യോഗിക്ക് ഗംഭീര തുടക്കം

Monday 12 June 2017 8:30 am IST

ലഖ്‌നൗ: അധികാരമേറ്റ് ആദ്യദിനം തന്നെ ഉദ്യോഗസ്ഥര്‍ക്ക് കടിഞ്ഞാണിടുന്ന പല ഉത്തരവുകളും പുറപ്പെടുവിച്ചുകൊണ്ട് യോഗിയുടെ ഭരണം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന പ്രതിജ്ഞയെടുപ്പിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച യോഗി ആരംഭിച്ചത്. ശുചിത്വമുള്ള ഭാരതം മഹാത്മാ ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും അതിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നുമുള്ള യോഗിയുടെ വാക്കുകള്‍ ഉദ്യോഗസ്ഥ പ്രമുഖര്‍ ഏറ്റുചൊല്ലി. ആദ്യമായാണ് ജോലി ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യേണ്ടിവരുന്നതെന്നാണ് ഇതേക്കുറിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരിലൊരാള്‍ പ്രതികരിച്ചത്. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെ വിവിധ വകുപ്പുകളിലും കോര്‍പ്പറേഷനുകളിലും നിയമിക്കപ്പെട്ട ഉപദേശകരെയും ചെയര്‍മാന്മാരെയും വൈസ് ചെയര്‍മാന്മാരെയും ഒന്നടങ്കം ഒഴിവാക്കുന്ന ഉത്തരവിലാണ് അദ്ദേഹം ആദ്യം ഒപ്പുവച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബന്ധുക്കളെയും രാഷ്ട്രീയ നേതാക്കളെയും കുത്തിനിറച്ചുകൊണ്ടാണ് ഇത്തരം ഉപദേശക സമിതികള്‍ സൃഷ്ടിക്കപ്പെട്ടത്. അവയാണ് യോഗി പിരിച്ചുവിട്ടത്. ലോക് ഭവനില്‍ ഉന്നതോദ്യോഗസ്ഥരുമായുള്ള ആദ്യയോഗത്തില്‍ത്തന്നെ എല്ലാ പ്രധാന ഉദ്യോഗസ്ഥരോടും അവരുടെ സ്വത്തുവിവരങ്ങള്‍ 15 ദിവസത്തിനകം വെളിപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരോടും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. വര്‍ഗീയ ലഹള, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഗോവധം എന്നിവ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും യോഗി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ വാഹനങ്ങളില്‍നിന്നും ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ യോഗി നിര്‍ദ്ദേശിച്ചതായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേബശീഷ് പാണ്ഡെയെയും പോലീസ് മേധാവി ജാവേദ് അഹമ്മദിനെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. വര്‍ഗീയ ലഹളകളുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.