കേരളത്തിലും ബംഗാളിലും ഹൈന്ദവ വേട്ടയ്ക്ക് സര്‍ക്കാര്‍ പിന്തുണ: ആര്‍എസ്എസ്

Monday 12 June 2017 2:30 pm IST

ആര്‍എസ്എസ് അഖില ഭാരത പ്രതിനിധി സഭയില്‍ സര്‍ സംഘചാലക് മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ജോഷിയും

കോയമ്പത്തൂര്‍: ബംഗാളിലും കേരളത്തിലും ഹിന്ദു സംഘടനകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ സര്‍ക്കാരുകളുടെ പിന്തുണയോടെയാണെന്ന് ആര്‍എസ്എസ്. ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ സഹായത്തോടെ മുസ്ലിം ഭീകരവാദ-ജിഹാദി സംഘടനകള്‍ ഹിന്ദുക്കളെ വേട്ടയാടുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ ഇന്ന് അവതരിപ്പിക്കുമെന്ന് സഹ സര്‍കാര്യവാഹ് ഭാഗയ്യ പറഞ്ഞു. പ്രതിനിധി സമ്മേളന വേദിയായ എട്ടിമടയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗയ്യ.

ബംഗാളില്‍ നിരവധി ഹിന്ദുക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെട്ടു. സരസ്വതി പൂജയും ദുര്‍ഗാ പൂജയും തടഞ്ഞു. മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മമത ബാനര്‍ജി സര്‍ക്കാര്‍ അക്രമികളെ പ്രീണിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന അക്രമങ്ങള്‍ ഇപ്പോള്‍ വ്യാപകം. ജൂലഗഢില്‍ ഇരുനൂറിലേറെ വീടുകള്‍ അഗ്നിക്കിരയാക്കി. കാലിയചൗക്കയില്‍ അക്രമികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. രേഖകള്‍ തീയിട്ടു നശിപ്പിച്ചു. ബംഗാള്‍ സര്‍ക്കാര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നു. ആക്രമണത്തിനിരയാകുന്നവരിലേറെയും പിന്നാക്ക-ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യറിയെ സമീപിക്കുമെന്നും ഭാഗയ്യ പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന സിപിഎം അക്രമങ്ങളും പ്രതിനിധി സഭയില്‍ ചര്‍ച്ചയാകും. സിപിഎം നടത്തുന്നത് ഏകപക്ഷീയ ആക്രമണങ്ങളാണ്. 1948 മുതല്‍ ആരംഭിച്ചതാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമല്ല കൊല്ലപ്പെടുന്നത്. നാല്‍പ്പതിലേറെ കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടു. 16 സിപിഐക്കാര്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. സിപിഎം വിട്ട ടി.പി. ചന്ദ്രശേഖരനെ മൃഗീയമായി വെട്ടിക്കൊന്നു. മറ്റു പാര്‍ട്ടികളിലേയും നിരവധി പേര്‍ സിപിഎം അക്രമത്തിനിരയായി. ഭാഗയ്യ ചൂണ്ടിക്കാട്ടി.

അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ, സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ വര്‍ദ്ധനയുണ്ടായെന്നും ഭാഗയ്യ പറഞ്ഞു. ദൈനംദിന ശാഖകളുടെ എണ്ണം 57,987 ആയി. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മിലന്‍ പ്രവര്‍ത്തനം 14,896 ആയി ഉയര്‍ന്നു. 8,226 സ്ഥലങ്ങളില്‍ മാസികപ്രവര്‍ത്തനവും നടക്കുന്നു. അവശരും അശരണരുമായവര്‍ക്ക് വേണ്ടി 19,000 ത്തിലേറെ സേവാ കേന്ദ്രങ്ങള്‍ സംഘപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നു.

ഇന്നലെ രാവിലെ പ്രതിനിധി സഭ സര്‍ സംഘചാലക് മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തു. സര്‍കാര്യവാഹ് സുരേഷ് ജോഷി അധ്യക്ഷനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സര്‍കാര്യവാഹ് യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നു. സഭയില്‍ 1,400 ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്ന് 55 പേര്‍. ഇന്ന് വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കും. പ്രതിനിധി സഭ നാളെ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.