മലിനജലം മണിമലയാറ്റിലൊഴുക്കുന്നത് സംബന്ധിച്ച വിഷയം തര്‍ക്കത്തിനിടയാക്കി

Tuesday 21 March 2017 9:39 pm IST

മുണ്ടക്കയം; മലിനജലം മണിമലയാറ്റിലൊഴുക്കുന്നത് സംബന്ധിച്ച വിഷയം തര്‍ക്കത്തിനിടയാക്കി. മുണ്ടക്കയം ടൗണിലൂടെ ഒഴുകി മണിമലയാറ്റില്‍ ചെന്നെത്തുന്ന ഓടയിലെ മലിന ജലം പ്രശനം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയായിരുന്നു. നിര്‍മാണത്തിലിരിക്കുന്ന ബൈപ്പാസ് നിര്‍മ്മാണ സ്ഥലത്ത് നിന്നും ഓടയുടെ നീരൊഴുക്ക് അടഞ്ഞതിനെ തുടര്‍ന്ന് സെന്റ് മേരീസ് പള്ളി പറമ്പിലേയ്ക്ക് മലിന ജലം ഒഴുകിയിരുന്നു. ഈ സ്ഥലത്ത് ചൊവ്വാഴ്ച ജെസിബി ഉപയോഗിച്ച് മണ്ണിട്ട് മൂടുവാന്‍ ശ്രമം നടത്തിയതാണ് പ്രതിഷേധത്തിന് ഇടനല്‍കിയത്. ഓട മണിമലയാറ്റിലേയ്ക്ക് തുറന്ന് വിടാന്‍ പറ്റില്ലെന്ന് ആവശ്യപെട്ട് ഒരുകൂട്ടം ആളുകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയും അനുരഞ്ജന ചര്‍ച്ച നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രശ്‌നത്തിന് താല്‍കാലിക പരിഹാരം കാണാം എന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയത്. മണിമലയാറിന്റെ തീരത്ത് ബൈപ്പാസിന് സമീപത്തായി വലിയ കുഴിയെടുത്ത് മലിന ജലം അതിലേയ്ക്ക് ഒഴുക്കി താല്‍കാലിക പരിഹാരം കാണുവാനാണ് തീരുമാനമായത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ പരിശോധന നടത്തി ഓടയിലേയ്ക്ക് തുറന്ന് വച്ചിരിക്കുന്ന പൈപ്പുകള്‍ അടപ്പിക്കുവാനും പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കാണുവാന്‍ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉള്‍പെടുത്തിയുള്ള കമ്മറ്റി രൂപീകരിച്ച് പിഡബ്ല്യുഡി അധികൃതരെ നേരില്‍കണ്ട് ചര്‍ച്ച നടത്തുവാനും യോഗം തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.