കുടിവെള്ള ഫണ്ട് അട്ടിമറിച്ചു ജില്ല പഞ്ചായത്ത് യോഗത്തില്‍ ബഹളം

Monday 20 March 2017 9:30 pm IST

ആലപ്പുഴ: പള്ളിപ്പാട് ഡിവിഷനിലെ പട്ടികജാതികാര്‍ക്കുള്ള കുടിവെള്ള പദ്ധതിക്ക് അനുവദിച്ച അധിക ഫണ്ട് ലഭിക്കാത്തതില്‍ ജില്ല പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധം. പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ജോണ്‍തോമസ് ജില്ലാ പഞ്ചായത്തിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. 2014-15 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ പള്ളിപ്പാട് ഡിവിഷനിലെ നാലുകെട്ട് കവല, മിനത്തോടില്‍ കോളനി, ചക്കച്ചന്‍കാവ് എന്നിവിടങ്ങളില്‍ പട്ടികജാതി കോളനികളില്‍ കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതി തുകയായ 43 ലക്ഷം രൂപക്ക് പുറമേ പത്ത് ലക്ഷം രൂപ അധികമായി ജില്ല പഞ്ചായത്ത് അനുവദിച്ചിരുന്നു. ഏഴുമാസം മുമ്പ് കൂടിയ യോഗത്തിലാണ് പണം അനുവദിച്ചത്. എന്നാല്‍ അനുവദിച്ച അധിക ഫണ്ട് വിതരണത്തില്‍ നിന്നും ജില്ല പഞ്ചായത്ത് ഭരണാധികാരികള്‍ പിന്‍മാറുകയായിരുന്നു. കുടിവെള്ളപ്രശ്‌നം ഏറെ രൂക്ഷമായത് കണ്ടു കൊണ്ട് കൂടുതല്‍ പണം അനുവദിക്കാന്‍ തയ്യാറായത്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നീക്കത്തിലൂടെ പദ്ധതി അട്ടിമറിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പണം അനുവദിച്ചത് ചൂണ്ടിക്കാട്ടിയിട്ടും ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ജില്ല പഞ്ചായത്ത് വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം ഒന്നടങ്കം ബഹളം വെച്ച് പുറത്തിറങ്ങിയത്. പ്രദേശത്തെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണാന്‍ പണം അനുവദിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. വൈകുന്നേരത്തോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരുമായി മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവര്‍ ജോണ്‍തോമസ്, എ ആര്‍ കണ്ണന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പണം ഏപ്രില്‍ മാസത്തില്‍ വാട്ടര്‍ അതോറിട്ടിയ്ക്ക് അടക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.