അജ്ഞാതര്‍ ബൈക്കും കാറും തീവച്ച് നശിപ്പിച്ചു

Thursday 23 March 2017 3:38 pm IST

കൊട്ടാരക്കര: കിഴക്കെ മാറനാട്ട് വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കാറും അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു. ബൈക്ക് പൂര്‍ണ്ണമായും കാര്‍ ഭാഗികമായും കത്തിനശിച്ചു. കിഴക്കെ മാറനാട് ശരത് ഭവനത്തില്‍ ശശിധരന്‍പിള്ളയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിച്ചത്. ബുധനാഴ്ച വെളുപ്പിന് രണ്ടിനോടെയായിരുന്നു സംഭവം. ബൈക്കിന്റെ പെട്രോള്‍ടാങ്ക് പൊട്ടിത്തെറിക്കുന്ന വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. കത്തിയ ബൈക്കില്‍ നിന്നും സമീപത്തുള്ള മാരുതി കാറിലേക്കും തീ പടരുന്ന കാഴ്ചയാണ് കണ്ടത്. ഓടിയെത്തിയവര്‍ ബക്കറ്റുകളിലും കലങ്ങളിലും ശേഖരിച്ചുവച്ചിരുന്ന വെള്ളം ഒഴിച്ച് തീ കെടുത്തി. ശബ്ദംകേട്ട് അയല്‍വാസികളും വെള്ളവുമായി എത്തി തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതുകൊണ്ട് കാറിന്റെ പിറകുവശം മാത്രമെ കത്തിയുള്ളു. ഈ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതുകൊണ്ട് പൈപ്പ് വഴിയുള്ള വെള്ളം എല്ലാവരും ശേഖരിച്ചുവച്ചിരുന്നത് തീ അണക്കാന്‍ എളുപ്പമായി. ശശിധരന്‍പിള്ളയുടെ മകന്‍ അതുല്‍കൃഷ്ണന്റേതാണ് ബൈക്ക്. മുന്‍പും രണ്ട് തവണ പെട്രോള്‍ ടാങ്കില്‍ മണ്ണുവാരിയിട്ട് ബൈക്ക് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നില്ലായിരുന്നുവെങ്കില്‍ വീടിന് തീപിടിച്ച് കൂടുതല്‍ നാശനഷ്ടവും ആളപായവുമുണ്ടായിരുന്നു. എഴുകോണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബൈജു ചെറുപൊയ്ക എന്നിവര്‍ വീട് സന്ദര്‍ശിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജി.ഗോപിനാഥ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.