വെറ്റ്മിക്‌സ് കിട്ടാനില്ല; റോഡ് പണികള്‍ അനിശ്ചിതത്വത്തില്‍

Friday 17 March 2017 10:12 pm IST

കൊടകര: പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വ്വഹണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ റോഡ് ടാറിംഗ് പണികള്‍ നിര്‍വ്വഹിക്കാനാവാതെ കരാറുകാര്‍ വലയുന്നു.ഈ വര്‍ഷം ടാറിങ്ങിന് പ്രത്യേകം തയ്യാറാക്കിയ വെറ്റ് മിക്‌സും ആര്‍.എസ്.1,എസ്.എസ്.1 എന്നീ എമല്‍ഷനുകളും ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ രീതിയില്‍ ചെയ്യുന്ന ടാറിംഗുകള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ എന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പക്ഷേ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്ന വെറ്റ് മിക്‌സും എമല്‍ഷനും ആവശ്യാനുസരണം ലഭ്യമാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.. ബിറ്റുമിന്‍ ഉപയോഗിച്ച് പഴയ രീതിയില്‍ ടാറിംഗ് നടത്തിയാല്‍ നിലവിലുള്ള മാനദണ്ഡമനുസരിച്ച് നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്ക് ബില്ല് ശുപാര്‍ശ ചെയ്യാനുമാവില്ല. മാര്‍ച്ച് അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടാറിങ്ങിനാവശ്യമായ അസംസ്‌കുത വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ കരാറുകാര്‍ അങ്കലാപ്പിലാണ്.പ്രതീക്ഷിക്കാതെ പെയ്ത കനത്ത വേനല്‍ മഴയില്‍ റോഡുകളെല്ലാം നനഞ്ഞുകുതിര്‍ന്നത് മറ്റൊരു പ്രതിസന്ധിയാണ്.റോഡുകള്‍ നല്ല പോലെ ഉണങ്ങാതെ ടാറിങ് നടത്തിയാല്‍ അത് ടാറിങ്ങിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. 5 വര്‍ഷത്തെ ഗ്യാരണ്ടി നല്‍കണമെന്ന് വ്യവസ്ഥയുള്ളതിനാല്‍ കരാറുകാര്‍ പൊതുവെ ടാറിംഗ് വര്‍ക്കുകളുടെ ടെണ്ടറുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സ്ഥിതിയും നിലവിലുണ്ട്. എത്രയും പെട്ടെന്ന് ടാറിങ്ങിനാവശ്യമായ അസംസ്‌കുത വസ്തുക്കളായ വെറ്റ് മിക്‌സും എമല്‍ഷനുകളും കരാറുകാര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ സംസ്ഥാനത്തെ റോഡുകളെല്ലാം കുണ്ടും കുഴിയുമായിത്തന്നെ കിടക്കാനാണ് സാദ്ധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.