പനി പടരുന്നു ; തടയാന്‍ ദ്രുതകര്‍മ്മ സേന

Thursday 7 June 2012 10:24 pm IST

തിരുവനന്തപുരം : കാലവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത്‌ പനി വ്യാപകമായി. നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാത്തതിനാല്‍ പനി കൂടുതല്‍ വ്യാപകമാകുമെന്ന ഭീതിയിലാണ്‌ ആരോഗ്യമേഖല. ചവര്‍ സംസ്കരണത്തിനുള്ള ബുദ്ധിമുട്ടും പ്രതിരോധ മരുന്നുകളുടെ കുറവുമാണ്‌ പനി പടരാന്‍ കാരണം. അടിയന്തര സാഹചര്യം കണക്കിലെടുത്ത്‌ ഇന്നലെ ആരോഗ്യരംഗത്തെ ഉന്നതരുടെ യോഗം മന്ത്രി വി.എസ്‌. ശിവകുമാര്‍ വിളിച്ചുകൂട്ടി. പനി പടരുന്നത്‌ തടയാന്‍ സംസ്ഥാനത്ത്‌ ദ്രുതകര്‍മ്മ സേന രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
അഞ്ച്‌ മാസത്തിനിടെ സംസ്ഥാനത്ത്‌ ആകെ 6 ലക്ഷത്തോളം പേര്‍ക്ക്‌ പനി ബാധിച്ചതായി യോഗത്തിനുശേഷം മന്ത്രി അറിയിച്ചു. 800 പേര്‍ക്ക്‌ ഡങ്കിപ്പനി ബാധിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 500 പേര്‍ ഡങ്കിപ്പനി ബാധിതരാണ്‌. 200 പേര്‍ക്ക്‌ എലിപ്പനി ബാധിച്ചെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മാലിന്യനീക്കം നിലച്ച സാഹചര്യത്തിലാണ്‌ ഇത്രയും പനിക്കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂട്ടിയിട്ടുണ്ട്‌.
മഴക്കാലത്തിനു മുന്‍പ്‌ ഓരോ ജില്ലകളിലും ബ്ലോക്കടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നായിരുന്നു പറഞ്ഞിരുന്നു. എന്നാല്‍ അവ കാര്യക്ഷമമല്ലെന്നു ഫലം വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളാണ്‌ കൂടുതല്‍ പകര്‍ച്ചവ്യാധി ഭീഷണി. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാളിയ പ്രദേശങ്ങളാണ്‌ ഇവയിലേറെയും. ഓടകളും തോടും നിറഞ്ഞു കവിഞ്ഞു വീടുകളിലും പരിസര പ്രദേശങ്ങളിലും പരന്നൊഴുകിയത്‌ വന്‍ ആരോഗ്യപ്രശ്നമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശ മേഖലകള്‍ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണ്‌. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കുട്ടനാട്‌, ആമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളില്‍ രോഗം വീണ്ടും പടര്‍ന്നു പിടിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്‌.
കോഴിക്കോട്‌, എറണാകുളം ജില്ലകളിലും പകര്‍ച്ചപ്പനി വ്യാപകമാകുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. മുന്‍കാലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതിനെ തുടര്‍ന്നാണ്‌ എച്ച്‌ 1 എന്‍ 1 , ഡങ്കിപ്പനി ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ അനിയന്ത്രിതമായി പടര്‍ന്നു പിടിച്ചത്‌.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഇന്നലത്തെ ഉന്നതതല യോഗത്തില്‍ തീരുമാനമായി. താലൂക്ക്‌ - ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പനി ബാധിച്ചെത്തുന്നവരെ ചികിത്സിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എല്ലാ താലൂക്ക്‌ ആശുപത്രികളിലും രക്തപരിശോധനാ സൗകര്യം ലഭ്യമാക്കും. ജില്ലാ ആശുപത്രികളില്‍ ഫീവര്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. പനി പരത്തുന്നതില്‍ മുഖ്യ പങ്ക്‌ കൊതുകുകള്‍ക്കായതിനാല്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക്‌ കൊതുകുവലകള്‍ ലഭ്യമാക്കും. മെഡിക്കല്‍ കോളേജുകളില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ വിവിധ വിഭാഗം സ്പെഷ്യലിസ്റ്റ്‌ ഡോക്ടര്‍മാരടങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി മാനേജ്മെന്റ്‌ യൂണിറ്റുകള്‍ സജ്ജമാക്കും.
പകര്‍ച്ചവ്യാധി ബാധിത പ്രദേശങ്ങളില്‍ ബോധവത്ക്കരണം ശക്തമാക്കുന്നതിനായി മെഡിക്കല്‍ കോളേജുകളിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായുള്ള റാപ്പിഡ്‌ റെസ്പോണ്‍സ്‌ ടീമുകള്‍ രൂപവത്ക്കരിക്കും.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ പകര്‍ച്ചവ്യാധികള്‍ മുന്‍ വര്‍ഷങ്ങളിലേതിന്‌ സമാനമാണ്‌. തിരുവനന്തപുരം നഗരത്തിലെ 42 വാര്‍ഡുകളിലാണ്‌ പകര്‍ച്ചവ്യാധികള്‍ കൂടുതലായുള്ളത്‌. ഇവ നിയന്ത്രിക്കുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. നഗരത്തില്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന്‌ മേയറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കൊതുകു നിവാരണത്തിനായി പോലീസ്‌, സ്റ്റുഡന്‍സ്‌ പോലീസ്‌, എന്‍.സി.സി, റസിഡന്റ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍, ആശാ വര്‍ക്കര്‍മാര്‍, നഴ്സിംഗ്‌ വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന സംഘം പകര്‍ച്ചവ്യാധിബാധിത പ്രദേശങ്ങളില്‍ എത്തും.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുക. തമിഴ്‌നാട്ടിലെ തിരുനല്‍വേലി, കന്യാകുമാരി ജില്ലകളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാണ്‌. ഇതേതുടര്‍ന്ന്‌ പാറശ്ശാല മേഖലയിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. ഇവിടങ്ങളിലെ രോഗനിയന്ത്രണത്തിന്‌ തമിഴ്‌നാട്‌ ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്‌ നടത്തിവരുന്നത്‌.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഡി.എം.ഒ മാരുടെ നേതൃത്വത്തില്‍ ഇന്ന്‌ അവലോകന യോഗങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ആരോഗ്യവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍, മെഡിക്കല്‍ സര്‍വ്വീസസ്‌ കോര്‍പ്പറേഷന്‍ എം.ഡി ബിജു പ്രഭാകര്‍, എന്‍.ആര്‍.എച്ച്‌.എം. മിഷന്‍ ഡയറക്ടര്‍ ഡോ. ബീന, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.