വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കെട്ടിടം നവീകരിക്കുന്നതില്‍ ക്രമക്കേട്

Saturday 18 March 2017 8:28 pm IST

പീരുമേട്: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ് ബില്‍ഡിങില്‍ ടൈല്‍ ഇടുന്നതിന് പിന്നില്‍ വന്‍ അഴിമതി.  ഈ ബില്‍ഡിങിലെ രണ്ടാം നിലയിലാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള ഭാഗത്തെ മുറികളിലാണ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഓഫീസ് സമീപകാലം വരെ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ഒഴിഞ്ഞ മുറികളിലൊന്നിലാണ് 5 ലക്ഷം രൂപ മുടക്കി മൊസൈക്ക് തറ കുത്തിപ്പൊളിച്ച് ടൈല്‍ ഇടുന്നത്. യാതൊരുവിധ തകരാറുകളും ഇല്ലാതിരുന്ന നിലവിലെ മൊസൈക്ക് തറ കുത്തിപ്പൊളിച്ചുള്ള നിര്‍മ്മാണത്തിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുകയാണ്. മാര്‍ച്ച് 31നകം അനുവദിച്ച ഫണ്ട് ചിലവാക്കുന്നതിന് വേണ്ടിയാണിതെന്നും പരക്കെ ആക്ഷേപം ഉണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകനാണ് ഈ ജോലിയുടെ കരാര്‍ എടുത്തിരിക്കുന്നത്. രണ്ടാം നിലയില്‍ തന്നെയുള്ള പ്രസിഡന്റും സെക്രട്ടറിയും വാര്‍ഡ് മെമ്പര്‍മാരുടെ മുറികളും മൊസൈക്ക് പാകിയ തറയാണെന്നിരിക്കെയാണ് തുക എഴുതിയെടുക്കുന്നതിനായി മാത്രം ഒരുമുറി ടൈല്‍ ഇടുന്നത്. കൂടാതെ ഇതേകെട്ടിടത്തില്‍ മാവേലിസ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന മുറിയിലും 10 ലക്ഷം മുടക്കി ടൈല്‍ ഇടുന്നതും വിവാദമായിരിക്കുകയാണ്. ഈ രണ്ട് കരാര്‍ ജോലിയ്ക്ക് പിന്നിലും സിപിഐ നേതാവായ പ്രസിഡന്റിന്റെ താല്‍പര്യമാണെന്ന് ആക്ഷേപമുണ്ട്. രണ്ട് ജോലിയുടെയും കരാര്‍ എടുത്തിരിക്കുന്നത് പ്രസിഡന്റിന്റെ മകനാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ ഇവിടെ പല വികസന കാര്യങ്ങള്‍ക്കും ചിലവാക്കേണ്ട തുകയാണ് ഇത്തരം അഴിമതിയിലൂടെ കളയുന്നത്. കുടിവെള്ളത്തിനും ആളുകളുടെ പ്രാഥമിക ആവശ്യങ്ങള്‍  നിറവേറ്റുന്നതിനും വേണ്ട ഫണ്ട് അനുവദിക്കാതെ അനാവശ്യമായി തുക പാഴാക്കുകയാണ് പഞ്ചായത്ത്. മുന്‍പ് ബസ് സ്റ്റാന്റിനുള്ളിലെ വിശ്രമ കേന്ദ്രവും മൊസൈക്ക് തറ പൊളിച്ച് ടൈല്‍ ഇട്ടതും വിവാദമായതാണ്. ഇത്തരത്തിലുള്ള ഭരണ സമിതിയുടെ അഴിമതിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കുവാന്‍ നാട്ടുകാര്‍ തീരുമാനിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.