മുന്‍ ഏരിയാ സെക്രട്ടറി ലീഗ് എംഎല്‍എയുടെ പിണിയാളെന്ന് സിപിഎം

Monday 20 March 2017 10:58 pm IST

കളമശേരി: ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സക്കീര്‍ ഹുസൈന്‍ കളമശേരിയിലെ ലീഗ് എംഎല്‍എയുടെ പിണിയാളായി പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയുമായി സിപിഎം പ്രവര്‍ത്തകര്‍. എച്ച്എംടി കവല വികസനത്തിനായി കളമശ്ശേരി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ സംഘാടകനായി സക്കീര്‍ ഹുസൈന്‍ മാറിയതാണ് പുതിയ വിവാദം. എച്ച്എംടി കവലയുടെ വികസനത്തിനിടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, നിവേദനം നല്‍കിയ പ്രദേശവാസികളുടെ സംഘത്തെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെ ആ ക്രെഡിറ്റ് സ്വന്തമാക്കാനാണ് സ്ഥലം എംഎല്‍എ അടിയന്തിരമായി യോഗം വിളിച്ചതെന്ന ആരോപണവുമുണ്ട്. കളമശേരിയിലെ ലീഗിലെ പ്രബല വിഭാഗവുമായി സക്കീര്‍ ഹുസൈന് അടുത്ത ബന്ധമാണുള്ളതെന്നും സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ കരുക്കള്‍ നീക്കിയെന്നും കഴിഞ്ഞ നിയമസഭാ സമയത്ത് ആരോപണമുയര്‍ന്നിരുന്നു. പാര്‍ട്ടിയംഗങ്ങള്‍ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എംഎല്‍എ ലീഗുകാരനായിരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി സുധാകരന്‍ കളമശേരിയിലെ പൊതു ചടങ്ങില്‍ പറയുകയും ചെയ്തു. വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരു മാസം ജയില്‍വാസം നടത്തിയതിനെ തുടര്‍ന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സക്കീര്‍ ഹുസൈനെ മാറ്റിയത്. എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ഈ ഗുണ്ടാ നേതാവ് തന്നെയാണ് ഇപ്പോഴും നിയന്ത്രിക്കുന്നത്. കുസാറ്റ് കലോത്സവ ചെയര്‍മാനായി വന്നതും നഗരസഭ ഉപരോധസമയം നയിച്ചതും ഉദാഹരണമാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനും ലീഗിലെ ഇബ്രാഹിം കുഞ്ഞ് വിഭാഗത്തിനും താത്പര്യമുള്ള വിഷയങ്ങള്‍ മാത്രമേ സി പി എം ഏറ്റെടുക്കുകയുള്ളൂവെന്ന് നേരത്തേ ആരോപണമുണ്ട്. കഴിഞ്ഞ ദിവസം നടന്ന വികസന യോഗവും ലീഗിന്റെ താത്പര്യം സംരക്ഷിക്കാനാണെന്നാണ് പാര്‍ട്ടിയംഗങ്ങള്‍ കുറ്റപ്പെടുത്തുന്നത്. ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ എച്ച്എംടി റോഡ് നിര്‍മ്മാണം മൂന്ന് വര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല. മാത്രമല്ല എച്ച്എംടി കവല വികസനത്തിന് തടസമായ അനധികൃത കടകള്‍ മാറ്റാതെയിരുന്നതില്‍ പൊതുമരാമത്ത് മന്ത്രി കൂടിയായിരുന്ന എംഎല്‍എയ്ക്ക് പങ്കുള്ളതായും ആരോപണമുണ്ട്. ഇവയെല്ലാം രാഷ്ട്രീയമായി ഉയര്‍ത്തേണ്ടതിന് പകരം എം എല്‍ എ യുടെ പിഎ ആയി സക്കീര്‍ ഹുസൈന്‍ മാറിയെന്നാണ് വിമര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.