സഹകരണവിപണന മേളയ്ക്ക്‌ തുടക്കമായി

Sunday 10 July 2011 11:25 pm IST

കൊച്ചി: വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനു ജനങ്ങള്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിന്റെ പ്രതിഫലനമാണ്‌ സഹകരണ വിലക്കയറ്റവിരുദ്ധ വിപണനമേളകളെന്നും എക്സൈസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. ഏറെ വര്‍ഷങ്ങളായി ഈ രംഗത്ത്‌ മികച്ച പ്രവര്‍ത്തനം നടത്തുന്ന കണ്‍സ്യൂമര്‍ ഫെഡിനെ നിലനിര്‍ത്തുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം രാജേന്ദ്രമൈതാനിയില്‍ കണ്‍സ്യൂമര്‍ഫെഡ്‌ വിലക്കയറ്റ വിരുദ്ധ സഹകരണ വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ മേയര്‍ ടോണി ചമ്മിണി മുഖ്യാതിഥിയായിരുന്നു ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി ആദ്യ വില്‍പ്പന നടത്തി. ഡപ്യൂട്ടിമേയര്‍ ബി. ഭദ്ര മുഖ്യപ്രഭാഷണം നടത്തി. ജില്ല സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ വി.പി.ശശീന്ദ്രന്‍, കൗണ്‍സിലര്‍മാരായ കെ.ജെ. ജേക്കബ്‌, സുധ ദിലീപ്കുമാര്‍, സഹകരണ ജോയിന്റ്‌ രജിസ്ട്രാര്‍ പോള്‍ ലെസ്ലി എന്നിവര്‍ പ്രസംഗിച്ചു. എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ജോണ്‍ ഫെര്‍ണാണ്ടസ്‌ സ്വാഗതവും റീജിയണല്‍ മാനേജര്‍ സി.സന്തോഷ്‌ നന്ദിയും പറഞ്ഞു. വിലക്കയറ്റവിരുദ്ധ സഹകരണ വിപണനമേളയില്‍ 20 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതു വിപണി വിലയില്‍ നിന്നും 15 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ്‌ ലഭ്യമാക്കുന്നത്‌. ഇന്നലെ ആരംഭിച്ച മേള ഓണം മേളയായും റംസാന്‍ മേളയായും തുടരും. സംസ്ഥാനത്ത്‌ ഇത്തരത്തില്‍ 3000 കേന്ദ്രങ്ങളില്‍ മേളകള്‍ പ്രവര്‍ത്തിക്കും. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഉടനെ മേളകള്‍ തുടങ്ങും. വിലക്കയറ്റ വിരുദ്ധ മേളയിലെ ഉല്‍പ്പനങ്ങളുടെ വില കിലോഗ്രാമിന്‌, ബ്രാക്കറ്റില്‍ പൊതുവിപണിവില. ജയ-16 (23), കുറുവ-16 (21), കുത്തരി-16 (24), പച്ചരി-14 (19), പഞ്ചസാര-25 (29.50), വെളിച്ചെണ്ണ -95 (120), ഉഴുന്ന്‌-37 (69), ശര്‍ക്കര- 26 (33), വന്‍പയര്‍-26 (43), ചെറുപയര്‍-52 (70), വന്‍കടല-34 (41), മുളക്‌-45 (112), പിരിയന്‍ മുളക്‌-100 (124), മല്ലി 56 (70), പീസ്‌ പരിപ്പ്‌-18 (32), ഗ്രീന്‍പീസ്‌-26 (33), ജീരകം-96 (188), കടുക്‌-22 (42), ഉലുവ-28 (44).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.