വ്യാജഗാന്ധിമാര്‍ ഇനി എവിടെ മത്സരിക്കും..?

Monday 12 June 2017 4:18 pm IST

ഉത്തര്‍ പ്രദേശിലെ ബിജെപി മുന്നേറ്റത്തില്‍ നെഹ്‌റു കുടുംബത്തിന്റെ കുത്തകയായിരുന്ന റായ്ബറേലിയും അമേത്തിയും കടപുഴകുന്നു. സോണിയയും രാഹുലും പ്രതിനിധീകരിക്കുന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ പത്ത് നിയമസഭാ സീറ്റുകളില്‍ എട്ടെണ്ണത്തിലാണ് ഇത്തവണ താമര വിരിഞ്ഞത്. വ്യാജഗാന്ധിമാരുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംപൂജ്യരായപ്പോള്‍ ബാക്കിയുള്ള രണ്ട് സീറ്റുകള്‍ സമാജ്‌വാദി പാര്‍ട്ടിക്കാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് അമ്മയും മകനും. റായ്ബറേലിയും അമേത്തിയും പിടിച്ചെടുക്കുകയെന്നത് കോണ്‍ഗ്രസ്സില്‍ നെഹ്‌റു കുടുംബത്തെ മുഖ്യശത്രുവായി കാണുന്ന മോദിയുടെ പ്രധാന ലക്ഷ്യമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മോദി ഇതിനായി കരുക്കള്‍ നീക്കിയിരുന്നു. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ പ്രധാന സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്ന പതിവ് മോദി അവസാനിപ്പിച്ചു. രണ്ട് തവണ തുടര്‍ച്ചയായി രാഹുല്‍ വിജയിച്ചിരുന്ന അമേത്തിയില്‍ സ്മൃതി ഇറാനി സ്ഥാനാര്‍ത്ഥിയായെത്തിയത് അങ്ങനെയാണ്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് സ്മൃതി പരാജയപ്പെട്ടത്. വോട്ടെണ്ണലിനിടെ ഒരുഘട്ടത്തില്‍ മുന്നിലെത്താനും രാഹുലിന്റെ ഭൂരിപക്ഷത്തില്‍ രണ്ടരലക്ഷത്തിന്റെ കുറവുണ്ടാക്കാനും സ്മൃതി ഇറാനിക്ക് സാധിച്ചു. 2004ല്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തിനും 2009ല്‍ 3,70,198 വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് രാഹുല്‍ ജയിച്ചത്. 2014ല്‍ ഇത് 1,07,903 ആയി കുറഞ്ഞു. 2009ല്‍ രാഹുലിന് രാഹുലിന് 71.78 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് 14.54 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 5.81 ശതമാനം വോട്ടുമായി മൂന്നാമതായിരുന്നു ബിജെപിയുടെ വിധി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ വോട്ട് ശതമാനം 46.71 ആയി കുറഞ്ഞപ്പോള്‍ സ്മൃതിയുടേത് 34.38 ശതമാനമായി വര്‍ദ്ധിച്ചു. രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി കേന്ദ്രമന്ത്രിസഭയിലെത്തിയതും യാദൃശ്ചികമല്ല. അടുത്ത തെരഞ്ഞെടുപ്പിലും അമേത്തിയില്‍ രാഹുലിനെ നേരിടാനെത്തുന്നത് സ്മൃതി ആയിരിക്കും. അതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. മാസത്തില്‍ ഒരിക്കലെങ്കിലും അവര്‍ അമേത്തി സന്ദര്‍ശിച്ച് ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ മണ്ഡലത്തിച്ചു. രാഹുലിനെയാണെങ്കില്‍ മണ്ഡലത്തില്‍ കണാനുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞ് സ്ത്രീകള്‍ പ്രതിഷേധിച്ചിരുന്നു. രാഹുലിനേക്കാള്‍ മണ്ഡലത്തില്‍ സ്മൃതി