നിയമങ്ങള്‍ കാറ്റില്‍പറത്തി അന്യസംസ്ഥാന എഞ്ചി. കോളേജ് ബസ്സുകള്‍

Wednesday 22 March 2017 11:41 pm IST

ശിവാകൈലാസ് വിളപ്പില്‍: അന്യസംസ്ഥാന എഞ്ചിനീയറിംഗ് കോളേജുകളുടെ ബസ്സുകള്‍ കാണുമ്പോള്‍ ജനം പ്രാണഭയത്തോടെ ഓടിമാറുന്നത് പതിവ് കാഴ്ചയാകുന്നു. വഴിമാറിക്കോ, ബ്രേക്കില്ലാത്ത തമിഴന്റെ ബസ്സുവരുന്നുവെന്ന് വഴിയാത്രക്കാരോട് നാട്ടുകാര്‍ വിളിച്ചുപറയുന്നത് നാട്ടിന്‍പുറങ്ങളിലെ പുതിയ ശൈലി. നിയമങ്ങള്‍ കാറ്റില്‍പറത്തി നിരത്ത് കയ്യടക്കി ഇവ തലങ്ങുംവിലങ്ങും പായുമ്പോള്‍ നിയമപാലകര്‍ നോക്കുകുത്തികളാകുന്നു. കാട്ടാക്കട താലൂക്കിലെ വിളപ്പില്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലൂടെയാണ് അന്യസംസ്ഥാന എഞ്ചിനീയറിംഗ് കോളേജുകളുടെ ബസ്സുകള്‍ ഏറ്റവുമധികം മത്സര ഓട്ടം നടത്തുന്നത്. പൊതുവെ വീതികുറഞ്ഞ ഗ്രാമീണ റോഡുകളില്‍ സ്വകാര്യ കോളേജുകളുടെ വോള്‍വോ ബസ്സുകളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ നിരത്തിലൂടെ പോകുന്ന മറ്റ് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഭീതിയിലാഴ്ത്തിയാണ് മരണപാച്ചില്‍ നടത്തുന്നത്. ഫിറ്റ്‌നസും പെര്‍മിറ്റും ഇല്ലാത്ത വാഹനങ്ങളാണ് സ്വകാര്യ കോളേജുകള്‍ക്കുവേണ്ടി ഓടുന്നവയില്‍ ഭൂരിഭാഗവും. പുലര്‍ച്ചെ അഞ്ചിന് കുട്ടികളെ കുത്തിനിറച്ച് ഗ്രാമ പാതകളിലൂടെ കുതിക്കുന്ന ഈ ബസ്സുകള്‍ക്ക് കോളേജ് അധികൃതര്‍ അനുവധിച്ചിരിക്കുന്നത് ചുരുങ്ങിയ സമയമാണ്. സമയം തെറ്റിയാല്‍ ഡ്രൈവറുടെ പണി തെറിക്കും. അതുകൊണ്ടുതന്നെ മാനേജ്‌മെന്റിന്റെ മിടുക്കനായ ഡ്രൈവര്‍ സര്‍ട്ടിഫിക്കേറ്റിന് പൊതുനിരത്ത് മത്സരക്കളമാക്കുകയാണിവര്‍. മൂന്ന് വര്‍ഷം മുന്‍പ് കാട്ടാക്കട കുളത്തുമ്മല്‍ സ്‌കൂളിനു മുന്നില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പിഞ്ചുകുഞ്ഞിനെയും പിതാവിനെയും കുരുതികൊടുത്താണ് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ബസ് അതിന്റെ സംഹാര യാത്ര ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികനെ വിളപ്പില്‍ശാല കുണ്ടാമൂഴിയില്‍ ഇടിച്ചുതെറിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. കൈകാലുകള്‍ക്കും തലയ്ക്കും ഗുരുതര പരിക്കേറ്റ പാറശാല സ്വദേശിയായ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തിന് കാരണമായ തമിഴ്‌നാട്ടിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ബസ് ഇപ്പോള്‍ വിളപ്പില്‍ശാല പോലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ് പെട്രോളിംഗ് ആരംഭിക്കുന്നതിനു മുന്‍പ് അതിര്‍ത്തി കടക്കുന്ന ഇത്തരം ബസ്സുകള്‍ മതിയായ രേഖകളില്ലാതെയാണ് ഓടുന്നത്. മിക്ക ബസ്സുകളിലും ക്ലീനര്‍മാര്‍ ഉണ്ടാകാറില്ല. ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും മലയാളികളായതിനാല്‍ കേരളത്തില്‍ വച്ചുണ്ടാകുന്ന ചെറിയ തട്ടും മുട്ടുമൊക്കെ ഇവര്‍തന്നെ ഒതുക്കുകയാണ് രീതി. അപകടങ്ങളില്‍ കേസ് എടുത്തിട്ടുള്ളത് വളരെ ചുരുക്കം ചിലതിനു മാത്രമാണ്. ഇവിടെയുള്ള കോളേജ് ഉടമയുടെ ഏജന്റുകള്‍ ഇടപെട്ട് നിയമനടപടികളില്‍ പെടാതെ ബസ്സുകളെ ഊരിയെടുക്കുകയാണ് പതിവ്. റോഡിലൂടെ പോകുന്ന ബൈക്ക് യാത്രികന് പിന്നാലെ പാഞ്ഞ് പെറ്റി എഴുതുന്ന നിയമ പാലകര്‍ ഇടയ്ക്ക് ഇത്തരം വലിയ വാഹനങ്ങളെ പരിശോധനകള്‍ക്ക് വിധേയമാക്കാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.