ദിവ്യന്‍ ചമഞ്ഞ് പീഡനം; യുവാവ് അറസ്റ്റില്‍

Monday 12 June 2017 5:58 am IST

കാക്കനാട്: ദിവ്യന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ച വിരുതന്‍ അറസ്റ്റില്‍. വാടക ഫ്‌ളാറ്റില്‍ അഭ്യസ്ത വിദ്യരായ പെണ്‍കുട്ടികളെ വശീകരിച്ച് പൂജകളുടെയും മറ്റും പേരില്‍ പണം തട്ടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത തൃശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (കണ്ണന്‍-30) ആണ് പോലീസ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കില്‍ ജോലിക്ക് പോയിരുന്ന യുവതിയെയും രണ്ട് കൂട്ടുകാരികളെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ദിവ്യന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിച്ച് പണം തട്ടിയെടുത്തതിന്റെ ചുരുളഴിഞ്ഞത്. ബ്രഹ്മപുരത്തെ കെന്റ് ഫ്‌ളാറ്റില്‍ പെണ്‍കുട്ടികളോടൊപ്പം കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ രാത്രി 12.30 ഓടെയാണ് പിടികൂടിയത്. പ്ലസ്ടു മാത്രമുള്ള പ്രതി, ന്യൂറോ സര്‍ജനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. ഉന്നത ബിരുദം നേടിയ പെണ്‍കുട്ടികളെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചു. ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശനകനായ പ്രതി തനിക്ക് ദിവ്യത്വം ഉണ്ടെന്നും കല്‍ക്കിയുടെ അവതാരമാണെന്നും പെണ്‍കുട്ടികളെ വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഒരു പെണ്‍കുട്ടിയെ പ്രതിയുടെ പരിചയക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും പെണ്‍കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഫ്്‌ളാറ്റില്‍ വരുത്തി താമസിപ്പിക്കുകയും ചെയ്തു. സഹോദരന്റെ ഭാര്യക്ക് വിധവായോഗമുണ്ടെന്നും ഭര്‍ത്താവിന് അപമൃത്യു സംഭവിക്കുമെന്നും വിശ്വസിപ്പിച്ച് പൂജക്കായി വന്‍ തുക തട്ടിയെടുത്തു. ഫെബ്രുവരി 28നായിരുന്നു പൂജ. ഹോമത്തിനായി എല്ലാവരെയും തയ്യാറാക്കി ഓരോരുത്തരെയായി കുളിമുറിയിലെത്തിച്ച ശേഷം വിധവാ യോഗമുണ്ടെന്ന് വിശ്വസിപ്പിച്ച യുവതിയെ ഇയാള്‍ കുളിമുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരം ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. സ്വദേശമായ തൃശൂരില്‍ ഭാര്യയുള്ളപ്പോള്‍ തന്നെ ഇടുക്കി സ്വദേശിനിയെ കബളിപ്പിച്ച് വിവാഹം ചെയ്ത് ഫ്‌ളാറ്റിന് സമീപത്തെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇടുക്കി സ്വദേശിനിയുടെ പരാതി പ്രകാരം ഇയാള്‍ക്കെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്ക് റിയല്‍ എസ്റ്റ്‌റ്റേറ്റ് ബിസിനസ്സാണെന്ന്് വിശ്വാസിപ്പിച്ച് ഇയാള്‍ നിത്യേന ഫ്‌ളാറ്റിലെത്തി പെണ്‍കുട്ടികള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടികളോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്‌കോടി സ്ഥലങ്ങളിലൊക്കെ ഇയാള്‍ കറങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് ഡമ്മി പിസ്റ്റള്‍, ഇരുതല മൂര്‍ച്ചയുള്ള കത്തി, നെഞ്ചക്, ലാപ് ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, പൂജാസാമഗ്രികള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ പേരാമംഗലം, വാടാനപ്പള്ളി സ്‌റ്റേഷനുകളില്‍ വിസ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ട്. സിഐ പി.കെ. രാധാമണി, എസ്‌ഐ തൃദീപ് ചന്ദ്രന്‍, എഎസ്‌ഐ എസ്. സജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ട് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിളിച്ച് വരുത്തി അവര്‍ക്കൊപ്പം പറഞ്ഞു വിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.