ജാതീയത അവസാനിപ്പിക്കണം: ആര്‍എസ്എസ്

Monday 12 June 2017 6:28 am IST

ആര്‍എസ്എസ് അഖില ഭാരത പ്രതിനിധിസഭയില്‍ മാതാ അമൃതാനന്ദമയിദേവി പ്രഭാഷണം നടത്തുന്നു. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി സമീപം

കോയമ്പത്തൂര്‍:ജാതീയതയും തൊട്ടുകൂടായ്മയും അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്. എല്ലാവര്‍ക്കും തുല്യത എന്ന ഭരണഘടനാതത്വം നടപ്പാകണമെങ്കില്‍ ജാതീയത അവസാനിക്കണം. അഖില ഭാരത പ്രതിനിധി സഭ ഇക്കാര്യം ചര്‍ച്ച ചെയ്തതായും ജാതീയതക്കെതിരെ ശക്തമായ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതായും സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം. കുളങ്ങളും കിണറുകളും ഉപയോഗിക്കുന്നതിന് ചിലയിടങ്ങളിലുള്ള ജാതി വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ശ്മശാന സൗകര്യങ്ങളുണ്ടാകണം. അടുത്ത തലമുറയുടെ ജീവിതത്തില്‍ ജാതിക്കും തൊട്ടുകൂടായ്മക്കും ഇടമുണ്ടാകരുതെന്നും ദത്താത്രേയ പറഞ്ഞു.

കേരളത്തില്‍ ആര്‍എസ്എസ് ശാഖകള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോവില്ല. വ്യായാമവും യോഗയും ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ആര്‍ക്കാണ് കഴിയുക. അത്തരം നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധവും ജനതാത്പര്യത്തിന് എതിരുമാണ്. അങ്ങനെയൊരു നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

പശ്ചിമ ബംഗാളില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും പിന്നില്‍ ജിഹാദി ഭീകര സംഘടനകളാണ്. ബംഗാളില്‍ ഹിന്ദു സമൂഹം അരക്ഷിതാവസ്ഥയിലാണ്.
രാജ്യത്ത് സംഘപ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചതായി ദത്താത്രേയ പറഞ്ഞു. ഏഴു വര്‍ഷത്തിനുള്ളില്‍ 16,000 സേവാ സംരംഭങ്ങള്‍ ആരംഭിച്ചു. ഒന്നരലക്ഷത്തോളം സേവാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഗ്രാമീണ വികസനം, ഗോ പരിപാലനം, കുടുംബ മൂല്യബോധനം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ തീരുമാനമെടുത്തു. മാതൃകാ കുടുംബ ജീവിതത്തിന്റെ പ്രസക്തിയും പ്രാധാന്യവും സംബന്ധിച്ച് പ്രബോധന പരിപാടികള്‍ സംഘടിപ്പിക്കും.

അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ, ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. വന്യരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി എട്ടിമട അമൃത വിശ്വവിദ്യാലയത്തില്‍ നടന്ന പ്രതിനിധി സഭ ഇന്നലെ സമാപിച്ചു.

ദേശീയത സനാതന ധര്‍മ്മം തന്നെ: അമ്മ

ഭാരതത്തെ ശക്തിപ്പെടുത്താന്‍ സമര്‍പ്പണ ബുദ്ധിയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് മാതാ അമൃതാനന്ദമയി. പ്രതിനിധിസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമ്മ.

സനാതനധര്‍മ്മം തന്നെയാണ് ഭാരതത്തിന്റെ ദേശീയത. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളിലെ പാരമ്പര്യത്തെ മറന്നതും ആത്മീയതയില്‍ നിന്ന് വ്യതിചലിച്ചതുമാണ് ഭാരതത്തിന്റെ അധോഗതിക്ക് കാരണം.

ഭാരതത്തെ ലോകഗുരു സ്ഥാനത്തെത്തിക്കാന്‍ നിസ്വാര്‍ത്ഥബുദ്ധിയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്, അമ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.