അയോധ്യക്കേസ് രണ്ടാഴ്ച്ചത്തേക്ക് മാറ്റി

Sunday 11 June 2017 9:24 pm IST

ന്യൂദല്‍ഹി: അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്ന സംഭവത്തില്‍ എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഡാലോചനാ കുറ്റം പുനസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിങ്ങ് തുടങ്ങിയവരോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. നേരത്തെ റായ്ബറേലി കോടതിയും അലഹബാദ് ഹൈക്കോടതിയും ഇവര്‍ക്കെതിരായ ഗൂഡാലോചനാക്കുറ്റം റദ്ദാക്കിയിരുന്നു. ഇതിനെതിരെ സിബിഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അദ്വാനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന്റെ അസൗകര്യത്തെ തുടര്‍ന്നാണ് വാദം മാറ്റിയത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളോടും ഏപ്രില്‍ ആറിന് മുന്‍പ് വാദങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പി.സി. ഘോഷ്, ആര്‍.എസ്. നരിമാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ഗൂഡാലോചനാ കുറ്റം ഒഴിവാക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഗൂഡാലോചനാക്കുറ്റം പുനസ്ഥാപിക്കുകയാണെങ്കില്‍ കീഴ്‌ക്കോടതികളില്‍ വിസ്തരിച്ച 183 സാക്ഷികളെ വീണ്ടും വിളിക്കേണ്ടി വരുമെന്ന് അദ്വാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.