അനുഗ്രഹ വര്‍ഷവുമായി അമ്മ എത്തി

Monday 12 June 2017 7:08 am IST

കോഴിക്കോട്: വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാന ക്ഷേത്രം വാര്‍ഷിക മഹോത്സവത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ അമ്മ കോഴിക്കോട്ടെത്തി. ഭക്തിസാന്ദ്ര നിമിഷം തീര്‍ത്തുള്ള അമ്മയുടെ വരവ് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവര്‍ഷമായി. അമ്മ വരുമെന്നറിഞ്ഞ് നൂറുകണക്കിന് ഭക്തരാണ് ഇന്നലെ രാവിലെ മുതല്‍ തന്നെ ആശ്രമത്തിലെത്തിയത്. കാത്തിരിപ്പിനൊടുവില്‍ വൈകിട്ടോടെ അമ്മയെത്തിയപ്പോള്‍ ഭക്തരുടെ കണ്ണും മനസ്സും നിറഞ്ഞു. അമ്മയെ കണ്ട് ഒരു വിഭാഗം ഭക്തജനങ്ങള്‍ തിത്തിത്താര പാടി. മറ്റൊരു വിഭാഗം തങ്ങളുടെ കൈകളിലുണ്ടായിരുന്ന പൂമാലകള്‍ അമ്മയുടെ കഴുത്തില്‍ ചാര്‍ത്തി. ഭക്തജനങ്ങള്‍ക്കിടയിലൂടെ പുഞ്ചിരി തൂകി വേദിയിലെത്തിയ അമ്മയ്ക്ക് കെ.പി. നായര്‍ പൂര്‍ണ്ണകുംഭം സമര്‍പ്പിച്ചു. ജില്ലാ ജഡ്ജി എം.ആര്‍. അനിത, ഗിരിജ നായര്‍ എന്നിവര്‍ പാദപൂജ നടത്തി. കോഴിക്കോട് അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, പി.കെ. ശ്രീധരന്‍ നായര്‍, കെ. ഗോപാലകൃഷ്ണന്‍, വേണു താമരശ്ശേരി, ബ്രഹ്മചാരി ജയശങ്കര്‍, ബ്രഹ്മസ്ഥാനം ശാന്തി ബ്രഹ്മചാരി ഷൈജന്‍, ഹരിവിജയന്‍, കെ. വിജയന്‍, വി. രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുവധര്‍മ്മധാര പ്രവര്‍ത്തകരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. ഇന്നും നാളെയുമായാണ് ബ്രഹ്മസ്ഥാന വാര്‍ഷികമഹോത്സവ പരിപാടികള്‍ നടക്കുന്നത്. ഇന്ന് രാവിലെ 5.30ന് നടക്കുന്ന ധ്യാനത്തോടെ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാവും. തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചന നടക്കും. രാവിലെ 11 മണി മുതല്‍ അമ്മയുടെ സത്‌സംഗം, ഭജന തുടര്‍ന്ന് അമ്മയുടെ ദര്‍ശനം ഉണ്ടാവും. ഇന്ന് രാവിലെ 7.30ന് രാഹുദോഷ നിവാരണപൂജയും 23 ന് രാവിലെ 7.30ന് ശനിദോഷ നിവാരണപൂജയും നടക്കും. ഉത്സവദിവസങ്ങളില്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജയ്ക്ക് പുറമെ മഹാഗണപതി ഹോമം, മഹാ ധന്വന്തരി ഹോമം, നവഗ്രഹ ഹോമം, മഹാസുദര്‍ശന ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഭഗവതി സേവ, സരസ്വതി പൂജ, മഹാലക്ഷ്മി പൂജ, ദൂര്‍ഗ്ഗാ പൂജ, കാളീപൂജ എന്നിവയുമുണ്ടാകും. സ്വാശ്രയ സംഘങ്ങളില്‍ അംഗങ്ങളായവര്‍ക്കുള്ള പെന്‍ ഷന്‍ വിതരണവും, സാരി വിതരണവും ഉത്സവദിവസം അമ്മ നിര്‍വഹിക്കും. ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് അമ്മയുടെ പ്രഭാഷണം കേള്‍ക്കുന്നതിനും ദര്‍ശനത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇരിക്കുന്നതിനായി വലിയ പന്തല്‍ ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആദ്യം ടൈം കാര്‍ഡുകള്‍ വിതരണം ചെയ്യും. ദര്‍ശനത്തിന് തൊട്ടു മുമ്പായി ദര്‍ശന ടോക്കണുകളും നല്‍കും. ടോക്കണ്‍ നമ്പര്‍ സ്‌ക്രീനില്‍ തെളിയുന്നതിനനുസരിച്ച് ഭക്തര്‍ക്ക് ദര്‍ശനം നേടാവുന്നതാണ്. ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് രണ്ട് ദിവസവും അന്നദാനം ഒരുക്കിയിട്ടുണ്ട്. രാഹുദോഷ നിവാരണ പൂജ, ശനിദോഷ നിവാരണപൂജ എന്നിവയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.