കലങ്ങിമറിയുന്ന ഫ്രഞ്ച്‌ രാഷ്ട്രീയം

Sunday 10 July 2011 11:29 pm IST

ഫ്രഞ്ച്‌ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ ഒരു കൊടുങ്കാറ്റ്‌ ആഞ്ഞുവീശുമെന്ന ഒരു ധാരണ അടുത്തദിവസംവരെ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അബദ്ധങ്ങളാണെന്ന്‌ കഴിഞ്ഞദിവസം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ തലവനായിരുന്ന ഡൊമിനിക്‌ സ്ട്രോസ്കാന്‍ അറസ്റ്റിലായതോടെ തെളിഞ്ഞുകഴിഞ്ഞു. അടുത്തവര്‍ഷം മധ്യത്തോടെ നടക്കാന്‍പോകുന്ന ഫ്രഞ്ച്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഫ്രഞ്ച്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാവുകൂടിയായ സ്ട്രോസ്‌ മത്സരിക്കുമെന്നാണ്‌ പ്രഖ്യാപിച്ചിരുന്നത്‌. ഇപ്പോഴത്തെ പ്രസിഡന്റ്‌ നിക്കോളാസ്‌ സാര്‍ക്കോസി വീണ്ടും മത്സരിക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ്‌ സ്ട്രോസ്‌ കരുത്തനായ സ്ഥാനാര്‍ത്ഥിയായി രംഗത്തുവരുന്നെന്ന്‌ ധാരണയും പരന്നത്‌. എന്നാല്‍ അവിഹിത ബന്ധത്തിന്റെ പേരില്‍ സ്ട്രോസ്കാന്‍ അമേരിക്കയില്‍ അറസ്റ്റിലായതോടെ ഫ്രഞ്ച്‌ രാഷ്ട്രീയം ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്‌. ഇത്തരം ആരോപണങ്ങളില്‍ അകപ്പെട്ട പലരും ഫീനിക്സ്‌ പക്ഷിയെപ്പോലെ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്‌. രാഷ്ട്രീയത്തില്‍ ഇതൊന്നും ഒരു പുത്തരിയല്ലെന്നര്‍ത്ഥം. അതില്‍നിന്ന്‌ ഇത്തവണ ഫ്രാന്‍സ്‌ വിമുക്തമാകുമോയെന്നാണ്‌ പലരും ഉറ്റുനോക്കുന്നത്‌. സ്ട്രോസിന്റെ മുറിയിലെത്തിയ ഒരു യുവതിയെ അദ്ദേഹം മാനഭംഗപ്പെടുത്തിയെന്നതായിരുന്നു കേസ്‌. സംഭവത്തെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്‌ കോടതിയില്‍ നിന്ന്‌ ജാമ്യം ലഭിച്ചുവെങ്കിലും വീട്ടുതടങ്കലില്‍ നിന്ന്‌ മോചിതനായത്‌ ഇക്കഴിഞ്ഞ ജൂലായ്‌ ഒന്നിനായിരുന്നു. സ്ട്രോസ്കാനിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ലോകത്തിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും നിയമജ്ഞനുമാണ്‌. മൂന്നുരംഗത്തും ഒരുപോലെ തന്റെ പ്രാഗത്ഭ്യം തെളിയിച്ച സ്ട്രോസ്‌ പക്ഷെ ഇത്തരമൊരു കേസില്‍ അകപ്പെടുമെന്നത്‌ ചിന്തിക്കാന്‍കൂടി കഴിയുമായിരുന്നില്ല. മികച്ച സാമ്പത്തിക വിദഗ്ധന്‍ ആയതിനാലാണല്ലോ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ തലവനാകാന്‍ കഴിഞ്ഞത്‌. ആ സ്ഥാനത്തെത്താന്‍ അദ്ദേഹത്തെ സഹായിച്ചത്‌ ഇപ്പോഴത്തെ പ്രസിഡന്റ്‌ സര്‍ക്കോസി കൂടിയായിരുന്നുവെന്നതാണ്‌ സത്യം. എന്നാല്‍ ആ പദവി ഉപേക്ഷിച്ച്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുവാന്‍ സ്ട്രോസ്‌ എത്തുമെന്ന്‌ സര്‍ക്കോസി കരുതിയിരിക്കില്ല. രാഷ്ട്രീയത്തില്‍ തന്റെ എതിരാളിയായ സ്ട്രോസിനെ ഒരു പദവിയില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ തനിക്ക്‌ യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്ന്‌ കരുതിയിരിക്കെയാണ്‌ ഇടിത്തീവീണപോലെ താന്‍ മത്സരരംഗത്തുണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചത്‌. സ്ട്രോസിന്റെ വ്യക്തിപരമായ ജീവിതം അത്ര നല്ലതല്ലെന്നാണ്‌ നമുക്ക്‌ വായിച്ചറിയുവാന്‍ കഴിയുന്നത്‌. മൂന്നുതവണ വിവാഹിതനായ വ്യക്തിയാണത്രെ സ്ട്രോസ്‌. ഫ്രാന്‍സിലെ ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം അതൊന്നും പുതുമയുള്ള കാര്യമല്ലെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. അതായത്‌ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ അതൊരു പൊന്‍തൂവല്‍ ആയിരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഫ്രഞ്ച്‌ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുതുമയുള്ള സംഭവമല്ലെന്ന്‌ നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. ഇത്തരമൊരു സംഭവത്തെക്കുറിച്ച്‌ ഒരു പുസ്തകം എഴുതുന്നതിനായിട്ടാണ്‌ യുവതി കാനിനെ അഭിമുഖം നടത്തുവാനായി അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തെത്തിയത്‌. എന്നാല്‍ കോഴി കുറുക്കന്റെ മുന്നില്‍ എത്തിയ അവസ്ഥയിലായി യുവതി. ഒരു രാജ്യം നേരിടുന്ന ഒരു വലിയ പ്രശ്നത്തെ സംബന്ധിച്ച്‌ ഗ്രന്ഥം എഴുതുന്നതിനായി ഒരാള്‍ ഒരു പ്രമുഖ വ്യക്തിയെ സമീപിക്കുകയും അവര്‍ അതിന്‌ ഇരയാകുകയും ചെയ്യുകയെന്നുവെച്ചാല്‍ അതിനര്‍ത്ഥം വിധിവൈപരീത്യം എന്നുപറയാനാകില്ല. ഭരണാധികാരികളുടെ അപചയങ്ങളെക്കുറിച്ച്‌ പുസ്തകം എഴുതുകയും അത്‌ പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷെ സ്ട്രോസ്‌ ചെയ്ത കാര്യങ്ങള്‍ അതില്‍ ഉണ്ടായിരുന്നില്ലെന്നാണ്‌ പറയുന്നത്‌. അത്‌ എഡിറ്റുചെയ്തുകളഞ്ഞുവത്രെ. പക്ഷെ ചില കാര്യങ്ങള്‍ എന്ന്‌ എഡിറ്റുചെയ്താലും അത്‌ ദുര്‍ഭൂതംപോലെ പിന്തുടരും എന്നത്‌ ചരിത്രസത്യമാണ്‌. സ്ട്രോസിന്റെ കാര്യത്തില്‍ സംഭവിച്ചതും അതാണ്‌. തനിക്ക്‌ നേരിടേണ്ടിവന്ന അപമാനം അവര്‍ പുറത്തുവിടാന്‍ ചില പ്രത്യേക സാഹചര്യങ്ങളാല്‍ തയ്യാറായില്ല. പക്ഷെ ന്യൂയോര്‍ക്ക്‌ ഹോട്ടല്‍ സംഭവം പുറത്തുവന്നതോടെ തനിക്കുണ്ടായ അനുഭവം മറ്റുപലര്‍ക്കും ഉണ്ടായിയെന്ന തോന്നലിന്റെ വെളിച്ചത്തില്‍ അവര്‍ കേസ്‌ കൊടുക്കാന്‍ തീരുമാനിച്ചിരിക്കയാണ്‌. കൂനിന്മേല്‍ കുരു എന്ന അവസ്ഥയില്‍ എത്തിയിരിക്കയാണ്‌ സ്ട്രോസ്‌. ഒരു പിടി അയയുന്നതിന്‌ മുമ്പ്‌ അടുത്തത്‌ മുറുക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഫ്രഞ്ച്‌ രാഷ്ട്രീയത്തില്‍ ഇതൊരു വഴിത്തിരിവാകുമോ എന്ന്‌ പറയാന്‍ വയ്യ. സര്‍ക്കോസിക്കും ഇതനുസരിച്ച്‌ ശരിക്കും ശ്വാസം വിടാന്‍ ആയിട്ടില്ല. പക്ഷേ ഒരു പ്രസിഡണ്ട്‌ സ്ഥാനാര്‍ത്ഥി ഇത്തരമൊരു ആളാണെന്നുവന്നാല്‍ അത്‌ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുമെന്നകാര്യത്തില്‍ സംശയമില്ല. അതും തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന ഒരുഘട്ടത്തില്‍. എന്നാല്‍ അതിലേറെ രസകരം ഇപ്പോഴത്തെ പ്രസിഡണ്ട്‌ സര്‍ക്കോസിയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നതാണ്‌. പരമ്പരാഗതമായി നടന്നുവരുന്ന ഒരു കാര്യത്തില്‍ ആരും പിന്നോട്ടുപോകരുതല്ലോ. സര്‍ക്കോസി പ്രസിഡണ്ടായ ശേഷമായിരുന്നെങ്കില്‍ അടുത്ത സ്ഥാനാര്‍ത്ഥി താന്‍ ഒട്ടും മോശമല്ലെന്ന്‌ തെളിയിച്ചിരിക്കയാണ്‌. അതിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ഒരു രാജ്യത്തിന്റെ ഭരണാധികാരി എല്ലാവര്‍ക്കും മാതൃകയായിരിക്കണം എന്നാണു വെയ്പ്പ്‌. മുമ്പേ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം എന്ന ഒരു ചൊല്ലുതന്നെയുണ്ടല്ലോ. അതിന്റെ എത്രയോ മികച്ച മാതൃകകള്‍ ഭാരതത്തിലുണ്ട്‌. പക്ഷെ അത്‌ മറ്റിടങ്ങളില്‍ ഉണ്ടാകണമെന്ന്‌ ശാഠ്യംപിടിക്കാന്‍ കഴിയില്ലല്ലോ. പക്ഷെ എന്തുചെയ്യാം, ലോകത്തെ വന്‍ശക്തിയെന്ന്‌ അഭിമാനിക്കുന്ന അമേരിക്കപോലും ഇതില്‍നിന്ന്‌ വിമുക്തമല്ലെന്ന്‌ നമുക്കറിയാം. കരുത്തരെന്ന്‌ കരുതുമ്പോഴും അവര്‍ ഇത്തരം ലൈംഗികാപവാദക്കേസുകളില്‍ നിന്നും വിമുക്തരാകുന്നില്ലെന്നര്‍ത്ഥം. മറിച്ച്‌ അതൊരു അഭിമാനമായിട്ടാണ്‌ കരുതുന്നത്‌. എന്തായാലും തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന ഈ അവസരത്തില്‍ ഇത്തരമൊരു അപചയവിവാദം ഫ്രാന്‍സില്‍ കൊടുമ്പിരിക്കൊള്ളുമെന്ന്‌ തീര്‍ച്ച. പ്രത്യേകിച്ച്‌ ഇപ്പോഴത്തെ പ്രസിഡണ്ടും (മിക്കവാറും അദ്ദേഹംതന്നെയായിരിക്കും വലതുപക്ഷ സ്ഥാനാര്‍ത്ഥി) ഇടതുപക്ഷസ്ഥാനാര്‍ത്ഥിയും ഒരുപോലെ വിവാദത്തില്‍ അകപ്പെടുമ്പോള്‍ ഫലം ആര്‍ക്ക്‌ അനുകൂലമാകുമെന്നത്‌ കാത്തിരുന്നു കാണേണ്ട കാര്യംതന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.