കട്ടപ്പന: ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ പലചരക്ക് കട പൂര്‍ണ്ണമായും കത്തിനശിച്ചു. കാഞ്ചിയാര്‍ കോഴിമല പള്ളിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മുത്തുവാക്കുഴി ജോസ് മാത്യുവിന്റെ പലചരക്ക് കടയാണ് നശിച്ചത്. കടക്കുള്ളിലെ വയറിങ്ങും, പലചരക്ക് സാധനങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായിട്ടാണ് കണക്ക്. ഉച്ചക്ക് ശേഷം ജോസ് കട അടച്ച് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് അപകടം നടന്നത.് കടക്കുള്ളില്‍ തീ പടര്‍ന്നതോടെ സമീപത്തുള്ള കടക്കാര് ജോസിനെ വിവരമറിയിക്കുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണക്കുകയുമായിരുന്നു. കൂടാതെ സമീപ പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന വീടിനും മിന്നലേറ്റിട്ടുണ്ട്. ഇതിന് പുറമെ പ്രദേശത്തെ പല വീടുകളിലേയും വയറിങ്ങുകള്‍ക്കും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കെഎസ്ഇബി അധികൃതരും, പഞ്ചായത്ത് അധികൃതരും സ്ഥലത്ത് സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: