അഴകാര്‍ന്ന തുണിസഞ്ചികളുമായി കുടുംബശ്രീ വിപണനമേള

Monday 20 March 2017 11:00 pm IST

കണ്ണൂര്‍: ചെറിയ പൗച്ച് രൂപത്തില്‍ കൈപ്പിടിയില്‍ ഒതുക്കാവുന്ന, ആവശ്യത്തിനനുസരിച്ച് നിവര്‍ത്തി എടുക്കാനാവുന്ന തുണിസഞ്ചി. കണ്ടുപഴകിയവക്ക് പകരമായി ആരെയും ആകര്‍ഷിക്കുന്ന സൗകര്യപ്രദമായ രൂപത്തിലുളള സഞ്ചികളാണ് തുണിസഞ്ചി പ്രദര്‍ശന വിപണനമേളയുടെ മുഖ്യആകര്‍ഷണം. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ടൗണ്‍സ്‌ക്വയറിലാണ് പ്രദര്‍ശനം. ഏപ്രില്‍ 2ന് ജില്ലയെ പ്ലാസ്റ്റിക് ക്യാരിബാഗ് ഡിസ്‌പോസിബിള്‍ മുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലയിലെ തുണിസഞ്ചി നിര്‍മാണ സംരംഭകരെ പങ്കെടുപ്പിച്ച് മേള സംഘടിപ്പിച്ചത്. ജില്ലാകലക്ടര്‍ മിര്‍മുഹമ്മദ് അലി മേള ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും സഹകരണത്തോടെ നടക്കുന്ന വിപണനമേളയില്‍ 61 കുടുംബശ്രീ യൂണിറ്റുകളും മയ്യില്‍, കൊട്ടിയൂര്‍, ചെമ്പിലോട്, ഏഴോം, ആറളം ഗ്രാമശ്രീ അപ്പാരല്‍ യൂണിറ്റുകളുമാണ് ആദ്യദിനം ഉത്പന്നങ്ങളുമായെത്തിയത്. സ്‌കൂള്‍ ബാഗുകള്‍, ഫയല്‍ ഫോള്‍ഡര്‍, ട്രാവലര്‍ബാഗ് തുടങ്ങി 10 രൂപ മുതല്‍ 700 രൂപ വരെ വിലവരുന്ന വിവിധതരം തുണിസഞ്ചികള്‍ മേളയിലുണ്ട്. കുടുംബശ്രീ തയ്യല്‍ യൂണിറ്റുകള്‍ക്കൊപ്പം ഇരിണാവ് വീവേഴ്‌സ്, കേരള ദിനേശ്, ഗ്രാമം അഴീക്കോട് എന്നിവയുടെ ഉത്പന്നങ്ങളും ശ്രീകണ്ഠാപുരത്തെ മലബാര്‍ ഫാംഡിഷിന്റെ പാളപ്ലേറ്റുകളും വില്‍പ്പനയ്ക്കുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള 22 ന് വൈകീട്ട് സമാപിക്കും. ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം വാങ്ങാനും ആവശ്യമുള്ള ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനും മേളയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി റംല അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ദിലീപ്കുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്, അസി.കോര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.