മന്ത്രിയുടെ 'സില്‍ബന്ധികള്‍'കോട്ടയത്ത്‌ അഴിഞ്ഞാടുന്നു: എസ്‌ഐയെ മര്‍ദ്ദിച്ചതിന്‌ രണ്ടു നേതാക്കള്‍ക്കെതിരെ കേസ്‌

Sunday 10 July 2011 11:40 pm IST

കോട്ടയം: ഭരണത്തിണ്റ്റെ തണലില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ജില്ലയിലെ നിയമം കയ്യിലെടുക്കുന്നു. ശനിയാഴ്ച രാത്രി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവര്‍ മദ്യപിച്ചാണ്‌ ബസ്‌ ഓടിച്ചത്‌ എന്നാരോപിച്ചുണ്ടായ പ്രശ്നം വഷളാക്കിയത്‌ കോണ്‍ഗ്രസ്‌ നേതാക്കളായിരുന്നു. പ്രശ്നം രമ്യതയില്‍ തീര്‍ക്കാന്‍ ബസ്‌ യാത്രക്കാരനായ ക്രൈംബ്രാഞ്ച്‌ എസ്‌ഐ പ്രേമചന്ദ്രന്‍ ശ്രമിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ്‌ നേതാക്കളായ കുഞ്ഞ്‌ ഇല്ലംപള്ളിയും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ജെ.ജെ.പാലക്കലോടിയും ചേര്‍ന്ന്‌ എസ്‌ഐ യെ മര്‍ദ്ദിക്കുകയായിരുന്നു. ജില്ലയിലെ ഒരു മന്ത്രിയുടെ മറവില്‍ കോട്ടയം നഗരത്തില്‍ അഴിഞ്ഞാടുന്ന നേതാക്കളെ നാട്ടുകാര്‍ 'മന്ത്രിയുടെ സില്‍ബന്ധികള്‍' എന്ന ചെല്ലപ്പേരിട്ടാണ്‌ വിളിക്കുന്നത്‌. ക്രൈംബ്രാഞ്ച്‌ എസ്‌ഐ പ്രേമചന്ദ്രന്‍ മദ്യപിച്ചിരുന്നു എന്ന ആരോപണമുന്നയിച്ച്‌ മന്ത്രിയുടെ സില്‍ബന്ധികളായ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇദ്ദേഹത്തെ മര്‍ദ്ദിക്കുമ്പോള്‍ കൂട്ടിനായി കോട്ടയം നഗരത്തിലെ മാഫിയാ സംഘങ്ങളും ഗുണ്ടകളും ഉണ്ടായിരുന്നു. നിയമം കയ്യിലെടുത്ത്‌ പോലീസ്‌ ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച കോണ്‍ഗ്രസ്‌ നേതാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ്‌ ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്‌. ഈ മര്‍ദ്ദന വീരന്‍മാരായ നേതാക്കള്‍ക്ക്‌ പോലീസ്‌ സല്യൂട്ട്‌ ചെയ്യേണ്ട ഗതികേടിലാണെന്നാണ്‌ സംസാരം. ക്രൈംബ്രാഞ്ച്‌ എസ്‌ഐയെ രക്ഷിക്കാനെത്തിയ സിഐക്കും പോലീസുകാര്‍ക്കും നേതാക്കന്‍മാരുടെയും കൂട്ടാളികളുടെയും അസഭ്യവര്‍ഷം കേള്‍ക്കേണ്ടിവന്നു. ക്രൈംബ്രാഞ്ച്‌ എസ്‌ഐയെ ഒരുവിധത്തില്‍ രക്ഷിച്ച്‌ പോലീസ്‌ ജീപ്പില്‍ കയറ്റിയെങ്കിലും കോണ്‍ഗ്രസ്‌ നേതാക്കന്‍മാരായ കുഞ്ഞ്‌ ഇല്ലമ്പള്ളിയും പാലക്കലോടിയും എസ്‌ഐ പ്രേമചന്ദ്രനെ ജീപ്പില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ചു. പോലീസ്‌ ജീപ്പിണ്റ്റെ താക്കോലും ഇവരുടെ കൂട്ടാളികള്‍ എടുത്തുമാറ്റി. മുഖ്യണ്റ്റെ ബന്ധുവായ കോണ്‍ഗ്രസ്‌ നേതാവും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പാലോടിയും റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ തണലിലാണ്‌ കോട്ടയത്ത്‌ 'ഭരണം' നടത്തുന്നതെന്നാണ്‌ പൊതുജനങ്ങളുടെ അഭിപ്രായം. മദ്യപിച്ചെത്തുന്ന കാര്യം പറഞ്ഞാണ്‌ കെഎസ്‌ആര്‍ടിസി ഡ്രൈവറെയും, പ്രശ്നം രമ്യതയില്‍ പരിഹരിക്കാന്‍ ഒരുങ്ങിയ ക്രൈംബ്രാഞ്ച്‌ എസ്‌ഐ പ്രേമചന്ദ്രനെയും കോണ്‍ഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്‌. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. തന്നെ ക്രൂരമായി മര്‍ദ്ദിച്ച കോണ്‍ഗ്രസ്‌ നേതാക്കളായ കുഞ്ഞ്‌ ഇല്ലംപള്ളിക്കും, പാലക്കലോടിക്കുമെതിരായി ക്രൈംബ്രാഞ്ച്‌ എസ്‌ഐ പ്രേമചന്ദ്രന്‍ വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌. നേതാക്കളുടെ മദ്യമിറങ്ങിയതോടെ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ ക്രൈംബ്രാഞ്ച്‌ എസ്‌ഐ യുടെ അടുത്തെത്തിയതായാണ്‌ അറിവ്‌. മദ്യപിച്ചിട്ടില്ലെന്ന്‌ തെളിഞ്ഞതിനെത്തുടര്‍ന്ന്‌ അശ്രദ്ധമായി വാഹനമോടിച്ചതിനാണ്‌ കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌. മര്‍ദ്ദനമേറ്റ്‌ ക്രൈംബ്രാഞ്ച്‌ എസ്‌ഐ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌.