ഭക്തിയുടെ നിറച്ചാര്‍ത്തായി കൊല്ലൂരില്‍ മഹാരഥോത്സവം

Monday 12 June 2017 9:12 am IST

കൊല്ലൂര്‍: പതിനായിരങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്‍കി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മഹാരഥോത്സവം നടന്നു. ജന്മ നക്ഷത്ര ദിനമായ ഇന്നലെയാണ് മൂകാംബികദേവി ഏഴു നിലകളുള്ള ബ്രഹ്മരഥത്തിലേറി ഭക്ത സഹസ്രങ്ങള്‍ക്ക് ദര്‍ശനം നല്‍കിയത്. കിഴക്കുഭാഗത്തെ പ്രധാന ഗോപുര നടയില്‍ നിന്നും വൈകിട്ട് 5.40 നാണ് രഥം വലി ആരംഭിച്ചത്. പുഷ്പങ്ങള്‍ വാരിവിതറിയ വീഥിയിലൂടെ സൗപര്‍ണ്ണികയെ ലക്ഷ്യം വെച്ച് നദീതീരത്തേക്കുള്ള വഴിയിലെ ശങ്കരാശ്രമം വരെ നീണ്ട രഥഘോഷയാത്ര പരമ്പരാഗത ചടങ്ങുകളോടെ ക്ഷേത്ര സന്നിധിയിലേക്ക് തിരിച്ചു. 6.20 ന് കിഴക്കെ നടയില്‍ ബ്രഹ്മരഥം തിരിച്ചെത്തിയതോടെ അവരോഹണ ചടങ്ങുകള്‍ തുടങ്ങി. ദേവി അനുഗ്രഹിച്ചു നല്‍കുന്ന നാണയതുട്ടുകള്‍ പൂജാരിമാര്‍ വാരിവിതറി. രഥത്തില്‍ നിന്നും പുറത്തിറക്കിയ വിഗ്രഹങ്ങള്‍ ആരതിയുഴിഞ്ഞ് പല്ലക്കിലേറ്റി. തുടര്‍ന്ന് ചുറ്റമ്പലത്തിലെ സരസ്വതി മണ്ഡപത്തിലെത്തിച്ച വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. പിന്നീട് വിഗ്രഹങ്ങള്‍ രണ്ടും എഴുന്നള്ളത്തായി ശ്രീകോവിലിലെത്തിച്ചു. ഫലങ്ങളും പുഷ്പ്പങ്ങളും മറ്റുമായി വര്‍ണ്ണാലങ്കൃതമായ രഥത്തിലേറിയുള്ള ദേവിയെ ദര്‍ശിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പതിവില്‍ നിന്നും വ്യത്യസ്തമായി പുലര്‍ച്ചെ മൂന്നരയോടെ നിര്‍മ്മാല്യ ദര്‍ശനത്തോടെ യാണ് ഇന്നലെ ചടങ്ങുകള്‍ തുടങ്ങിയത്. പ്രത്യേക ശീവേലി നടന്നു. മുഹൂര്‍ത്ത ബലിക്കും ക്ഷിപ്ര ബലിക്കും രഥബലിക്കും ശേഷം ഉച്ചയ്ക്ക് 11.55 നാണ് രാഥാരോഹണം നടന്നത്. നവഗ്രഹപൂജയ്ക്കുശേഷം രഥം വലിക്കായി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ 12.5ന് പ്രതീകാത്മകമായി രഥചലനം നടന്നു. കിഴക്കെ ഗോപുരം വരെ രഥം എഴുന്നള്ളിച്ചു. തന്ത്രി രാമചന്ദ്ര അഡിഗ കാര്‍മ്മികത്വം വഹിച്ചു. മൂര്‍ത്തി കാളിദാസ് ഭട്ട്, മൂര്‍ത്തി ശ്രീഷ് ഭട്ട് എന്നിവരാണ് ദേവി വിഗ്രഹങ്ങള്‍ രഥത്തിലേറ്റിയത്. ഇന്ന് രാത്രി എട്ടിന് ഓക്കുളി ഉത്സവവും സൗപര്‍ണ്ണികയില്‍ ആറാട്ടും നടക്കും. ഉത്രം നാളില്‍ ആരംഭിച്ച ഒന്‍പത് നാള്‍ നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് നാളെ 9.30 ന് കൊടിയിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.