പരിയാരം മെഡിക്കല്‍ കോളേജ്: പിജി പ്രവേശനം അനിശ്ചിതത്വത്തില്‍

Friday 17 March 2017 7:58 pm IST

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ മെഡിക്കല്‍ പിജി പ്രവേശനം അനിശ്ചിതത്വത്തിലാകുന്നു. കഴിഞ്ഞ വര്‍ഷം സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഈടാക്കുന്ന ഫീസ് വ്യവസ്ഥയിലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നടത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറയുമ്പോഴും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന അധിക പിജി സീറ്റിനുള്ള അപേക്ഷയില്‍ പരിയാരം മെഡിക്കല്‍ കോളേജിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം മുതല്‍ പിജി സീറ്റ് വര്‍ധിപ്പിക്കുന്നതിന് അപേക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിന് ഈ വര്‍ഷം പിജി സീറ്റില്‍ പത്ത് സീറ്റിന്റെ കുറവുണ്ടാകും. നിയമസഭയില്‍ നേരത്തെ മുഖ്യമന്ത്രി പറഞ്ഞത് അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ ഫീസ്‌നിരക്കിലാണ് അഡ്മിഷന്‍ നടക്കുകയെന്നാണ്. എന്നാല്‍ കേന്ദ്രത്തിന് നല്‍കിയ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിലൂടെ വ്യക്തമാകുന്നത്~കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നാണ്. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബജറ്റില്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനോ തുടര്‍ നടപടികള്‍ക്കോ ഫണ്ട് മാറ്റിവെക്കാത്തതാണ് സംശയത്തിനിട നല്‍കുന്നത്. മെഡിക്കല്‍ കോളേജ് നില്‍ക്കുന്ന സ്ഥലം പൊതുസ്വത്താണെന്നും കോളേജിന്റെ ഭരണം നടക്കുന്നത് ചട്ടം ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടി പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ സമിതി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ഐഎംസി കോളേജ് അധികൃതരോട് വിശദീകരണമാവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ വിശദീകരണം ആവ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് സഹകരണ മേഖലയിലാണ്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ചില കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗത്വം നഷ്ടമായിട്ട് വര്‍ഷങ്ങളായി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നയങ്ങളിലും തീരുമാനങ്ങളിലും ഒന്നിനും വ്യക്തതയില്ലെന്നതാണ് വസ്തുത. മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോയാല്‍ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.