ചങ്ങനാശ്ശേരി: മാടപ്പള്ളി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന മാന്നിലക്കുന്നില് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന പ്രദേശത്തെ കിണറുകളെല്ലാം വറ്റി വരണ്ടതോടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വഴിയെത്തുന്ന വെള്ളമാണ് നാട്ടുകാരുടെ ആശ്രയം. മാന്നില ഹോളി ഫാമിലി ചര്‍ച്ചിനു സമീപത്തായിട്ടാണ് പൈപ്പ് പൊട്ടിയത്. കൂവക്കാട് പമ്പ് ഹൗസില്‍ നിന്നും മാന്നിലയിലെ ജലസംഭരണിയിലേയ്ക്ക് വെള്ളം എത്തിച്ച് ഇവിടെ നിന്നാണ് വെള്ളം എത്തിയ്ക്കുന്നത്. ഈ ജലസംഭരണിയിലേയ്ക്കുള്ള പ്രധാന പൈപ്പ് ലൈനാണ് പള്ളിയ്ക്കു സമീപത്ത് പൊട്ടിയിരിക്കുന്നത്. കൂടാതെ മാന്നില കുന്നിന്റെ താഴ്ഭാഗം വരെയത്തി നില്ക്കുന്ന മല്ലപ്പള്ളി പമ്പ് ഹൗസില്‍ നിന്നുള്ള ശുദ്ധജല വിതരണവും മുടങ്ങിയിരിക്കുകയാണ്. മാമ്മൂടിനും മാന്നിലയ്ക്കുമിടയില് രണ്ടിടത്തായി പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി പൊട്ടിയ പൈപ്പ് നന്നാക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നു നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: