ദുഃഖത്തെ ഇല്ലാതാക്കുന്നു

Monday 12 June 2017 4:38 am IST

  സൂക്ഷ്മരൂപത്തില്‍ നമ്മുടെയുള്ളില്‍ ഉള്ള സംസ്‌കാര ബീജങ്ങളെ കുറിച്ചും, ക്ലേശങ്ങളെക്കുറിച്ചും പ്രതിപാദിച്ചശേഷം പതഞ്ജലി മഹര്‍ഷി പറയുന്നു. ''തേ പ്രതിപ്രസവഹേയാഃ സൂക്ഷ്മാഃ'' (പാ.യോ.സൂ.2:10) നമ്മുടെ ഉള്ളില്‍ ബീജരൂപത്തിലുള്ള (പ്രസുപ്തം, തനു, വിച്ഛിന്നം, ഉദാരം) സംസ്‌കാരങ്ങളുടെ കാരണം കണ്ടെത്തി അതിനെ ഇല്ലാതാക്കണം എന്നാണ് ഈ സൂത്രത്തിലൂടെ പറയുന്നത്. ഇത് വളരെ പ്രയാസമുള്ള കാര്യമാണ്. തപസ്സ് സ്വാധ്യായം, ഈശ്വര പ്രണിധാനം (ക്രിയായോഗം) എന്നിവയിലൂടെ സ്ഥൂലരൂപത്തില്‍ ഉള്ള (ഉദാരം) ക്ലേശബീജങ്ങളെ സൂക്ഷ്മരൂപത്തില്‍ ആക്കാന്‍ സാധിക്കുന്നു. പക്ഷെ ഇല്ലാതാക്കാന്‍ കഴിയുന്നില്ല. ഒരാള്‍ കോപിച്ചു എന്നതുകൊണ്ട് കോപിഷ്ഠന്‍ എന്ന് വിളിക്കാന്‍ കഴിയില്ല, ഇപ്പോള്‍ കോപിച്ചിരിക്കുന്നു എന്നുമാത്രം. ഈ കോപത്തെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും, എന്നാല്‍ ഇല്ലാതാക്കാന്‍ പ്രയാസമാണ്. ക്രോധം സ്ഥൂലരൂപം പ്രാപിക്കുന്നതാണ് ഉദാരാവസ്ഥ. എന്നാല്‍ നിയന്ത്രണത്തിലൂടെ ഇത് സൂക്ഷ്മ (തനു) രൂപത്തെ പ്രാപിക്കുന്നു. ഒരാള്‍ക്ക് ദേഷ്യപ്പെടുന്ന പ്രകൃതം ഉണ്ടെങ്കില്‍ ക്രിയായോഗത്തിലൂടെ ആ ക്രോധത്തെ അടക്കി നിര്‍ത്താന്‍ അഥവാ സൂക്ഷ്മമാക്കി വയ്ക്കാന്‍ കഴിയുന്നു. എന്നാല്‍ അനുകൂല സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും സ്ഥൂലരൂപത്തെ പ്രാപിക്കാം എന്നുപറഞ്ഞശേഷം ഇതിനെ ഇല്ലാതാക്കാനുള്ള മാര്‍ഗത്തെ കുറിച്ചാണ് പതഞ്ജലി മഹര്‍ഷി പറയുന്നത്. ''ധ്യാനഹേയാസ്തദ്‌വൃത്തയഃ'' (പാ.യോ. സൂ. 2:11) അവിദ്യ, അസ്മിത, രാഗം, ദ്വേഷം അഭിനിവേശം തുടങ്ങിയ ക്ലേശങ്ങളെ ധ്യാനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നു. അഥവാ ക്രിയായോഗത്തിലൂടെ സൂക്ഷ്മരൂപത്തെ പ്രാപിക്കുന്ന ക്ലേശബീജങ്ങളെ ധ്യാനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്നു. ധ്യാനത്തിലൂടെ വിവേകജ്ഞാനം ലഭിക്കുമ്പോള്‍ ഈശ്വരന്‍, ആത്മാവ്, പ്രകൃതി ഇവയെക്കുറിച്ചുള്ള ശരിയായ ജ്ഞാനം നമുക്ക് ലഭിക്കുകയും അവിദ്യ ഇല്ലാതാകുകയും ചെയ്യുന്നു. അവിദ്യ ഇല്ലാതാകുന്നതോടെ ക്ലേശങ്ങള്‍ അകന്ന് മനസ്സ് നിര്‍മലമാകുന്നു. ക്രിയായോഗത്താല്‍ 'തനു' അവസ്ഥയിലാകുന്ന ക്ലേശങ്ങള്‍ ധ്യാനാഗ്നിയില്‍ ദഹിച്ച് ഇല്ലാതാകുന്നു. അങ്ങനെ ചിത്തശുദ്ധിക്കും ജീവിതവിജയത്തിനും ധ്യാനം നമ്മെ സഹായിക്കുന്നു എന്നുപറഞ്ഞശേഷം അടുത്ത സൂത്രത്തില്‍ കര്‍മ്മഫലത്തെ കുറിച്ചു പ്രതിപാദിക്കുന്നു. ''ക്ലേശമൂലഃ കര്‍മ്മാശയോ ദൃഷ്ടാദൃഷ്ട ജന്മവേദനീയഃ'' (പാ.യോ.സൂ.2:12) ക്ലേശങ്ങളിലൂടെ ഉല്‍പ്പന്നമാകുന്ന പുണ്യാപുണ്യങ്ങളുടെ ഫലം ഈ ജന്മത്തിലോ വരാനിരിക്കുന്ന ജന്മങ്ങളിലോ അനുഭവിക്കേണ്ടിവരും. ഇവിടെ കാമ്യകര്‍മ്മത്തില്‍ നിന്നും ഉണ്ടാകുന്ന സംസ്‌കാരങ്ങള്‍ പുണ്യമായോ, പാപമായോ, ശുഭമായോ, അശുഭമായോ ഷഡ്‌വൈരികള്‍ക്ക് കാരണമാകുന്നു. ഈ ശുഭാശുഭ ചിന്തകള്‍ക്കനുസരിച്ചുള്ള കര്‍മ്മങ്ങളുടെ ഫലം ഒരുവന്‍ ഈ ജന്മത്തിലോ വരും ജന്മങ്ങളിലോ അനുഭവിച്ചേ തീരൂ. സഞ്ചിതം ആഗാമി, പ്രാരാബ്ദം എന്നീ രൂപങ്ങളില്‍ ഇവ നമ്മോടൊപ്പം തന്നെയുണ്ട്. ഓരോ കര്‍മ്മങ്ങളിലും ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി ഇവയുടെ പ്രതിഫലനവുമുണ്ട്. സുഖത്തെ പ്രാപിക്കാനുള്ള ആഗ്രഹം (രാഗം) ഇച്ഛാശക്തിയായും സുഖം നേടുന്നതിനുള്ള ഉപായങ്ങളെയും മാര്‍ഗങ്ങളെയും കുറിച്ചുള്ള ചിന്ത ജ്ഞാനശക്തിയായും, അത് നേടിയെടുക്കുന്നതിനുള്ള പരിശ്രമം ക്രിയാശക്തിയായും നമ്മില്‍ പ്രവര്‍ത്തിക്കുന്നു. ക്ലേശങ്ങള്‍ മനസ്സില്‍ വൃത്തിരൂപേണ പരിണമിച്ച് ചിന്തകളും, പ്രവൃത്തിയുമായി മാറുന്നു. എന്നാല്‍ പ്രവൃത്തി (കര്‍മ്മം)അവസാനിക്കുമ്പോള്‍ സ്ഥൂലരൂപത്തിലുള്ള വൃത്തികള്‍ സൂക്ഷ്മരൂപത്തിലേക്ക് പിന്‍വാങ്ങുക മാത്രമാണ് ചെയ്യുന്നത്. ആ കര്‍മ്മത്തെ സ്മരിക്കുന്ന മാത്രയില്‍ അത് സ്ഥൂലരൂപത്തില്‍ ആകുകയും ചെയ്യുന്നു. കര്‍മ്മ സ്മരണ ഉണ്ടാകുന്നതുതന്നെ അത് സൂക്ഷ്മരൂപത്തില്‍ നമ്മുടെയുള്ളില്‍ ഉള്ളതുകൊണ്ടാണ്. ഈ സൂക്ഷ്മരൂപത്തിലുള്ള ശുഭാശുഭ വിചാരങ്ങള്‍ കാലാന്തരത്തില്‍ ദുഃഖ കാരണങ്ങളായി (ക്ലേശങ്ങള്‍)പുറത്തുവന്ന് മോക്ഷത്തിന് തടസ്സമാകുന്നു. എല്ലാ വിഷയങ്ങളും ഭോഗതൃഷ്ണ വര്‍ധിപ്പിക്കുന്നു, മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അന്തമില്ലാത്തതിനാല്‍ അവസാനം ആശ നിറവേറ്റാന്‍ വയ്യാത്ത ഘട്ടം എത്തുകയും അത് തീരാദുഃഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാല്‍ ശുഭാശുഭമായ എല്ലാ സംസ്‌കാരത്തെയും യോഗികള്‍ ക്ലേശങ്ങളായി കാണുന്നു, അവ ആത്മാവിന്റെ മുക്തിമാര്‍ഗത്തിന് തടസ്സങ്ങളുമാണ്. ഈ ജന്മത്തില്‍ ചെയ്യുന്ന പുണ്യാപുണ്യങ്ങള്‍ പ്രബലങ്ങളാണെങ്കില്‍ അതിന്റെ ഫലം നാം ഈ ജന്മത്തില്‍ തന്നെ അനുഭവിക്കുന്നു. അതി പ്രബലമായ ശുഭസംസ്‌കാര ശക്തി സമ്പാദിക്കാന്‍ കഴിയുന്നവര്‍ക്ക് ഈ ജന്മത്തില്‍ തന്നെ മനുഷ്യശരീരങ്ങളെ ദേവശരീരങ്ങളാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് യോഗികള്‍ വിശ്വസിക്കുന്നു. അതിനായി