിത് കാര്‍ പുരകായസ്ത നേരിട്ടു കൈമാറിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസടക്കം പ്രമുഖര്‍ക്ക് എതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 13ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജസ്റ്റിസ് കര്‍ണന്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്് പുറപ്പെടുവിച്ചത്. ആദ്യമായാണ് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിക്കെതിരെ സുപ്രീംകോടതി ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്. ഈ മാസം 31ന് രാവിലെ പത്തരയ്ക്ക് സുപ്രീംകോടതിയില്‍ ജസ്റ്റിസ് കര്‍ണന്റെ സാന്നിധ്യം ഉറപ്പാക്കും വിധം വാറണ്ട് നടപ്പാക്കാനാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബഞ്ച് ബംഗാള്‍ ഡിജിപിയോട് നിര്‍ദേശിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ ജസ്റ്റിസ് കര്‍ണന്റെ വീട്ടിലെത്തി വാറണ്ട് അദ്ദേഹത്തിനു നേരിട്ടു കൈമാറുകയായിരുന്നു. കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നൂറു പോലീസുകാരെ ജസ്റ്റിസിന്റെ വീടിനു മുന്നില്‍ അണിനിരത്തിയിരുന്നു. സുപ്രീം കോടതിയുമായി നിരന്തരം സംഘര്‍ഷത്തിലായിരുന്ന ജസ്റ്റിസ് കര്‍ണന്റെ നടപടികള്‍ എപ്പോഴും വിവാദമായിട്ടുണ്ട്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സുപ്രീം കോടതിയിലെ ഏഴംഗ ബെഞ്ച് പതിനാലും കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടതാണ് അവസാന സംഭവം. ഫെബ്രുവരി എട്ടു മുതല്‍ നീതിനിര്‍വഹണത്തില്‍ നിന്ന് തന്നെ തടസ്സപ്പെടുത്തിയത് ഇത്രയും തുക നഷ്ടപരിഹാരമായി നല്‍കണം എന്നാവശ്യപ്പെട്ട കര്‍ണന്‍ സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുകയാണ്. ദളിതനായതു കൊണ്ടാണ് തനിക്കെതിരെ ഇത്തരത്തിലുള്ള നടപടികള്‍ തുടരുന്നതെന്നും നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.