വരളുന്ന നിലമ്പൂര്‍ ടൂറിസം

Saturday 18 March 2017 2:30 pm IST

നിലമ്പൂര്‍: കടുത്ത വരള്‍ച്ചയും വനം-ടൂറിസം വകുപ്പിന്റെ അലംഭാവവും പ്രകൃതിയൊരുക്കിയ സൗന്ദര്യത്തെ അകാലചരമത്തിലേക്ക് നയിക്കുന്നു. ലോകപ്രശസ്ത തേക്ക് മ്യൂസിയം അടക്കമുള്ള നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും ജലം കിട്ടാക്കനിയായി മാറയിരിക്കുകയാണ്. ആഢ്യന്‍പാറയിലെ കെഎസ്ഇബിയുടെ പവര്‍ ഹൗസ് അടച്ചുപൂട്ടി. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ദിവസവും എത്തിയിരുന്ന വെള്ളച്ചാട്ടം നിലച്ചു. ഒരുതുള്ളി വെള്ളം പോലും പുഴയിലില്ല. ജില്ലയിലെ പ്രധാന ജലടൂറിസം പ്രോജക്ടുകളാണ് നിലമ്പൂരിലെ ആഢ്യന്‍പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങള്‍. രണ്ട് പദ്ധതികളും പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണിപ്പോള്‍. ഇവിടുത്തെ സാധനസാമഗ്രികള്‍ അധികൃതര്‍ രഹസ്യമായി കക്കയത്തേക്ക് മാറ്റി. നെടുങ്കയം പദ്ധതി നഷ്ടപ്പെട്ടത് അധികൃതരുടെ താല്‍പര്യമില്ലായ്മ മൂലമാണ്. നിലവില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്ന നിലമ്പൂര്‍ കനോലി പ്ലോട്ടാണ്. പക്ഷേ ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. വര്‍ഷന്തോറും അരക്കോടിയിലധികം വരുമാനമുള്ള പദ്ധതിയെ വനംവകുപ്പ് പൂര്‍ണ്ണമായും അവഗണിക്കുകയാണ്. തേക്ക് മ്യൂസിയം മാത്രമാണ് നിലമ്പൂരില്‍ തെറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക ടൂറിസ്റ്റ് കേന്ദ്രം. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ കേരളവര്‍മ്മ പഴശ്ശിരാജാവും സംഘവും ഉപയോഗിച്ചിരുന്ന ഗുഹകളടക്കം നിലമ്പൂര്‍ കാടുകളിലുണ്ട്. എന്നാല്‍ ഇതൊന്നും ടൂറിസവുമായി ബന്ധിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. നിലമ്പൂരിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും തമിഴ്‌നാട് അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലുമുള്ള സൗകര്യങ്ങള്‍ ഇവിടില്ല. ടൂറിസം വകുപ്പിന് താല്‍പര്യവുമില്ല, വനവകുപ്പാകട്ടെ മാവോയിസ്റ്റിന്റെ പേര് പറഞ്ഞ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.