അവര്‍ ശരീരനിര്‍മിതിയിലെ അടിസ്ഥാന ഘടകങ്ങളായ ധാതുക്കളെ രോഗം ഉണ്ടാകാത്തവിധം പുനര്‍വിന്യസിക്കുന്നു. സൂര്യയോഗി ഹീരാ രത്തന്‍ മനേക് സൂര്യശക്തി സ്വീകരിച്ച് ധാതു സന്തുലനവും ജീവനും നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തെളിയിച്ച ഈ കാലഘട്ടത്തിലെ മാഹാനാണ്. അതുപോലെ യോഗികള്‍ പ്രാണശക്തിയിലൂടെ ധാതുക്കളുടെ പുനര്‍വിന്യാസം നിര്‍വഹിക്കുന്നു. അതിനായി അവര്‍ തങ്ങളുടെ മനോബലത്തെ ഉപയോഗപ്പെടുത്തുന്നു. മനുഷ്യന്‍ അന്നത്തിലൂടെ ധാതുപോഷണവും, നാഡികളിലൂടെ ഊര്‍ജ്ജ വിന്യാസവും ശീലിച്ചതിനാല്‍ അതില്‍നിന്നും ഭിന്നമായി ചിന്തിക്കുന്നില്ല. വൈദ്യുതി, കമ്പികളിലൂടെയാണ് നാം എല്ലാ ഭാഗത്തേക്കും എത്തിക്കുന്നതെങ്കില്‍ പ്രകൃതി ഒരു കമ്പിയുടെയും സഹായമില്ലാതെ വിദ്യുത്പ്രവാഹത്തെ നിര്‍വഹിക്കുന്നതുപോലെ, യോഗികള്‍ യോഗശക്തിയിലൂടെ ആര്‍ജ്ജിക്കുന്ന ഊര്‍ജ്ജത്തെ മനഃശക്തിയിലൂടെ ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ഊര്‍ജ്ജവിന്യാസം നിര്‍വഹിക്കുന്നു. ഇങ്ങനെ സാധിക്കുന്ന യോഗികള്‍ ജനനമരണങ്ങള്‍ക്കതീതനാണ്. ഹിമാലയസാനുക്കളില്‍ ആയിരത്താണ്ടുകാലം യോഗികള്‍ ജീവിക്കുന്നു എന്നുപറയുന്നത് ഒരുപക്ഷേ ഇങ്ങനെയാവാം. ജഗത്തിലെ സകല സൃഷ്ടിയും നിര്‍വഹിച്ചിരിക്കുന്നത് സൂക്ഷ്മ തന്മാത്രകളാലാണ്. തന്മാത്രയുടെ ചേരുവയില്‍ വ്യത്യാസം ഉള്ളതിനാല്‍ വ്യത്യസ്ത പദാര്‍ത്ഥങ്ങള്‍. നമ്മുടെ ശരീരവും സൂക്ഷ്മ തന്മാത്രകളാല്‍ നിര്‍മിതമാണ്. ഈ ശരീരം നമ്മുടെ നിയന്ത്രണത്തിലും ആണ്. അന്നത്തില്‍ നിന്നുണ്ടായ ഈ ശരീരം അന്നത്തിലൂടെ തന്നെ പോഷിപ്പിക്കപ്പെടുന്നു. നമുക്കുവേണ്ടി മറ്റൊരാള്‍ ഭക്ഷണം കഴിച്ചാല്‍ ഈ ശരീരം ഒരിക്കലും വളരുന്നില്ല. ആഹാരത്തില്‍ നിന്നും ധാതുവിനെ നിര്‍മ്മിക്കുന്നത് നമ്മള്‍ തന്നെയാണ്, അതിനെ വിന്യസിപ്പിക്കുന്നതും നമ്മള്‍ തന്നെയാണ്, ഈ ശരീരത്തില്‍ തന്നെയാണ് നാം ഓരോരുത്തരും ജീവിക്കുന്നതും അതിനാല്‍ ഇതിനെ പുനര്‍വിന്യാസം ചെയ്യാന്‍ നമുക്ക് സാധിക്കും. ഓരോ കോശങ്ങളിലെയും ഡിഎന്‍എ ഘടനയില്‍ നമുക്ക് പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിയും. മാറിയ കാലഘട്ടത്തിലെ ജീവിതരീതിയില്‍ നാം ഇത് വിസ്മരിച്ചു എന്നുമാത്രം. അങ്ങനെ നമുക്ക് ഈ ജന്മത്തില്‍ തന്നെ കര്‍മ്മഫലങ്ങളിലൂടെ ഉണ്ടാകുന്ന മുക്തിക്ക് തടസ്സങ്ങളായ ക്ലേശങ്ങളെയും അതിന്റെ ഫലത്തെയും അഷ്ടാംഗയോഗത്തിലൂടെ (ധ്യാനം) ഇല്ലാതാക്കി ജീവന്മുക്തി നേടാന്‍ സാധിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.