വെള്ളമില്ല... വെളിച്ചമില്ല... വീടുമില്ല... അധികൃതര്‍ എന്ന് കണ്ണു തുറക്കും ഇവര്‍ക്ക് മുന്നില്‍

Monday 12 June 2017 11:24 am IST

ഉദുമ: ഇല്ലായ്മക്ക് നടുവില്‍ അടിസ്ഥാന സൗകര്യങ്ങാള്‍ക്കായി അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് അടുക്കത്ത് വയലിലെ 5 അംഗ കുടുംബം. വെള്ളവും വെളിച്ചവുമില്ലതെ റോഡരികില്‍ കൂരയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് ബാരമൈലാട്ടി അടുക്കത്ത് വയലിലെ രാഘവനും ഭാര്യചന്ദ്രാവതിയും പറക്കമുറ്റാത്ത 3 പെണ്‍മക്കളും. അടിസ്ഥാന സൗകര്യമില്ലാത്ത ഈ കൂരയില്‍ കാറ്റൊന്ന് വീശിയാല്‍ തകര്‍ന്നടിഞ്ഞുപോകും. രണ്ട് പതിറ്റാണ്ടുകളായി ഇവിടെ താമസം. വെപ്പും കുടിയും കിടപ്പുമെല്ലാം ഒരിടത്തു തന്നെ ആയതിനാല്‍ ഇതിനകം പോലെ തന്നെ ഇതിനകത്തെ ജീവിതങ്ങളും കരിപുരണ്ടതാണ്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഗൃഹപാഠം ചെയ്യുന്ന പെണ്‍മക്കളുടെ ആഗ്രഹം വൈദ്യുതി വെട്ടത്തിലിരുന്ന് ഒരുദിവസമെങ്കിലും പഠിക്കണമെന്നാണ്. പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ സൗജന്യ വൈദ്യുതി ഉണ്ടെന്നറിഞ്ഞ് വായ്പയും മറ്റും എടുത്ത് ചുവരുകള്‍ പോലുമില്ലാത്ത കൂരയ്ക്ക് വയറിംഗ് ഒപ്പിച്ചെടുത്തെങ്കിലും ഇന്നുവരെ ഒന്നിന്റേയും ഉടമകളാകാന്‍ കഴിയാത്ത ഇവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാതെ അധികാരികള്‍ തിരിച്ചുപോയതും ജീവിതത്തിനേറ്റ തിരിച്ചടിയില്‍ പ്രധാനമാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ റേഷന്‍കാര്‍ഡോ ഇല്ലാത്ത ഇവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മൂന്നു വര്‍ഷം മുമ്പ് ജോലിക്കിടെ വീണ് കാലിന് ഗുരുതരമായ പരിക്കേറ്റതിനാല്‍ രാഘവന് കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാതായി. കോണ്‍ക്രീറ്റ് ജോലിക്ക് സഹായിയായി നിന്നും ചന്ദ്രാവതി തൊഴിലുറപ്പ് പണിയെടുത്തുമാണ് നിത്യചെലവുകള്‍ നടത്തുന്നത്. മക്കളുടെ പഠനം ഭാരമായി തീര്‍ന്ന ഇവര്‍ക്ക് എല്ലാ സ്വപ്‌നങ്ങളും സ്വപ്‌നമായി അവശേഷിക്കുകയാണ്. ഇല്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി റോഡരികില്‍ ഇവര്‍ ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കുമ്പോള്‍ കാണുന്നവരും അറിയുന്നവരും സഹതാപത്തില്‍ മാത്രം എല്ലാം ഒതുക്കുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്ന ആഗ്രഹമെന്നോണം രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ വീട് പണി തറയില്‍ മാത്രം മുരടിച്ചു നില്‍ക്കുന്നു. മക്കള്‍ വളര്‍ന്നു വരുമ്പോഴേക്കും വെയിലിനേയും മഴയേയും അതിജീവിക്കാന്‍ പാകത്തിലുള്ള വീടെന്ന രാഘവന്റെയും ചന്ദ്രാവതിയുടെയും ഏറ്റവും വലിയ സ്വപ്‌നം ആറടി മണ്ണുപോലും സ്വന്തമായി ഇല്ലാത്തതിനാല്‍ അത് എപ്പോള്‍ എങ്ങനെ നടക്കുമെന്ന് അറിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.