കഞ്ചാവുമായി എറണാകുളം സ്വദേശിയെ പിടികൂടി

Friday 17 March 2017 9:12 pm IST

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ കഞ്ചാവ് വില്‍ക്കാനെത്തിയ എറണാകുളം സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. എറണാകുളം കാഞ്ഞിരമറ്റം ചരണക്കാട്ട് വീട്ടില്‍ ജിനദേവ്(34) നെയാണ് തളിപ്പറമ്പ് എക്‌സൈസ് സിഐ കെ.കെ.ദിനേശനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ രാവിലെ 10.30ന് മദ്രസ റോഡില്‍ പോളിത്തീന് ബാഗില്‍ കഞ്ചാവ് കൈമാറാനുള്ള വ്യക്തിയെ കാത്തുനില്‍ക്കവേയാണ് എക്‌സൈസ് സംഘം ജിനദേവിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് ഒരു കിലോ നൂറ് ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. കമ്പത്തുനിന്നും വാങ്ങിയ കഞ്ചാവ് തളിപ്പറമ്പിലെത്തിക്കാനായിരുന്നു ഇയാള്‍ക്കുള്ള നിര്‍ദ്ദേശമെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കറുത്ത ടീഷര്‍ട്ട് ധരിച്ച് മാര്‍ക്കറ്റ് റോഡില്‍ നിന്നാല്‍ ആളുകള്‍ വന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുപോകുമെന്നായിരുന്നു ഇയാള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ചെറുപൊതികളാക്കി വില്‍പ്പന നടത്തിയാല്‍ 75,000 രൂപയോളം വില മതിക്കുന്നതാണ് പിടികൂടിയ കഞ്ചാവ്. 2017 ല്‍ തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടുന്ന പത്താമത്തെ കഞ്ചാവ് കേസാണിത്. പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവ്, സിഇഒ മാരായ വി.കെ.വിനോദ്, പി.പി.മനോഹരന്‍, പി.സി.പ്രഭുനാഥ്, ഗോവിന്ദന്‍ മൂലയില്‍, കെ.വി.ഷാജി, കെ.വി.പുരുഷോത്തമന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. വടകര നര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.