കൗണ്‍സില്‍ യോഗത്തില്‍ ബഹളം, കയ്യേറ്റം തെരുവ് വിളക്ക് കരാര്‍ അഴിമതി: കരാര്‍ റദ്ദാക്കണമെന്ന് ബിജെപി, ആവശ്യം തള്ളി മേയറും ഭരണപക്ഷവും

Monday 12 June 2017 7:06 am IST

കോഴിക്കോട്: കോര്‍പ്പറേഷന്‍ തെരുവ് വിളക്ക് കരാര്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും കരാര്‍ റദ്ദ് ചെയ്യണമെന്നുമുള്ള ആവശ്യം തള്ളി മേയറും ഭരണപക്ഷവും. ഇന്നലെ ചേര്‍ന്ന കൗണ്‍ സില്‍ യോഗത്തിലാണ് ബിജെപി, യുഡിഎഫ് അംഗങ്ങള്‍ വിവാദമായ കരാര്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇതിന് ഭരണപക്ഷവും മേയറും തയ്യാറായില്ല. ഇതു സംബന്ധിച്ച വിഷയം ചര്‍ച്ചയായപ്പോള്‍ ഉച്ചത്തില്‍ ബഹളംവെച്ചും കയ്യൂക്കുകൊണ്ടും പ്രതിപക്ഷത്തെ നേരിടാനായിരുന്നു ഭരണപക്ഷത്തിന്റെ ശ്രമം. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം ശക്തമായതോടെ മേയര്‍ സഭ നിര്‍ത്തിവെച്ചു. പ്രതിഷേധത്തിനിടെ ബിജെപി കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാറിനെ സിപിഎം കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തു. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ ഏകപക്ഷീയമായി അജണ്ടകള്‍ പാസ്സാക്കി യോഗ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു മേയറും ഭരണപക്ഷവും. ഗുരുതരമായ തെറ്റു സംബന്ധിച്ചെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കരാര്‍ റദ്ദാക്കണമെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് അംഗങ്ങളും ഈ ആവശ്യത്തെ പിന്തുണച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ചാല്‍ പോരെന്നായിരുന്നു യുഡിഎഫ് നിലപാട്. വന്‍മാഫിയ തന്നെ ഇതിന് പിന്നിലുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അവരും ആവശ്യപ്പെട്ടു. എന്നാല്‍ കരാര്‍ സംബന്ധിച്ച ഗുരുതരമായ വീഴച് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കരാര്‍ റദ്ദാക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഭരണപക്ഷ അംഗങ്ങളുടെയും മേയറുടെയും നിലപാട്. മേയറുടെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി, യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയും മേയറുടെ ചേംബറിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതിനിടെ ഭരണപക്ഷ അംഗങ്ങളും മേയര്‍ക്ക് ചുറ്റുമായി നിലയുറപ്പിച്ചു. ഭരണപക്ഷഅംഗങ്ങള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ തള്ളിമാറ്റാന്‍ ശ്രമം നടത്തി. ഇതിനിടെയാണ് ബിജെപി കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാറിനെ സിപിഎം കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തത്. സഹകൗണ്‍സിലര്‍മാര്‍ ഇടപെട്ട് സിപിഎം കൗണ്‍സിലര്‍മാരെ പിടിച്ചുമാറ്റുകയായിരുന്നു. ബഹളം തുടരുന്നതിനിടെ യോഗ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി മേയര്‍ പ്രഖ്യാപിച്ചു. പിന്നീട് മുക്കാല്‍ മണിക്കൂറോളം നിര്‍ത്തി വെച്ചതിന് ശേഷമാണ് യോഗനടപടികള്‍ പുനരാരംഭിച്ചത്. വിവിധ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും യോഗം ആരംഭിച്ചപ്പോള്‍ മേയര്‍ നേരത്തെ സ്വീകരിച്ച നിലപാട് തന്നെ ആവര്‍ത്തിക്കുകയായിരുന്നു. കരാര്‍ റദ്ദാക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ ആവശ്യം മേയര്‍ തള്ളുകയും അജണ്ടയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ മേയര്‍ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വീണ്ടും പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറിന് മുന്നില്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതിനിടയില്‍ മേയറ് മുഴുവന്‍ അജണ്ടയും വായിച്ച് അംഗീകരിച്ചു. യോഗം പിരിഞ്ഞതിന് ശേഷം ബിജെപി, യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രകടനം നടത്തി. ബിജെപി കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, അനില്‍ കുമാര്‍, നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ. പി.എം. സുരേഷ് ബാബു, പി. കിഷന്‍ ചന്ദ്, അഡ്വ.പി.എം . നിയാസ്, സി. അബ്ദുറഹിമാന്‍, ബിജുരാജ്, വിദ്യാ ബാലകൃഷണന്‍, കെ.ടി. ബീരാന്‍ കോയ, സിപിഎം അംഗങ്ങളായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, അനില്‍കുമാര്‍, എം. രാധാകൃഷ്ണന്‍, അഡ്വ. സീനത്ത്, കെ. റഫീഖ്, പത്മനാഭന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.