ഇറാനിയാണ് നിറഞ്ഞുനില്‍ക്കുന്നത്. അസുഖബാധിതയായ സോണിയ റായ്ബറേലിയില്‍ അടുത്ത തവണ മത്സരിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. യുപിയില്‍ ഇത്തവണ ഒരുദിവസം പോലും പ്രചാരണത്തിന് സോണിയ ഇറങ്ങിയിരുന്നില്ല. സോണിയക്ക് പകരം റായ്ബറേലിയില്‍ ആരാകും മത്സരിക്കുകയെന്ന ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. പ്രിയങ്കയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പ്രിയങ്ക സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സംസാരം. താരപരിവേഷം നല്‍കി പ്രിയങ്കയെ ഇത്തവണ പ്രചാരണത്തിനിറക്കിയെങ്കിലും എട്ടുനിലയിലാണ് പാര്‍ട്ടി പൊട്ടിയത്. പ്രിയങ്ക മത്സരിച്ചാലും പാര്‍ട്ടി രക്ഷപ്പെടില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ശക്തനായ സ്ഥാനാര്‍ത്ഥിയെ ബിജെപി ഇറക്കിയാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകും കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നത്. 1977ല്‍ ജനതാപാര്‍ട്ടിയും 1998ല്‍ ബിജെപിയും ജയിച്ചതൊഴിച്ചാല്‍ അമേത്തി കോണ്‍ഗ്രസ്സിന്റെ കുത്തകയാണ്. സഞ്ജയ് ഗാന്ധി രണ്ട് തവണയും രാജീവ് ഗാന്ധി മൂന്ന് തവണയും സോണിയ ഒരു തവണയും ഇവിടെ ജയിച്ചു. ജനതാപാര്‍ട്ടി ഒരുതവണയും ബിജെപി രണ്ട് തവണയും ജയിച്ച റായ്ബറേലിയില്‍ നാലാം തവണയാണ് സോണിയ തെരഞ്ഞെടുക്കപ്പെട്ടത്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും മണ്ഡലമായിരുന്നു റായ്ബറേലി. പ്രധാനമന്ത്രിമാരെയും സൂപ്പര്‍ പ്രധാനമന്ത്രിമാരെയും തുടര്‍ച്ചയായി ജയിപ്പിച്ച രണ്ട് മണ്ഡലങ്ങളിലും എതിര്‍സ്ഥാനാര്‍ത്ഥികള്‍ അപ്രസക്തമായിരുന്നു. എന്നാല്‍ ഇതിന്റെ ഗുണമൊന്നും ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ നരകജീവിതമാണ് ജനങ്ങള്‍ക്ക്. നെഹ്‌റു കുടുംബത്തിലെ അംഗങ്ങളെ ജയിപ്പിക്കേണ്ടത് ജനങ്ങളുടെ ബാധ്യതയെന്ന മട്ടിലാണ് കോണ്‍ഗ്രസ് പെരുമാറിയത്. തങ്ങളുടെ മണ്ഡലം രാജ്യം മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകുന്നതിലെ ആത്മരതി മാത്രമായിരുന്നു ജനങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം. രാഷ്ട്രപിതാവിന്റെ പാരമ്പര്യം നെഹ്‌റു കുടുംബം തന്ത്രപൂര്‍വ്വം എടുത്തണിഞ്ഞതും ഇതിന് കാരണമായി. ഗാന്ധിജിയുമായി പുലബന്ധം പോലുമില്ലാത്ത കൊള്ളക്കാരായ വ്യാജ ഗാന്ധിമാരെയാണ് തങ്ങള്‍ ജയിപ്പിച്ചുകൊണ്ടിരുന്നതെന്ന തിരിച്ചറിവിലാണ് ജനങ്ങള്‍ ഇപ്പോള്‍. അതിന്റെ വ്യക്തമായ സൂചനയാണ് ബിജെപിയുടെ വിജയം. സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം കൈകോര്‍ത്ത് മത്സരിച്ചാണ് പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി കോണ്‍ഗ്രസ്സിനെ മൊഴിചൊല്ലുമെന്നും ഉറപ്പാണ്. അമേത്തിയും റായ്ബറേലിയും നെഹ്‌റു കുടുംബത്തിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാനത്തെ ആണിയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.