കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

Monday 20 March 2017 9:47 pm IST

ചെറുതോണി: പണമിടപാട് സംബന്ധിച്ച് തര്‍ക്കം നിലനിലനിന്ന കാര്‍ കടത്തികൊണ്ടു പോകുന്നതിനിടെ  ജീപ്പിലും കാറിലും ഇടിച്ചശേഷം മറിഞ്ഞു. ഇന്നലെ രാവിലെ  11ന്  ചെറുതോണി ടൗണിലാണ് സംഭവം.  കെ.എല്‍. 9 എഡി 999 നമ്പരിലുള്ള ഡസ്റ്റര്‍ കാറാണ്  മറിഞ്ഞത്. ഡസ്റ്റര്‍ കാറിടിച്ച സ്വിഫ്ട് കാറിന്റെ മുന്‍വശം തകര്‍ന്നു. കാര്‍ വാങ്ങിയ കുതിരക്കല്ല് പാലിയത്ത് അബ്ദുള്‍ സലാം  കാറുമായി ഇന്നലെ രാവിലെ ചെറുതോണി പമ്പിന് സമീപമുള്ള ഓട്ടോ കണ്‍സള്‍ട്ടന്‍സി ഓഫീസിലെത്തിയതായിരുന്നു. വാഹനം പാര്‍ക്കുചെയ്ത ശേഷം സലാം ഓഫീസിലേയ്ക്ക് കയറിപ്പോയി. ഈസമയം   നെടുംങ്കണ്ടം സ്വദേശിയായ യഥാര്‍ത്ഥ ഉടമ ഷജില്‍ ഇസ്മയില്‍ കാര്‍ തട്ടികൊണ്ടു പോകുകയായിരുന്നു. അമിത വേഗതയിലെത്തിയ കാര്‍ ടൗണിന് സമീപം ഒരു ജീപ്പിനെ മറികടക്കുന്നതിനിടെ ജീപ്പിലുരസിയശേഷം എതിരെ വന്ന  കാറില്‍ ഇടിക്കുകയും സമീപത്തുള്ള റാഫേല്‍ ഒപ്ടിക്കല്‍ എന്ന കടയുടെ  മുന്‍പിലേയ്ക്ക് മറിയുകയായിരുന്നു. മറിയുന്നതിനിടെ  കടയുടെ  മുന്‍വശം തകര്‍ന്നു. ഈ സമയത്ത് കാല്‍നടയാത്രികര്‍  ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.  മറിഞ്ഞ കാറിന്റെ ഡോറിന്റെ വിടവിലൂടെ ഒരാള്‍  ഇറങ്ങി വന്നു. ഇയാള്‍ക്ക് പരുക്കുകള്‍ ഇല്ലെന്നും മറ്റാരും വാഹനത്തിലില്ലെന്നും പറഞ്ഞതിന് ശേഷം  ഇയാള്‍ ഓടി  രക്ഷപെട്ടു. അപകടം പറ്റിയത് കാണാനെത്തിയ സലാം തന്റെ കാറാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞതെന്നും മറ്റാരോ തട്ടികൊണ്ടു പോയതാണെന്നും നിലവിലെ ഉടമ താനാണെന്നും പോലീസിനോട് പറയുകയായിരുന്നു. വാഹനം അഡ്വാന്‍സ് നല്‍കി വാങ്ങിയശേഷം  ഫൈനാന്‍സ് ക്ലോസ് ചെയ്തു നല്‍കുമ്പോള്‍ ബാക്കി പണം നല്‍കാമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ ഡിസംബറിലാണ് വാഹനം  വാങ്ങിയത്. മുന്‍ ഉടമ ലോണ്‍ ക്ലോസ് ചെയ്തു  നല്‍കാത്തതിനാലാണ്  ബാക്കി തുക നല്‍കാത്തതെന്ന് പറയുന്നു. ഇത് സംബന്ധിച്ച് നെടുംങ്കണ്ടം സ്‌റ്റേഷനില്‍ കേസ് നല്‍കിയിരുന്നതാണ്. ഇവിടെ  പരിഹാരമുണ്ടാക്കാത്തതിനെ തുടര്‍ന്ന്  ഈ വാഹനത്തിന്റെ പേരില്‍ നിലവിലെ ഉടമ കോടതിയില്‍  കേസ് നല്‍കിയിരിന്നു. ഇതിനിടെയാണ്  വാഹനം  തട്ടികൊണ്ടു പോയത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്നും പരാതി ലഭിച്ചിി ട്ടില്ലെന്നും ചെറുതോണി പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.