ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

Wednesday 22 March 2017 8:52 pm IST

പത്തനംതിട്ട: ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. കുടിവെള്ള വിതരണം, ആരോഗ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് പദ്ധതികള്‍, കാര്‍ഷിക മേഖല എന്നിവയ്ക്കു പ്രധാന്യം നല്‍കി 274,90,91,000 രൂപ വരവും 272,05,00,000 രൂപ ചെലവും 2,85,91,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരാണ് ഇന്നലെ അവതരിപ്പിച്ചത്. പട്ടികജാതിക്കാരായ ഏകദേശം 100 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പന്തളത്ത് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പട്ടികജാതി വിഭാഗത്തിനായി വാങ്ങിയിട്ടുള്ള 50സെന്റു സ്ഥലത്താണ് മണ്ണു പരിശോധന നടത്തിയശേഷം ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നത്. ഒരു കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. കാര്‍ഷികമേഖലയുടെ വികസനത്തിനായി ആറുകോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനും കര്‍ഷകരെ ഈ മേഖലയില്‍ നിലനിര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 കോടി രൂപയുടെ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ ജൈവപച്ചക്കറിയുടെ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കുന്ന പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നു. ജാതി, മാംഗോസ്തി, വാഴ, കുരുമുളക്, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ പ്രോത്സാഹനത്തിനായി 2.75 കോടി രൂപയാണ് ബജറ്റു വിഹിതം.പുല്ലാട്, അടൂര്‍ ഗവണ്‍മെന്റ് സീഡ്ഫാമുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 50ലക്ഷം രൂപയും വിനിയോഗിക്കും. ഉള്‍നാടന്‍ മത്സ്യകൃഷി പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷവും നീക്കിവച്ചു. ജില്ലാ പഞ്ചായത്തിനു കീഴിലെ റോഡുകളുടെ നവീകരണത്തിനും പശ്ചാത്തല മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുമായി 59 കോടി രൂപയാണ് ബജറ്റു വിഹിതം. ജില്ലാ പഞ്ചായത്ത് ഓഫീസിനു ലിഫ്റ്റ് സ്ഥാപിക്കാനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു കോടി രൂപയും നീക്കിവച്ചു. കന്നുകാലി ക്ഷീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും തെരുവുനായ വന്ധ്യംകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി 50 ലക്ഷം രൂപ വിനിയോഗിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ബജറ്റ്ചര്‍ച്ചകള്‍ക്കുശേഷം അംഗീകരിച്ചു. എന്നാല്‍ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.ബജറ്റ് തുകയുടെ അഞ്ച് ശതമാനം തുക മിച്ചമായി കാണണമെന്നും ഇത്പാലിക്കാത്തതിനാല്‍ ബജറ്റ് നിയമവിരുദ്ധമാണെന്നും പറഞ്ഞാണ് പ്രതിപക്ഷം ഇറങ്ങിപോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.