ഇന്ന് ലോക ജല ദിനം, പെണ്‍കരുത്തില്‍ ഒരു പൊന്‍കുളം

Tuesday 21 March 2017 11:19 pm IST

ശിവാകൈലാസ് വിളപ്പില്‍: ബിന്ദുവും മഞ്ചുവും ഉഷയുമൊക്കെ ഇന്ന് നാട്ടിലെ താരങ്ങളാണ്. കുടിനീരിനായി നെട്ടോട്ടമോടിയ ജനങ്ങള്‍ക്ക് ഈ പെണ്‍കരുത്ത് സമ്മാനിച്ചത് ഒരു പൊന്‍കുളം. നാടിന്റെ തേങ്ങലിന് ആ പെണ്‍കൊടികള്‍ തങ്ങളുടെ അധ്വാനം പകരംവച്ചപ്പോള്‍ ഭൂമിദേവിയും തെളിനീരു ചുരത്തി. വെള്ളനാട് ചാങ്ങയിലാണ് സ്ത്രീകളുടെ കൂട്ടായ്മ 18 അടിയിലേറെ താഴ്ചയും 15 ചതുരശ്ര അടി വിസ്തീര്‍ണവുമുള്ള കുളം നിര്‍മിച്ചത്. കടുത്ത വേനലില്‍ കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടതോടെ വെള്ളത്തിന് നാട്ടുകാര്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥ. ചാങ്ങ ഏലാ ഒരുകാലത്ത് ജലസമൃദ്ധമായിരുന്നു. എന്നാലിന്ന് നീര്‍ചാലുകള്‍ വറ്റി മരുഭൂമി പോലായി. ബിന്ദുവിന്റെ നേതൃത്വത്തില്‍ അഞ്ചുസ്ത്രീകള്‍ കുളം കുഴിക്കാന്‍ തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇവര്‍ തോടും കുളവുമൊക്കെ നവീകരിച്ച പരിചയമുണ്ടെങ്കിലും കുളം വെട്ടുന്നത് ആദ്യം. തങ്ങളുടെ വിയര്‍പ്പിന് വിലയുണ്ടാകുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ തൂമ്പയും പിക്കാസുമേന്തി കുളം കുഴിക്കാന്‍ തയ്യാറായി. ഉപയോഗശൂന്യമായി കിടന്ന ചാങ്ങ ഏലാക്കരയിലെ പുറമ്പോക്ക് ഭൂമി കുളത്തിന് അനുയോജ്യമെന്ന് കണ്ടെത്തി. ബിജെപി പ്രതിനിധിയായ വാര്‍ഡ് മെമ്പര്‍ എം.പി. രഞ്ജിത്ത് കുളം നിര്‍മാണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നാടിന്റെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടേ പിന്മാറുവെന്ന് ഉറപ്പിച്ച് സ്ത്രീകള്‍ ഭൂമി തുരന്നു. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സഹായിക്കാനുമായി തൊഴിലുറപ്പില്‍ അംഗമായ ചന്ദ്രനും ഒപ്പംകൂടി. ഇരുപതുദിവസം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ പെണ്‍ കരുത്ത് വിജയം കണ്ടു. തൊഴിലുറപ്പ് പദ്ധതിയില്‍ പത്തടി താഴ്ചയുള്ള കുളത്തിനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഒരിക്കലും വറ്റാത്ത നീരുറവയ്ക്ക് എട്ടടികൂടി അവര്‍ കുഴിച്ചുതാഴ്ത്തി. നാടിനായി കരുതിവച്ചതുപോലെ ഭൂഗര്‍ഭത്തില്‍നിന്ന് അണപൊട്ടിയൊഴുകിയ വെള്ളം ഇനി ഒരുപാട് കുടുംബങ്ങളുടെ ദാഹമകറ്റും. സ്ത്രീകളാണ് കുളം നിര്‍മിച്ചതെന്ന് കാഴ്ചക്കാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. പെണ്‍കുളമെന്ന് പലരും വിളിപ്പേരു കല്‍പ്പിച്ചെങ്കിലും പൊന്‍കുളമെന്ന് വിളിക്കാനാണ് നാട്ടുകാര്‍ക്കിഷ്ടം. അതെ, പെണ്‍കരുത്തില്‍ പിറന്ന പൊന്‍കുളം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.