നേരിയ നേട്ടം

Sunday 10 July 2011 11:41 pm IST

ആറുദിവസം തുടര്‍ച്ചയായി കുതിപ്പിലൂടെ മുന്നോട്ടുനീങ്ങിയ വിപണി മുന്‍വാരാവസാനത്തിലെ അവസാനദിവസമായ ഒന്നാം തീയതി കൂപ്പുകുത്തി നിലംപതിച്ചുവെങ്കിലും ഇക്കഴിഞ്ഞവാരം വ്യാപാരാരംഭദിനത്തില്‍ വിപണി പഞ്ചസാരയില്‍ പൊതിഞ്ഞ മധുരം കാഴ്‌വച്ചു. പഞ്ചസാരമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം എടത്തുകളയുമെന്ന അഭ്യൂഹം പഞ്ചസാര ഉല്‍പ്പാദകസ്ഥാപനങ്ങളുടെ ഓഹരി വിലകള്‍ വര്‍ദ്ധിപ്പിച്ചു. അതോടുകൂടി പഞ്ചസാരയുടെ വില നിര്‍ണ്ണയിക്കുന്നതിനുള്ള അധികാരം പഞ്ചസാര ഉല്‍പ്പാദക വിപണന സ്ഥാപനങ്ങളുടെ പക്കല്‍ എത്തിച്ചേരുമെന്നതായിരുന്നു വിപണിയുടെ 19000 പോയിന്റ്‌ മുകളിലുള്ള മുന്നേറ്റത്തിന്റെ പ്രധാന കാരണം. ആ നിലയില്‍ വില്‍പന സമ്മര്‍ദ്ദം അധികരിച്ചത്‌ പിന്നീട്‌ വിപണിയെ നേരിയതോതില്‍ മാത്രം ഉയരത്തില്‍ എത്തിക്കുകയും ചെയ്തു. 18896.24 ല്‍ ആരംഭിച്ച സെന്‍സെക്സ്‌ പ്രസ്തുത വാര്‍ത്ത വന്നതിനെ തുടര്‍ന്ന്‌ 18942.42 വരെ ഉയര്‍ന്നിരുന്നു. ശ്രീരേണുക ഷുഗേഴ്സ്‌, ബല്‍റാംപൂര്‍ ചീനി മില്‍സ്‌, ബജാജ്‌ ഹിന്ദുസ്ഥാന്‍, സിംഭൗളി ഷുഗേഴ്സ്‌, ബെന്നാരി അമ്മന്‍ ഷുഗേഴ്സ്‌, ഔധ്‌ ഷുഗര്‍മില്‍സ്‌ തുടങ്ങിയവരുടെ ഓഹരി വിലകളാണ്‌ കുത്തനെ ഉയര്‍ന്നത്‌. ഡിഎല്‍എഫ്‌ ഓഹരികളും മുന്നേറ്റത്തില്‍ ആയിരുന്നു. വില്‍പന സമ്മര്‍ദ്ദം അനുഭവപ്പെട്ടതോടുകൂടി ഓഹരിവിലകള്‍ താഴ്‌ന്ന്‌ സെന്‍സെസ്‌ 18814.48 ല്‍ ക്ലോസ്‌ ചെയ്തു. നേട്ടം 51.68 പോയിന്റ്‌. 5679.55 ല്‍ ആരംഭിച്ച നിഫ്റ്റി 23.30 പോയിന്റ്‌ ഉയര്‍ന്ന്‌ 5650.50 ല്‍ ക്ലോസ്‌ ചെയ്തു. 5-ാ‍ം തീയതി റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌, ഭെല്‍ ഓഹരി വിലകള്‍ ഇടിഞ്ഞു. ഇത്‌ അഭ്യന്തരവിപണിയില്‍ ഇടിവ്‌ സൃഷ്ടിച്ചു. രണ്ടര ശതമാനത്തിലേറെയാണ്‌ റിലയന്‍സ്‌ ഓഹരികള്‍ക്കുണ്ടായ ക്ഷതം. ഭെല്ലിന്‌ നാലരശതമാനം. ഖാനന ചെലവ്‌ പെരുപ്പിച്ചു കാണിക്കുക തുടങ്ങിയ നടപടികള്‍ പെട്രോളിയം കമ്പനികളുടെ അണിയറയില്‍ നടക്കുന്ന രഹസ്യകാര്യങ്ങളാണ്‌. അത്തരമൊരു സംഭവം കണ്ടുപിടിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം നേരിടുകയാണ്‌ ഹൈഡ്രോകാര്‍ബണ്‍ മുന്‍ ഡയറക്ടര്‍. റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ഓഹരികളുടെ വിലയിടിയുവാന്‍ പ്രധാന കാരണം അതാണ്‌. 