ദളിത് പീഡനങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം: കുമ്മനം

Monday 12 June 2017 4:58 am IST

ദളിത് പീഡനങ്ങള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ദളിത് പീഡനങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദളിത് പീഡനങ്ങളില്‍ പ്രതിഷേധിച്ച് പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തുമുണ്ടാകാത്ത വിധം ദളിത്പീഡനങ്ങളാണ് കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കേരളത്തില്‍ നടന്നത്. അതില്‍ 90 ശതമാനം കേസുകളിലും സിപിഎമ്മിലെയോ അതിന്റെ പോഷക സംഘടനകളിലെയോ നേതാക്കന്മാരാണ്. അയ്യങ്കാളിയോ കണ്ണന്‍കുമാരനോ ജീവിച്ചിരുന്നെങ്കില്‍ അവര്‍ ഈ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമായിരുന്നു.

പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും ദളിത് വിഭാഗങ്ങളെ കൂടെനിര്‍ത്താമെന്ന വ്യാമോഹം ദളിതന്റെ പേറ്റന്റ് അവകാശപ്പെടുന്ന സിപിഎമ്മിന് ഇനി വേണ്ടെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം.കെ. നീലക്ണഠന്‍ മാസ്റ്റര്‍ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ ചെറിയ സംഭവം ഉണ്ടായാല്‍ പോലും പ്രധാനമന്ത്രി മോദിക്കെതിരെ വാളെടുക്കുന്നവര്‍ കേരളത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
പട്ടികജാതി മോര്‍ച്ചയുടെ ശക്തമായ സമരത്തിലൂടെ പിണറായി വിജയന് ഉറക്കം നഷ്ടപ്പെടുന്ന രാത്രികളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു.
പുത്തരിക്കണ്ടത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന്‌പേര്‍ പങ്കെടുത്തു. പട്ടിക ജാതിമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി. സുധീര്‍, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, സി. ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, ദക്ഷിണ മേഖലാ പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.എ. പുരുഷോത്തമന്‍, സര്‍ജ്ജു ചൊയ്ക്കാവ്, വൈസ് പ്രസിഡന്റുമാരായ കെ.കെ.ഭരതന്‍, കെ.കെ. ശശി, രമേശ് കാവിമറ്റം, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സ്വപ്‌നജിത്, മുകുന്ദന്‍ പള്ളിയറ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, സെക്രട്ടറി സതീഷ്, ബിജെപി ജില്ലാ നേതാക്കളായ ബിജു പി.നായര്‍, മലയിന്‍കീഴ് രാധാകൃഷണന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.