അപകടഭീഷണിയുയര്‍ത്തി താണ ജംഗ്ഷന്‍: മിഴി തുറക്കാതെ സിഗ്നല്‍ ലൈറ്റ്

Sunday 19 March 2017 9:34 pm IST

കണ്ണൂര്‍: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയിലെ താണ ജംഗ്ഷന്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറുന്നു. നാലുഭാഗങ്ങളിലേക്കും റോഡുകളുള്ള ഇവിടെ ട്രാഫിക് നിയന്ത്രണത്തിനായി പോലീസില്ല. നേരത്തെ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ നോക്കുകുത്തിയായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിവും ഇന്നേവരെ പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. താഴെചൊവ്വ മുതല്‍ കാള്‍ടെക്‌സ് വരെ ദേശീയപാതയില്‍ റോഡ് വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിച്ചതോടെ അനിയന്ത്രിത വേഗതയിലാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ഏറെയുള്ള താണ ഭാഗത്ത് പല ഭാഗത്തുനിന്നും ആള്‍ക്കാര്‍ എത്തിപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് റോഡ് മുറിച്ചുകടക്കലും മറ്റും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് നിത്യേന ഇവിടെ നടക്കുന്നത്. ഇരു ഭാഗങ്ങളിലെയും ബസ് ഷെല്‍ട്ടറുകള്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ്സുകള്‍ ജംഗ്ഷനില്‍ തന്നെയാണ് നിര്‍ത്തുന്നത്. വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം മാലിന്യക്കൂമ്പാരങ്ങള്‍ നിക്ഷേപിക്കുന്നത് യാത്രക്കാര്‍ക്ക് കടുത്ത ദുരിതമായി മാറുന്നുണ്ട്. നഗരത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതര്‍ നിരവധി തവണ അറിയിച്ചിരുന്നുവെങ്കിലും കാള്‍ടെക്‌സ് ജംഗ്ഷനിലേത് മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. താണ, മേലേചൊവ്വ എന്നിവിടങ്ങളിലെ സിഗ്നല്‍ ലൈറ്റുകള്‍ ഇപ്പോഴും കാഴ്ചവസ്തു മാത്രമാണ്. ഈ സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം സജ്ജീകരിക്കാന്‍ നടപടികള്‍ തുടങ്ങിയതായാണ് അധികൃതര്‍ പറയുന്നത്. താണ ജംഗ്ഷനില്‍ നാലുഭാഗത്തേക്കുമുള്ള ഡിജിറ്റല്‍ സംവിധാനങ്ങളോടെയുള്ള സിഗ്നല്‍ ലൈറ്റാണ് സ്ഥാപിക്കുന്നത്. മൂന്നു ഭാഗങ്ങളിലുള്ള ഡിജിറ്റല്‍ സംവിധാനങ്ങളോടെയാണ് മേലേ ചൊവ്വയില്‍ സിഗ്നല്‍ സ്ഥാപിക്കുക. ബിഒടി അടിസ്ഥാനത്തില്‍ എറണാകുളത്തെ ഒരു കമ്പനിയാണ് ഇവ സ്ഥാപിക്കുന്നത്. അറ്റകുറ്റപ്പണികളുടെ ചുമതല കെല്‍ട്രോണിനാണ്. കാള്‍ടെക്‌സില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റിന് ഒട്ടേറെ പോരായ്മകളുള്ളതായി പരാതിയുണ്ടായിരുന്നു. ഇത് പരിഹരിച്ചായിരിക്കും ഇനിയുള്ളവ സ്ഥാപിക്കുക. ദേശീയ പാതയോരത്ത് മാളുകള്‍ക്ക് മുന്നില്‍ റോഡരികില്‍ അനധികൃതമായി വാഹനങ്ങള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കടുത്ത ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതുകൂടാതെ അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളും ജനങ്ങള്‍ക്ക് ദുരിതമായിട്ടുണ്ട്. താണ കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പുളളത് താലൂക്ക് ജംഗ്ഷനിലാണ്. നഗരത്തില്‍ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാത്തത് നിയമലംഘനക്കാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും അനുകൂലമായി മാറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.