523 .34 കോടി വരവും 496.23 കോടി ചെലവും;പുതിയ പദ്ധതികളില്ല: പതിവ് പ്രഖ്യാപനങ്ങളുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ്

Thursday 23 March 2017 12:59 am IST

കണ്ണൂര്‍: പതിവ് പ്രഖ്യാപനങ്ങളുമായി കണ്ണൂര്‍ കോര്‍പ്പറേഷന്റെ 2017-18 വര്‍ഷത്തെ ബജറ്റ്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂര്‍ നഗരസഭ ഭരിച്ച യുഡിഎഫും കഴിഞ്ഞ ഒരു വര്‍ഷമായി ഭരിച്ച എല്‍ഡിഎഫും പോയ വര്‍ഷങ്ങളില്‍ നടത്തിയ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ച മാത്രമായി ഇന്നലെ അവതരിപ്പിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്റെ ബജറ്റ്. പുതുതായി ജനോപകാരപ്രദമായ ഒരു പ്രഖ്യാപനവും ഇക്കുറിയും ബജറ്റിലില്ല. 523,33,51,755 കോടി രൂപ വരവും 496,22,66,000 കോടി രൂപ ചെലവും 27,10,85755 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള മിഷന്‍ ഉള്‍പ്പെടെയുളള ചില പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മാത്രമാണ് ബജറ്റ് എടുത്തു പറയുന്നത്. കോര്‍പ്പറേഷന്റേതായ പുതിയ പദ്ധതികള്‍ നാമമാത്രമാണ്. ക്ലീന്‍ കണ്ണൂര്‍-സ്മാര്‍ട്ട് കണ്ണൂര്‍ പദ്ധതി കേരള മിഷന്റെ ഭാഗമായി ശുചിത്വവും ജലസംരക്ഷണവും ഉറപ്പുവരുത്തി നടപ്പിലാക്കും. കൂടാതെ ഉറവിട മാലിന്യ സംസ്‌കരണം എന്ന ലക്ഷ്യത്തിനു വേണ്ടി ബയോഗ്യാസ് പ്ലാന്റ്, പോര്‍ട്ടബിള്‍ കിച്ചന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ 3 കോടിയും കുടിവെളള സ്രോതസ്സുകള്‍, കുളങ്ങള്‍, നീരുറവകള്‍ എന്നിവ സംരക്ഷിക്കുന്നതിന് 3 കോടി 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. പ്ലാസ്റ്റിക് രഹിത നഗരം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വീടുകളില്‍ ഒരു തുണിസഞ്ചിവീതം എത്തിക്കുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രചാരണ പ്രവര്‍ത്തനം നടത്തുന്നതിന് 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. സ്റ്റേഡിയം കോര്‍ണ്ണറില്‍ നിര്‍മ്മിച്ച ശുചിമുറി ഇതുവരെ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കാത്ത കോര്‍പ്പറേഷന്‍ അധികൃതര്‍ പുതിയ ബജറ്റില്‍ വെളിയിട മലമൂത്രവിസര്‍ജ്ജനം ഇല്ലെന്ന് ഉറപ്പു വരുത്തുമെന്ന് വ്യക്തമാക്കുന്നു. ശുചിമുറി നിര്‍മ്മിക്കുന്നതിനായി 40 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. വിഷരഹിത ഭക്ഷ്യോല്‍പ്പാദനം ലക്ഷ്യമാക്കി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 35 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുളളത്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് (അടല്‍ മിഷന്‍ ഫോര്‍ റജുനേഷന്‍ ആന്റ് അര്‍ബ്ബന്‍ ട്രോന്‍സ്‌ഫോര്‍മേഷന്‍) പദ്ധതി പ്രകാരം 225.7 കോടി രൂപ കോര്‍പ്പറേഷന് ലഭിക്കുമെന്നും ബജറ്റ് പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി കണ്ണൂരിലെത്തുന്ന വനിതകള്‍ക്ക് വിശ്രമിക്കുന്നതിനും അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനും ശുചിമുറി ഉപയോഗിക്കുന്നതിനും ഷീ വിശ്രമ് എന്ന പേരില്‍ വിശ്രമ കേന്ദ്രം നിര്‍മ്മിക്കാന്‍ ബജറ്റില്‍ 15 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. കോണ്‍ഫിഡന്റ് വുമണ്‍ എന്ന പേരില്‍ ഒരു കായിക വിദ്യാഭ്യാസ പദ്ധതി നടപ്പാലാക്കാനും തുക വകയിരുത്തിയിട്ടുണ്ട്. പതിവുപോലെ ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനായി പഠനത്തിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി കോടി രൂപ ബജറ്റില്‍ വിലയിരുത്തിയിട്ടുണ്ട്. ഫ്‌ളൈഓവര്‍ എന്ന നഗരസഭാ-കോര്‍പ്പറേഷന്‍ ബജറ്റുകളില്‍ ജനങ്ങള്‍ കാലങ്ങളായി കേട്ടു വരികയാണ്. പ്രസ്‌ക്ലബ് റോഡ് സൗന്ദര്യവല്‍ക്കരണം, കേബിള്‍ ട്രഞ്ച്, ചെമ്പോട്ടികുണ്ട് ശ്മശാനത്തിന് ചുറ്റുമതില്‍, ഹെല്‍ത്ത് വിഭാഗം ഓഫീസ് കെട്ടിടം എന്നിവ നിര്‍മ്മിക്കുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു. നടാല്‍-കുറ്റിക്കകം പാലം, പയ്യാമ്പലം പഞ്ഞിക്കയില്‍ പാലം എന്നിവിടങ്ങലില്‍ പുതിയ പാലം നിര്‍മ്മിക്കും. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം, കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കല്‍, പൗരാവകാശ രേഖ പുതുക്കല്‍, മേലെ-ചൊവ്വ മട്ടന്നൂര്‍ റോഡില്‍ മിനി ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കാന്‍ പണം, തെരുവു കച്ചവടക്കാരെ പുനപരധിവസിപ്പിക്കാന്‍ പദ്ധതി, കണ്ണൂര്‍ ദസറ ആഘോഷം, മേയര്‍ ഭവന്‍, താഴെ ചൊവ്വയില്‍ ബസ്സ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റില്‍ ഷോപ്പിംഗ് മാള്‍, തയ്യിലില്‍ മള്‍ട്ടിപ്പര്‍പ്പസ് കോംപ്ലക്‌സ്, പയ്യാമ്പലം തീരദ്ദേശ സൗന്ദര്യവല്‍ക്കരണം തുടങ്ങി വിവിധ പദ്ധതികള്‍ ആരംഭിക്കുെമന്നും തുടങ്ങി വിവിധ പ്രഖ്യാപനങ്ങള്‍ ബജറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഒട്ടുമിക്കതും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും എല്‍ഡിഎഫ് ഭരണസമിതി ഉള്‍പ്പെടുത്തിയിരുന്നു. പയ്യാമ്പലത്ത് ശാന്തിതീരം പദ്ധതി, കണ്ണൂര്‍ നഗരത്തില്‍ ആശ്വാസ് സെന്ററുകള്‍, എന്റെ നഗരം സുന്ദര നഗരം തുടങ്ങി 40 ഓളം പദ്ധതികള്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നും പോലും നടപ്പിലാക്കാന്‍ ഭരണസമിതിക്ക് സാധിച്ചിരുന്നില്ല. പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങളും ജലരേഖയാകുമെന്ന ആശങ്കയിലാണ് ജനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.