വിളപ്പില്‍: പോത്തന്‍കോട് ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനില്‍ നിന്നുള്ള 110 കെവി ലൈനിന്റെ വൈദ്യുത കമ്പികള്‍ പൊട്ടിവീണു. ഇതോടെ ഇന്നലെ ഗ്രാമീണ മേഖല ഇരുട്ടിലായി.
അരുവിക്കര, ഏണിക്കര എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വൈദ്യുതകമ്പികള്‍ പൊട്ടിവീണത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പൊട്ടിവീണ കമ്പികള്‍ രാത്രി ഏറെ വൈകിയും പുനഃസ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ പഠനം മുടങ്ങി. നഗരത്തിലുള്‍പ്പടെ കുടിവെള്ള വിതരണം നടത്തുന്ന അരുവിക്കര ജലസംഭരണിയില്‍ പമ്പിംഗ് തടസപ്പെട്ടു.
മലയോര മേഖലയായ അരുവിക്കര, കാട്ടാക്കട താലൂക്കുകളിലെ ജനങ്ങളെയാണ് വൈദ്യുതതടസം കാര്യമായി ബാധിച്ചത്. വൈദ്യുതി ബന്ധം നിലച്ചതോടെ ടവറുകളുടെ പ്രവര്‍ത്തനം താറുമാറായി ടെലഫോണുകളും നിശ്ചലമായി. വലിയ ടവറുകളില്‍ നിന്നുള്ള വൈദ്യുത കമ്പികളാണ് പൊട്ടിവീണത്. ഇത് എപ്പോള്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് വൈദ്യുതവകുപ്പ് അധികൃതര്‍ക്കും നിശ്ചയമില്ല. പോരാത്തതിന് ഇവിടെ ശക്തമായ മഴ പെയ്തത് വൈദ്യുത ലൈനില്‍ ജോലിചെയ്യുന്നതിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: