കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്തു

Monday 12 June 2017 8:36 am IST

തൃശൂര്‍: രസീത് നല്‍കാതെ അനധികൃതമായി പിഴ ഈടാക്കുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു കോളേജ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍ ചെയര്‍മാന്‍ കൃഷ്ണദാസിനെ റിമാന്‍ഡ് ചെയ്തു. അതേസമയം ലക്കിടി ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിക്ക് നേരെയുണ്ടായ സമാന പീഡനമുറകള്‍ തന്നെയാണ് ഷഹീറിനും നേരിടേണ്ടി വന്നതെന്നാണ് എഫ്ഐആറിനൊപ്പമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനുവരി മൂന്നിന് രാവിലെ കോളജിലെത്തിയ ഷഹീറിനെ ഓട്ടോറിക്ഷയില്‍ പിആര്‍ഒ വത്സലകുമാറാണ് പാമ്പാടി നെഹ്‌റു കോളജിലെ ചെയര്‍മാന്റെ ഓഫീസിലേക്ക് വിട്ടത്. ഇവിടെ വച്ച് ജിഷ്ണു കേസിലെ രണ്ടാം പ്രതിയായ പാമ്പാടി കോളജിലെ പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദന മുറകള്‍. പരാതി പിന്‍വലിച്ചില്ലെങ്കില്‍ റാഗിങ് കേസില്‍ കുടുക്കുമെന്നും വീട്ടില്‍ കയറി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഷൂസിട്ട കാലുകൊണ്ട് ഇടത് നെറ്റിയിലും തലയിലും ചവിട്ടുകയും ജനനേന്ദ്രിയത്തില്‍ ഇടിക്കുകയും ചെയ്തത് കൃഷ്ണദാസ് ആണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. രണ്ടാം പ്രതി സഞ്ജിത്ത് വിശ്വനാഥന്റെ കംപ്യൂട്ടറില്‍ നിന്നാണ് രേഖകളുടെ പ്രിന്റുകളെടുത്തതെന്ന് പോലീസ് പറഞ്ഞു. ഭയം മൂലം ഇക്കാര്യങ്ങള്‍ ആരോടും പറഞ്ഞില്ല. ഇതിന്റെ മൂന്നാം നാളിലാണ് ജിഷ്ണു പ്രണോയിയെ കോപ്പിയടിയില്‍ കുടുക്കി ഓഫിസില്‍ കൊണ്ടു പോയി മര്‍ദിച്ചതും അയാളുടെ മരണം സംഭവിച്ചത്. ഇതിനു ശേഷമാണ് ഷഹീര്‍ പരാതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.