മനോജ് എബ്രഹാമിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ; അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

Monday 12 June 2017 5:32 pm IST

കൊച്ചി- അനധികൃത സ്വത്ത് സമ്പാദന കേസില്‍ കേരളാ പോലീസിന്റെ സൈബര്‍ ഡോം മേധാവി മനോജ് ഏബ്രഹാമിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. പത്തനംതിട്ട ആറന്‍മുള ചൈതന്യയില്‍ ചന്ദ്രശേഖരന്‍ നായരുടെ പരാതിയെ തുടര്‍ന്നു നടന്ന ത്വരിതാന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്.മനോജ് ഏബ്രഹാമിനു അനധികൃത സ്വത്തുസമ്പാദ്യമുണ്ടെന്നു കാണിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയിലാണു കേസ് ആദ്യം ആഫയല്‍ ചെയ്തിരുന്നത്. മനോജ് എബ്രഹാം പത്തനംതിട്ട ജില്ലയിലെ ക്വാറി ഉടമകളുമായി വഴിവിട്ട് ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ടു ക്വാറികള്‍ക്കെിരെ ജില്ലാ പോലീസ് സൂപ്രണ്ട് ആരംഭിച്ച പോലീസ് നടപടികള്‍ മനോജ് എബ്രാഹം ഇടപെട്ട് തടഞ്ഞുവെന്നും ഇതിലൂടെ പണം സമ്പാദിച്ചുവെന്നും ആരോപിച്ചായിരുന്നു ഹരജി. ഹരജിയില്‍ വിജലന്‍സിന്റെ ദ്രുതപരിശോധന നടന്നെങ്കിലും മനോജ് ഏബ്രഹാമിന് അനുകൂലമായ റിപോര്‍ട്ടാണു വിജിലന്‍സ് സമര്‍പ്പിച്ചത്. കേസ് തൃശൂര്‍ കോടതിയില്‍ നിന്നു പിന്നീട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കു മാറ്റുകയും ചെയ്തു.വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപോര്‍ട്ടിനെതിരെ വാദിഭാഗം മൂവാറ്റുപുഴയില്‍ ആക്ഷേപ ഹരജി നല്‍കി. ഐജിയുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചില്ല, വിദേശപര്യടനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവഗണിച്ചു, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്തി ആദായനികുതിയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ വാദിഭാഗം കോടതിയില്‍ ഉന്നയിച്ചു. ആരോപണം നേരിട്ട കാലയളവിലെ മുഴുവന്‍ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാത്തതും വീടിന്റെ വിലയും ഉപയോഗിച്ച തുകയും പരിശോധിക്കാതിരുന്നതും വിജിലന്‍സിന്റെ പിഴവായി ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു ഹരജിക്കാരന്‍ ആക്ഷേപഹര്‍ജി ഫയല്‍ ചെയ്തത്. കോടതിയുടെ പരിശോധനയില്‍ വരുമാനത്തേക്കാള്‍ 31 ശതമാനം അധികം വരുന്ന 61.89 ലക്ഷം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് മനോജ് എബ്രഹാമിനുണ്ടെന്ന നിഗമനത്തിലാണ് വിശദമായി അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഐജിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നു മാസത്തിലൊരിക്കല്‍ അന്വേഷണ പുരോഗതി വിലയിരുത്തി റിപോര്‍ട്ടു കോടതി മുമ്പാകെ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.