നാശോന്മുഖമായ കാവ് കൂട്ടായ്മയില്‍ ശുചീകരിച്ചു

Monday 20 March 2017 11:02 pm IST

ചാലോട്: മുന്നൂറ് വര്‍ഷം മുന്നേവീണ് മണ്ണടിഞ്ഞ കാവ് കണ്ടെത്തി തിരുമുടി ഗ്രൂപ്പ് ശ്രദ്ധേയമാകുന്നു. ഒരു കാലത്ത് മുട്ടന്നൂര്‍ നാട്ടിന്റെ ഐശ്വര്യമായ ഒരു മുച്ചിലോട്ട്കാവ് നാഥനില്ലാതെ ആരും ശ്രദ്ധിക്കാതെ വന്നപ്പോള്‍ നാശോന്‍മുഖമായി മണ്ണടിഞ്ഞിരുന്നു. വാണിയ സമുദായത്തിന്റെ കുലദേവതയാണ് മുച്ചിലോട്ട് ഭഗവതി. ഈ പ്രദേശത്താകട്ടെ ഒരു വാണിയ കുടുംബത്തെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും മണ്ണടിഞ്ഞ മുച്ചിലോട്ട് കാവ് പുനരുദ്ധരിക്കാന്‍ നാട്ടുകാരും തിരുമുടി ഗ്രൂപ്പിനൊപ്പം കൈകോര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കരിവെള്ളൂര്‍ മുച്ചിലോട്ട് കാവിലെ മുച്ചിലോട്ട് ഭഗവതി യുടെ സ്ഥാനികന്‍ വല്ല്യച്ഛന്റെ പ്രമോദ് കോമരത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കാട് വെട്ടിത്തെളിച്ചപ്പോള്‍ മുച്ചിലോട്ട് കാവിന്റെ അടയാളങ്ങള്‍ കണ്ടെത്താനായി. കല്ലിളകിയ ശ്രീകോവില്‍, കൈലാസക്കല്ല്, ബലിക്കല്ല്, മണിക്കിണര്‍, മേലാളിപ്പടിയുടെതറ, വടക്ക്ഭാഗത്ത് ഭഗവതിമാരുടെ ശാക്തേയ കര്‍മ്മത്തറകള്‍ എന്നിവ കണ്ടെത്തി. കടന്നപ്പള്ളിയിലെ രാമന്‍ കോമരം വളപട്ടണം കാവിലച്ഛന്‍ ചന്ദ്രന്‍ കോമരം, ബാവോട് വെളുത്ത കുന്നത്ത് രാമചന്ദ്രന്‍ കോമരം, തെരൂര്‍ കൃഷ്ണന്‍ കോമരം, ആറ്റടപ്പപ്രശാന്തന്‍കോമരം തുടങ്ങിയ ആചാര്യരും വാണിയ സമുദായ സംസ്ഥാന കമ്മറ്റി ഭാരവാഹികളും നാട്ടുകാരും തിരുമുടി ഗ്രൂപ്പ് മെമ്പര്‍മാരുടെയും സാന്നിധ്യ കൂട്ടായ്മയോടെ സ്ഥലം വൃത്തിയാക്കി. കണ്ണൂര്‍ കാസര്‍കോഡ് കോഴിക്കോട് ജില്ലകളിലെ മുച്ചിലോട്ടുകാവുമായി ബന്ധപെടുന്ന യുവാക്കളുടെ നവമാധ്യമ കൂട്ടായ്മയാണ് തിരുമുടി ഗ്രൂപ്പ്. നിലംപൊത്തിയ ഒരു കാവിനെ ഉദ്ധരിക്കുന്നതില്‍ തിരുമുടിഗ്രൂപ്പ് സക്രിയമാകുമ്പോള്‍ അന്നദായിനിയായ മുച്ചിലോട്ട് ഭഗവതി യുടെ പുണ്യം ഒരു നാടിന്റെ സ്വന്തമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.