ചരിത്ര സ്മൃതിയുണര്‍ത്തി ധര്‍മ്മഗുരുവിന് വരവേല്‍പ്

Sunday 11 June 2017 6:32 pm IST

മട്ടാഞ്ചേരി: ചരിത്ര സ്മൃതിയുണര്‍ത്തി കാശി മഠാധി പതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമിക്ക് ഗോശ്രീപുര നഗരിയില്‍ വരവേല്‍പ്. കോഴിക്കോട് നിന്ന് എത്തിയ സ്വാമിയെ ആനവാതില്‍ക്കലുള്ള കൊട്ടാരകവാടത്തില്‍ നിന്ന് പുഷ്പ പല്ലക്കിലേറ്റി ഘോഷയാത്രയോടെയാണ് എതിരേറ്റത്. വസന്തോത്സവ പൂജയ്ക്കായാണ് ധര്‍മ്മഗുരു കൊച്ചി തിരുമല ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. ഒന്നരമാസത്തെ വൃതാനുഷ്ഠാന ഉത്സവമാണിത്. ഏഴ് പതിറ്റാണ്ടിന് മുമ്പുള്ള ധര്‍മ്മാചാര്യന്മാരുടെ ആഗമന വരവേല്പിനെ അനുസ്മരിച്ചുള്ള ഒരുക്കങ്ങളുമായാണ് ധര്‍മ്മഗുരു കാശിമഠാധിപതി സംയമീന്ദ്രതീര്‍ത്ഥയെ ശിഷ്യ സമൂഹം വരവേറ്റത്. മട്ടാഞ്ചേരിയിലെ രാജകൊട്ടാര കവാടത്തിലെത്തിയ സംയമീന്ദ്രതീര്‍ത്ഥ സ്വാമികളെ കൊച്ചി തിരുമല ദേവസ്വം പ്രസിഡന്റ് കപില്‍ ആര്‍. പൈ ഹരാര്‍പ്പണം നടത്തി. തുടര്‍ന്ന് കാശിമഠം ആരാധ്യദേവതകളെ ഒരു പല്ലക്കിലും ധര്‍മ്മ ഗുരുവിനെ മറ്റൊരു പല്ലക്കിലുമായി ഘോഷയാത്രയോടെ ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. വാദ്യമേളങ്ങള്‍, പൂത്താലം തുടങ്ങിയവ ഘോഷയാത്രയ്ക്ക് പകിട്ടേകി. ക്ഷേത്ര കവാടത്തില്‍ ക്ഷേത്രാചാര്യര്‍ എല്‍. മങ്കേഷ് ഭട്ട്, തന്ത്രി പ്രേം കുമാര്‍ വാധ്യാര്‍ എന്നിവര്‍ പുര്‍ണ്ണ കുംഭം നല്‍കി. തുടര്‍ന്ന് സ്വാമികള്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. ചടങ്ങുകള്‍ക്ക് ദേവസ്വം ഭരണസമിതിയംഗങ്ങളായ എസ്. ദേവാനന്ദ കമ്മത്ത്, വി. ഹരി പൈ, വി. ശിവകുമാര്‍ കമ്മത്ത്, എസ്. ശ്രീധരപൈ, ആര്‍. വെങ്കടേശ്വര പൈ എന്നിവര്‍ നേതൃത്വം നല്‍കി. 28 ന് തുടങ്ങുന്ന വസന്തോത്സവത്തോടനുബന്ധിച്ച് 26ന് സാമഗ്രിക സമര്‍പ്പണം നടക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.