പഴശ്ശി പദ്ധതി കനാല്‍ പരിസര മാലിന്യമുക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Wednesday 22 March 2017 12:44 am IST

കണ്ണൂര്‍: പഴശ്ശി പദ്ധതി കനാല്‍ പരിസരം മാലിന്യമുക്തമാക്കുന്നതിന് 2016-17 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കണ്ണൂര്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പുഴാതി ഗ്രാമപഞ്ചായത്ത് 2013 ല്‍ സ്ഥാപിച്ച പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍ പേഴ്‌സണ്‍ പി.മോഹനദാസ് ഉത്തരവിട്ടു. നിര്‍ദ്ദേശങ്ങളില്‍ മേല്‍ നടപടി സ്വീകരിച്ചശേഷം കണ്ണൂര്‍ നഗരസഭ സെക്രട്ടറി രണ്ട് മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പഴശ്ശി കനാല്‍ പ്രദേശത്ത് അറവുമാലിന്യങ്ങളും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും നിക്ഷേപിക്കുന്നത് കാരണം സമാധാന ജീവിതം തടസ്സപ്പെടുന്നു എന്നാരോപിച്ച് കക്കാട് സ്വദേശി വി. അന്‍വര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നഗരസഭ, ജലസേചന വകുപ്പ് എന്നിവയില്‍ നിന്നും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് പദ്ധതി പ്രാവര്‍ത്തികമാകാത്തതു കാരണം ടൗണിലുണ്ടാകുന്ന മലിന്യങ്ങളും പ്ലാസ്റ്റിക്കും കനാലുകളില്‍ നിക്ഷേപിക്കുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കനാലുകളുടെ ഉടമസ്ഥാവകാശം ഇറിഗേഷന്‍ വകുപ്പിനാണ്. മാലിന്യം കാരണം അലഞ്ഞുതിരിയുന്ന തെരുവു പട്ടികളെ നിയന്ത്രിക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും നഗരസഭ അറിയിച്ചു. കനാല്‍ കാടുമൂടിയ അവസ്ഥയിലായതിനാല്‍ മാലിന്യം തള്ളുന്നത് പതിവാണെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. കാടുമൂടി കിടക്കുന്ന കനാലുകള്‍ വൃത്തിയാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.