18837.88 ല്‍ ആണ്‌ 5-ാ‍ം സെന്‍സെക്സ്‌ ആരംഭിച്ചത്‌. 69.92 പോയിന്റ്‌ താഴ്‌ന്ന്‌ 18744.56 ല്‍ ആണ്‌ ക്ലോസ്‌ ചെയ്തത്‌. 5659.85 ല്‍ ആരംഭിച്ച നിഫ്റ്റി 18.40 പോയിന്ത്താഴ്‌ന്ന്‌ 5632.10 ല്‍ ക്ലോസ്‌ ചെയ്തു. എസ്ബിഐ, ഇന്‍ഫോസിസ്‌, മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്‌, വിപ്രോ ഓഹരികള്‍ക്കുണ്ടായ ഡിമാന്റ്‌ ആണ്‌ അന്ന്‌ വിപണിയില്‍ നഷ്ടം ഒഴിവാക്കിയത്‌. ക്രൂഡോയില്‍ വില വീണ്ടും രണ്ടു ശതമാനം വര്‍ദ്ധിച്ചു. ഇത്‌ വിമാനകമ്പനി ഓഹരിവിലകള്‍താഴ്ത്തി. ഇന്ധനത്തിന്‌ വേണ്ടിവരുന്ന ചെലവാണ്‌ വിമാനകമ്പനികളുടെ ചിലവിനങ്ങളില്‍ അന്‍പത്‌ ശതമാനവും കയ്യടക്കുന്നത്‌. അതിനാല്‍ ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവ്‌ കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കും. കമ്പനികളുടെ പ്രഥമപാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. അതിനാല്‍ മുഖ്യ ഓഹരികള്‍ കൈവിട്ടു കളയുന്നതിലാണ്‌ നിക്ഷേപകര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്‌. പലിശ നിരക്കുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന ധാരണ പരന്നതുമൂലം അവര്‍ ചെറുകിട ഓഹരികളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. കമ്പോളത്തിലെ ഈ വൈജാത്യം 6-ാ‍ം തീയതി ഓഹരിവിലകള്‍ നേരിയതോതില്‍ ഇടിച്ചു. 18730.29 ല്‍ ആണ്‌ അന്ന്‌ സെന്‍സെസ്‌ ആരംഭിച്ചത്‌. 17.59 പോയിന്റ്‌ നഷ്ടത്തോടുകൂടി അത്‌ 18726.97 ല്‍ ക്ലോസ്‌ ചെയ്തു. 5622.70 ല്‍ ആരംഭിച്ച നിഫ്റ്റി 6.65 പോയിന്റ്‌ താഴ്‌ന്ന്‌ 5625.45 ല്‍ ക്ലോസ്‌ ചെയ്തു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്‌ ഓഹരിവിലകള്‍ താഴ്‌ന്നു. റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌, എല്‍ആന്റ്ടി ഓഹരികള്‍ മുന്നേറി. ജൂണ്‍ 25 ന്‌ അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യവിലസൂചിക കഴിഞ്ഞ ഏഴാഴ്ചക്കിടയിലെ ഏറ്റവും താഴ്‌ന്ന തലത്തില്‍ 7.61 പോയിന്റില്‍ എത്തി. അതിന്‌ മുന്‍ അവലോകനവാരം അത്‌ 7.78 ശതമാനം ആയിരുന്നു. എഫ്‌എം പ്രക്ഷേപണരംഗത്ത്‌ വിദേശസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം നിലവിലുള്ള 20 ശതമാനത്തില്‍ നിന്ന്‌ 26 ആയി ഉയര്‍ത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ രണ്ടു കാര്യങ്ങളും 7-ാ‍ം തീയതി വിപണിയില്‍ ആരോഗ്യകരമായ ചലനം സൃഷ്ടിച്ചു. രണ്ടു മാസത്തിന്‌ ശേഷം വിപണി നിലവാരം 19000 പോയിന്റിന്‌ മുകളിലെത്തി ക്ലോസ്‌ ചെയ്തു. 18776.42 ല്‍ ആണ്‌ അന്ന്‌ സെന്‍സെക്സ്‌ ആരംഭിച്ചത്‌. അനുകൂലഘടകങ്ങള്‍ ഒത്തിണങ്ങിയതിനെതുടര്‍ന്ന്‌ അത്‌ 351.33 പോയിന്റ്‌ ഉയര്‍ന്ന്‌ 19078.30 ല്‍ ക്ലോസ്‌ ചെയ്തു. 5633.35 ല്‍ ആരംഭിച്ച നിഫ്റ്റി 103.50 പോയിന്റ്‌ നേട്ടത്തോടുകൂടി 5728.95 പോയിന്റില്‍ ക്ലോസ്‌ ചെയ്തു. ആഗോളവിപണികള്‍ പൊതുവേ അന്ന്‌ ഉണര്‍വ്വിന്റെ പാതയില്‍ ആയിരുന്നു. 7-ാ‍ം തീയതി 19000 ന്‌ മുകളില്‍ എത്തിയ സൂചിക 8-ാ‍ം തീയതി നിലംപരിശായി. കനത്ത വില്‍പന സമ്മര്‍ദ്ദമായിരുന്നു കാരണം. 220.26 പോയിന്റ്‌ ആണ്‌ വ്യാപാരാവസാന ദിവസം വിപണിക്കുണ്ടായ നഷ്ടം. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന പുതിയ ഖാനനബില്ലില്‍ പ്രതീക്ഷിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌ വിപണിയുടെ തലയ്ക്കടിച്ചത്‌. 19084.06 ല്‍ ആണ്‌ അന്ന്‌ സെന്‍സെക്സ്‌ ആരംഭിക്കുന്നത്‌. ആദ്യം അത്‌ 19131.70 വരെ ഉയര്‍ന്നിരുന്നു. അതിനുശേഷമാണ്‌ വീഴ്ച ആരംഭിച്ചത്‌. ക്ലോസിംഗ്‌ 18858.04 ല്‍ ആയിരുന്നു. 5734.65 ല്‍ ആരംഭിച്ച നിഫ്റ്റി 68.30 പോയിന്റ്‌ താഴ്‌ന്ന്‌ 5660.65 ല്‍ ക്ലോസ്‌ ചെയ്തു. ഐസിഐസിഐ ബാങ്ക്‌, ഐടിസി, ടിസിഎസ്‌, ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍ ഓഹരിവിലകള്‍ കുറഞ്ഞു. രണ്ടുദിവസം ലാഭത്തിലും മൂന്നു ദിവസം നഷ്ടത്തിലും പ്രവര്‍ത്തിച്ച പോയവാര ഓഹരിവിപണി കൂട്ടിക്കുറക്കലുകള്‍ക്ക്‌ അവസാനം നേരിയ നേട്ടത്തിന്റെ കണക്കാണ്‌ അവതരിപ്പിച്ചത്‌. സെന്‍സെക്സ്‌ 95.24 പോയിന്റും നിഫ്റ്റി 33.45 പോയിന്റും നേട്ടം കഴിഞ്ഞവാരം കാഴ്ചവച്ചു.