ബെയ്‌ലി പാലം നിര്‍മാണം ഉടന്‍

Tuesday 21 March 2017 10:21 am IST

കൊട്ടാരക്കര: ഏനാത്ത് ബെയ്‌ലി പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഏപ്രില്‍ 15 ന് മുന്‍പ് ഗതാഗതത്തിന് തുറന്ന് കൊടുക്കും. ഏനാത്ത് കരസേന നിര്‍മ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണമാണ് ഉടന്‍ ആരംഭിക്കുക. നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ആദ്യ സൈനികസംഘം സ്ഥലത്തെത്തി കഴിഞ്ഞു. സെക്കന്തരബാദില്‍ നിന്നുള്ള 14 അംഗ സംഘമാണ് എത്തിയത്. അടൂര്‍ പഴകുളത്തുള്ള അഗ്രിക്കള്‍ച്ചറല്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ (പാസ്) ക്യാമ്പ് ഓഫിസ് തുറന്നാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏകോപിപ്പിക്കുന്നത്. മെയിന്‍ക്യാമ്പ് കൂടാതെ പാലം നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളില്‍ പ്രത്യേകം ടെന്‍ഡുകളും ക്രമീകരിക്കും. നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനും മുന്നൊരുക്കങ്ങള്‍ക്കും വേണ്ടി നേരത്തെ തന്നെ ഒരു വിഭാഗം സൈനികഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. അബട്ട്‌മെന്റിന്റെ കൈമാറ്റം കെഎസ്ടിപി നടത്തിയാല്‍ ഉടന്‍തന്നെ ഇവര്‍ നിര്‍മ്മാണം ആരംഭിക്കും. ഇന്നലെ സ്ഥലത്തെത്തിയ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അബട്ട്‌മെന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ ഇത് സേനക്ക് കൈമാറുമെന്നും പറഞ്ഞു. ഏപ്രില്‍ 15ന് മുന്‍പ് ഗതാഗതത്തിനായി പാലം തുറന്ന് കൊടുക്കാന്‍ കഴിയുമെന്നാണ് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അബട്ട്‌മെന്റ് നിര്‍മ്മാണം ഇരുകരകളിലും പൂര്‍ത്തിയായി കഴിഞ്ഞു. ഇപ്പോള്‍ അനുബന്ധറോഡുകളുടെ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരിക്കുകയാണ്. കുളക്കട ഭാഗത്ത് കോണ്‍ക്രീറ്റിങ് ജോലികള്‍ പൂര്‍ത്തിയായി. ക്രെയിനുകളും മറ്റും ഉപയോഗിച്ച് പാതയൊരുക്കലും മറ്റ് പ്രവര്‍ത്തനങ്ങളും ഏനാത്ത് ഭാഗത്ത് പൂര്‍ത്തിയായിവരുന്നു. അബട്ട്‌മെന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്ഥലം കൈമാറിയാല്‍ രണ്ടാഴ്ചക്കുള്ളില്‍ പാലം നിര്‍മ്മിച്ച് കൈമാറുന്നതിന് കഴിയുമെന്നും സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ പാലത്തിനുള്ള ഉപകരണങ്ങളും സാധനങ്ങളുമായി കൂടുതല്‍ സൈനികരും യാത്ര തിരിച്ച് കഴിഞ്ഞു. കരസേനയുടെ എംഇജി ഗ്രൂപ്പാണ് നിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.